സ്വര്‍ണ്ണവല്ലി ഇനി കായികക്ഷമതാ പരിശീലക

മുന്‍ ദേശീയ അത്‌ലറ്റ് സ്വര്‍ണ്ണവല്ലി ഇനി കായികക്ഷമതാ പരിശീലക. സര്‍ക്കാര്‍ സേവനത്തില്‍ നിന്ന് വിരമിച്ച ശേഷമാണ് പുതിയ ജീവിതവേഷത്തിലേക്ക് മാറിയത്. അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം നടത്തുന്ന കോഴ്‌സ് പാസായി ആണ് സ്വര്‍ണ്ണവല്ലി ഫിറ്റ്‌നസ് ട്രെയിനര്‍ ആയത്.

വയനാട്ടിലെ വൈത്തിരിയില്‍ നിന്ന് ദേശീയ കായികതാരമായി വളര്‍ന്ന സ്വര്‍ണ്ണവല്ലി സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരിയായിരുന്നു. സേവനത്തില്‍ നിന്ന് വിരമിച്ച് 6 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഫിറ്റ്‌നസ് ട്രെയിനര്‍ ആകാന്‍ തീരുമാനമെടുത്തത്. സ്വര്‍ണ്ണവല്ലി ഫിറ്റ്‌നസ് ട്രെയിനറായി. മലപ്പുറം അത്താണി, വള്ളിക്കുന്നിലാണ് വനിതാ സുഹൃത്തുക്കള്‍ക്കൊപ്പം ഫിറ്റ്‌നസ് ജിം എന്ന പേരില്‍ ജിംനേഷ്യം ആരംഭിച്ചത്.

കട്ടപ്പന ഗവ. കോളജിലായിരുന്നു കോഴ്‌സ് പരിശീലനം. പ്രാക്ടിക്കല്‍ പരിശീലനവും ഇന്റേണ്‍ഷിപ്പും ജിംനേഷ്യത്തില്‍. ‘അത്‌ലറ്റ് ആയതുകൊണ്ട് തന്നെ ഫിറ്റ്‌നസ് ശ്രദ്ധിക്കേണ്ടതും ഫോം നിലനിര്‍ത്തേണ്ടതും ആവശ്യമായതിനാല്‍ നിത്യേന പരിശീലനം ചെയ്യുമായിരുന്നു. കായിക ക്ഷമതയ്ക്കായി ചെയ്യുന്ന കാര്യങ്ങള്‍ അതിന്റെ കാര്യകാരണങ്ങള്‍ സഹിതം അറിയാനുള്ള ആവേശം ആണ് ഫിറ്റനസ് ട്രെയിനര്‍ ആകാനുള്ള ആഗ്രഹത്തിലേക്ക് എത്തിച്ചത്.

അങ്ങനെ സ്വര്‍ണ്ണവല്ലി അസാപ് നടത്തുന്ന ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സിന് ചേര്‍ന്നു. പ്രതിദിന പരിശീലനത്തിന്റെ ഭാഗമായി ചെയ്യുന്ന ഓരോരോ കാര്യങ്ങള്‍ എന്തിന് വേണ്ടിയെണെന്നും എങ്ങനെയാണ് ഫിറ്റ്‌നസ് ട്രെയിനിംഗ് ചെയ്യേണ്ടത് എന്നും മനസിലാക്കി. ഇപ്പോള്‍ ശാസീരിക ക്ഷമതാ പരിശീലനത്തില്‍ കൂടുതല്‍ സൂക്ഷ്മതയോടെ മുന്നോട്ട് പോകാന്‍ കഴിയുന്നു. അതുപോലെ സ്‌പോര്‍ട്‌സില്‍ താല്‍പര്യവും അഭിരുചിയും ഉള്ളവരെ കൂടുതല്‍ വ്യക്തതയോടെ പരിശീലിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും കഴിയുന്നുണ്ട്.’ സ്വര്‍ണ്ണവല്ലി പറയുന്നു.

നിലവില്‍ അത്‌ലറ്റിക്‌സില്‍ ടെക്‌നിക്കല്‍ ഒഫീഷ്യല്‍ കൂടിയാണ് സ്വര്‍ണ്ണവല്ലി. കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ നീന്തല്‍ പരിശീലനവും നല്‍കുന്നുണ്ട്. 2015ല്‍ ഫ്രാന്‍സില്‍ നടന്ന ലോക മീറ്റില്‍ രാജ്യത്തെ പ്രതിനിധീകരിച്ചു. ചൈന ആതിഥേയരായ ഏഷ്യന്‍ മീറ്റില്‍ വെങ്കലവും ഉള്‍പ്പടെ ദേശീയ രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അസാപ് 150ല്‍ അധികം കോഴ്സുകളില്‍ പരിശീലനം നല്‍കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here