ADVERTISEMENT
വീട്ടില്‍ കയറി സ്വര്‍ണ മാല മോഷ്ടിച്ച കള്ളന്‍ രക്ഷപ്പെടാനായി മോഷണം നടന്ന വീടിന്റെ ഉടമസ്ഥന്റെ തന്നെ ബൈക്കിന് കൈകാണിച്ചു. മോഷണം നടന്നതിന് പിന്നാലെ പരാതി നല്‍കാനായി പൊലീസ് സ്റ്റേഷനിലേക്ക് ബൈക്കില്‍ പോകുമ്പോഴാണ് കള്ളന്‍ തന്നെ ലിഫ്റ്റ് ചോദിച്ച് ബൈക്കില്‍ കയറിയത്.
ആവഡിയിലെ ജെനിം രാജാദാസിന്റെ വീട്ടിലാണ് മോഷണം നടന്നത്. തമിഴ്‌നാട്ടിലാണ് നടകീയ സംഭവം. ഇറച്ചി വാങ്ങാനായി ഭാര്യ വിദ്യയുമൊത്ത് തൊട്ടടുത്തുള്ള കടയില്‍പ്പോയ സമയത്താണ് ജെനിം രാജാദാസിന്റെ വീട്ടില്‍ കള്ളന്‍ കയറിയത്. വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വാതിലും അലമാരയും തുറന്നു കിടക്കുന്നതു കണ്ടു. നാല് പവന്റെ സ്വര്‍ണമാല മോഷണം പോയതായും മനസിലാക്കി.
പിന്നാലെ പൊലീസില്‍ പരാതിപ്പെടാനായി രാജാദാസ് ഉടന്‍ തന്നെ ബൈക്കില്‍ പുറപ്പെട്ടു. പാതിവഴിയിലെത്തിയപ്പോള്‍ അപരിചിതന്‍ ലിഫ്റ്റ് ചോദിച്ച് കൈ കാണിച്ചു. രാജാദാസ് അയാളെ ബൈക്കിന്റെ പിന്നില്‍ കയറ്റി. സഹയാത്രികന്റെ അരയില്‍ പല വലിപ്പത്തിലുള്ള താക്കോലുകള്‍ തൂങ്ങിക്കിടക്കുന്നതു കണ്ടപ്പോള്‍ രാജാദാസിന് സംശയമായി.
വണ്ടി നിര്‍ത്തി ചോദ്യം ചെയ്യുന്നതിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. രാജാദാസിന്റെ വീട്ടില്‍ മോഷണം നടത്തിയത് താനാണെന്ന് പ്രതി സമ്മതിച്ചു. പെരിയകാഞ്ചി പെരുമാള്‍ നായിക്കന്‍ തെരുവിലെ 44കാരനായ ഉമര്‍ എന്നയാളാണ് പിടിയിലായത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.