ADVERTISEMENT
ഗുജറാത്ത് ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന്. 19 ജില്ലകളിലായി 89 സീറ്റുകളിലേക്ക് 788 സ്ഥാനാർഥികൾ ജനവിധി തേടും. ബിജെപിയെയും കോൺഗ്രസിനെയും ആം ആദ്മിയെയും സംബന്ധിച്ച് ഏറെ നിർണായകമായ തെരഞ്ഞെടുപ്പാണിത്. ഗുജറാത്ത് ചരിത്രത്തിൽ തന്നെ ഏറെ നിർണായകമായേക്കാവുന്ന തെരഞ്ഞെടുപ്പാണ് ഇക്കുറി നടക്കുന്നത്.
മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറമാണ് ഗുജറാത്ത് മണ്ണ് ത്രികോണ മത്സരത്തിന് സാക്ഷിയാക്കുന്നത്. ആം ആദ്മിയുടെ കടന്നുവരവ് ബിജെപിയെയും കോൺഗ്രസിനെയും ഒരുപോലെ പ്രതിസന്ധിയിലാക്കി. സംസ്ഥാനത്തെ 19 ജില്ലകളിലായി 89 സീറ്റുകളിലേക്ക് 788 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ബിജെപിയുടെ ഭരണത്തിനും,കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തനത്തിനും, ആംആദ്മിയുടെ കടന്നുവരവിനും ജനമിന്ന് ചൂണ്ടു വിരലിൽ മറുപടി നൽകും.
2017ലെ തിരഞ്ഞെടുപ്പിൽ 89 സീറ്റിലേക്ക് നടന്ന മത്സരത്തിൽ ബിജെപി 48 സീറ്റുകൾ നേടിയപ്പോൾ 40 സീറ്റുമായി കോൺഗ്രസ് പിന്തുടർന്നു. പൊതുവേ കോൺഗ്രസിനു വേരോട്ടമുള്ള മേഖലകളാണ് ആദ്യഘട്ടത്തിൽ പെടുന്നത്.മോർബി ദുരന്തം, ജി എസ് ടി, കാർഷിക പ്രശ്നങ്ങൾ, തൊഴിലില്ലായ്മ, പെൻഷൻ പദ്ധതി എന്നിവ ഉയർത്തി ഇത്തവണ പതിവിലേറെ ഭരണ വിരുദ്ധ വികാരം ഇളക്കി വിടാൻ കോൺഗ്രസിനും ആം ആദ്മി പാർട്ടിക്കും കഴിഞ്ഞിട്ടുണ്ട്.
ബിജെപിക്ക് ഇത് മറികടക്കാനായാലെ വീണ്ടുമൊരു തുടർ ഭരണം ഉറപ്പിക്കാൻ കഴിയൂ. അതേസമയം വോട്ടെടുപ്പിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ഗുജറാത്ത് ചീഫ് ഇലക്ടറൽ ഓഫീസർ പി ഭാരതി അറിയിച്ചു.14,382 പോളിംഗ് സ്റ്റേഷനുകളിലായി 8 മണി മുതൽ 5 മണിവരെയാണ് വോട്ടെടുപ്പ്.2,39,76,760 വോട്ടർമാർ ആദ്യഘട്ട തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.