ADVERTISEMENT
അര്‍ജന്റീന വിജയിച്ചു. ആരാധകര്‍ ഹാപ്പിയാണ്. നിരാശപ്പെടുത്തിയ പ്രകടനത്തില്‍ പോളണ്ട് ആരാധകര്‍ ടീമിനോട് കലിപ്പിലുമാണ്. പക്ഷേ അവര്‍ക്ക് പിടിച്ചുനില്‍ക്കാനൊരു കച്ചിത്തുരുമ്പുണ്ടായിരുന്നു ക്രോസ്സ് ബാറിന് കീഴില്‍.പോളണ്ട് ഗോള്‍കീപ്പര്‍.മെസിയുടെ പെനാള്‍ട്ടി കിക്കടക്കം തടുത്തിട്ട കടിച്ചാല്‍ പൊട്ടാത്ത പേരുകാരന്‍.
വോയ്ച്ചെക് സ്റ്റാന്‍സ്‌നേ. ഉച്ചരിക്കാന്‍ പ്രയാസമേറെയാണ് ഈ പോളിഷ് പേര്.പേരിലെ സങ്കീര്‍ണ്ണത കോര്‍ട്ടിലെ മായികവലയ്ക്ക് മുന്നിലും പ്രകടമാക്കിയ ഈ പേരുകാരനെ ഒന്ന് നോക്കിവെക്കുന്നത് നന്നാകും. തുടര്‍ന്ന് വരുന്ന ലോകകപ്പ് പോരാട്ടങ്ങളിലെ പോളണ്ട് പോരാട്ടങ്ങളുടെ പടനിലങ്ങളില്‍ അയാളിലെ പോരാളിയെ നമുക്കിനിയും കാണേണ്ടി വരും. കോര്‍ട്ടില്‍ പോളിഷ് ഹാഫില്‍ മാത്രം 90 മിനിറ്റും അധികസമയവും കളി നിലനിര്‍ത്തിയ അര്‍ജന്റീനിയന്‍ കളിക്കാരുടെ അക്രമത്തില്‍ നിന്ന് വലിയ പരുക്കില്ലാതെ പോളണ്ടിനെ രക്ഷിച്ച മാന്ത്രിക കാവല്‍ക്കരന്‍. സാക്ഷാല്‍ ലയണല്‍ മെസിയുടെ പെനാല്‍റ്റി കിക്ക് പോലും സ്റ്റാന്‍സ്‌നെ എത്ര ആത്മവിശ്വാസത്തോടെ അഭിമുഖീകരിച്ചു എന്ന് കാണുക
ജുവന്റസിന്റെ ഗോള്‍കീപ്പറാണ് ഈ 32 കാരന്‍.2006 ല്‍ ആഴ്‌സണല്‍ വഴി ക്ലബ് ഫുട്ബോളിലെത്തിയ താരം 2009 ലാണ് പ്രൊഫഷണില്‍ അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് ബ്രന്റ്‌ഫോര്‍ഡിന്റെ വിശ്വസ്ഥ കാവല്‍ക്കാരനായി. 2013-14 പ്രീമിയര്‍ ലീഗില്‍ ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരവും നേടി. 2015 ല്‍ ഇറ്റാലിയന്‍ ക്ളാബ്ബായ റോമയിലും 2017 ല്‍ ജുവന്റസിലുമെത്തി.
പോളണ്ടിനായി 60 ലേറെ അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിച്ച സ്റ്റാന്‍സ്‌നേ 2012,2016,2020 യുറോ മത്സരങ്ങളിലും 2018 ലോകകപ്പിലും കളിച്ചു. 7 മത്സരങ്ങളില്‍ പോളണ്ട് ദേശിയ ടീമിനായും നിരവധി പോളിഷ് ക്ളബ്ബുകള്‍ക്കായും ഗോള്‍വല കാത്ത പിതാവിന്റെ പാത പിന്തുടര്‍ന്നാണ് താരം ഫുട്ബോള്‍ ലോകത്തെത്തിയത്. പോളിഷ് ഉച്ചാരണം വഴങ്ങാതെ വന്ന ഇംഗ്ലണ്ടിലെ ആരാധകര്‍ ചെസ്‌നെ എന്ന് താരത്തെ വിളിച്ചു. ഇതിനിടയില്‍ ടെക് എന്നൊരു ഓമനപ്പേരും ലഭിച്ചു. ഭാഷയും നാടും ഒന്നും അതിരിടാത്ത വിനയവും ആരാധകരോടുള്ള പെരുമാറ്റവും താരത്തിന്റെ ആരാധകക്കൂട്ടത്തിന്റെ വ്യാപ്തി കൂട്ടി. എന്തായാലും ഈ ലോകകപ്പില്‍ പോളണ്ട് ടീം പോകുന്നിടം വരെ പോളണ്ട് ഗോള്‍കീപ്പറെ കുറിച്ച് മിണ്ടാതിരിക്കാനാവില്ലെന്ന് ഉറപ്പ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.