വേദിയില്‍ വച്ച് വരന്‍ പരസ്യമായി വധുവിനെ ചുംബിച്ചു; വിവാഹത്തില്‍ നിന്നും പിന്മാറി പൊലീസിനെ വിളിച്ച് വധു

ഇന്നത്തെ കാലത്ത് നമ്മള്‍ പൊതുവായി കാണുന്ന ഒന്നാണ് താലകെട്ട് സമയത്തൊക്കെ വരന്‍ പരസ്യമായി വധുവിനെ ചുംബിക്കുന്നത്. എന്നാല്‍ ഒരു ചുംബനം കൊണ്ട് സ്വന്തം കല്ല്യാണം മുടങ്ങിയ വരനെ കുറിച്ചാണ് ഇപ്പോള്‍ സോഷ്യമീഡിയ ചര്‍ച്ച ചെയ്യുന്നത്. വരന്‍ വേദിയില്‍ വച്ച് തന്നെ പരസ്യമായി ചുംബിച്ചതിന്റെ അരിശത്തില്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറി വധു.

300ഓളം അതിഥികള്‍ സദസിലിരിക്കെ തന്നെ പരസ്യമായി ചുംബിച്ച വരന്റെ പ്രവൃത്തി തന്നെ അപമാനിക്കുന്നതാണെന്ന് ആരോപിച്ച യുവതി വിവാഹ വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി പൊലീസിനെ വിളിക്കുകയായിരുന്നു. വധു വിളിച്ചു പറഞ്ഞതിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി വരന്റേയും വധുവിന്റേയും കുടുംബങ്ങളെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

ഉത്തര്‍പ്രദേശിലെ സംഫാലിലാണ് വിവാഹ വേദി നാടകീയ രംഗങ്ങള്‍ക്ക് സാക്ഷിയായത്. മാലകള്‍ കൈമാറുന്നതിനിടെയാണ് വരന്‍ വധുവിനെ ചുംബിച്ചത്. എന്നാല്‍ ഇത് വധുവിന് ഇഷ്ടമായില്ല. ‘അവന്‍ എന്നെ പരസ്യമായി ചുംബിച്ചത് എനിക്ക് അപമാനകരമായി തോന്നി. എന്റെ ആത്മഭിമാനത്തെ പോലും പരിഗണിക്കാതെ നിരവധി അതിഥികള്‍ നോക്കി നില്‍ക്കെ അവന്‍ അപരമര്യാദയായി പെരുമാറി’- ഇരുപത്തിമൂന്ന്കാരിയായ വധു പറഞ്ഞു.

സുഹൃത്തുക്കളുമായി പന്തയം വച്ചാണ് വരന്‍ ഇത്തരമൊരു പ്രവൃത്തി ചെയ്തതെന്നും വരന്റെ സ്വഭാവം സംബന്ധിച്ച് ഇപ്പോള്‍ തനിക്ക് ചില സംശയങ്ങളുണ്ടെന്നും ബിരുദധാരി കൂടിയായ വധു ആരോപിച്ചു. വേദിയില്‍ വച്ച് പരസ്യമായി ഉചിതമല്ലാത്ത രീതിയില്‍ വരന്‍ തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചതായും ആദ്യം ഇത് അവഗണിച്ചെന്നും വധു പൊലീസിനോട് വ്യക്തമാക്കി.

വരന്റെ സുഹൃത്തുക്കള്‍ പ്രകോപനം സൃഷ്ടിച്ചതാണ് സംഭവങ്ങളുടെ കാരണമെന്ന് വധുവിന്റെ അമ്മ പറഞ്ഞു. മകളെ അനുനയിപ്പിക്കാന്‍ തങ്ങള്‍ ശ്രമിച്ചെന്നും അതു നടന്നില്ലെന്നും പറഞ്ഞ അവര്‍ കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം മകളെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കുമെന്നും വധുവിന്റെ അമ്മ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel