ബിജെപി നേതാക്കളുടെ അപേക്ഷ പരി​ഗണിക്കാൻ സർക്കാരിന് മേൽ ​ഗവർണറുടെ സമ്മർദ്ദം ; കത്ത് പുറത്ത്

ക്രിമിനൽ കേസ് പ്രതികളായ ബിജെപി നേതാക്കൾക്കായി ഗവർണറുടെ ഇടപെടൽ. കെ സുരേന്ദ്രൻ പ്രതിയായ കോഴകേസുകളിൽ ഉൾപ്പെടെ ഉചിതമായ പരിഗണന ആവശ്യപ്പെട്ട് ഗവർണർ മുഖ്യമന്ത്രിക്ക് അയച്ച കത്ത് പുറത്ത്. ബിജെപി നേതാക്കൾ ഗവർണർക്ക് നൽകിയ നിവേദനം പരിഗണിച്ചായിരുന്നു ഗവർണറുടെ ഇടപെടൽ. ബിജെപി നേതാക്കളുടെ അപേക്ഷ സർക്കാരിന് അയച്ചത് ഗവർണറുടെ അസാധാരണ നീക്കം. ഇത് സാധാരണ നടപടിക്രമമെന്ന് രാജ്ഭവന്‍റെ വിശദീകരണം.

ബദിയുടുക്ക പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഒന്നാം പ്രതിയായ കേസ് , കൊടകര സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 77 ലക്ഷത്തിന്‍റെ കുഴൽപണ കേസ് , സ്ഥാനർത്ഥിയായ കെ സുന്ദരയെ തട്ടിക്കൊണ്ട് പോയ കേസ് എന്നിവയിൽ സംസ്ഥാന സർക്കാർ ബിജെപി നേതാക്കൾക്കെതിരെ പൊലീസിനെ തെറ്റായി ഉപയോഗിക്കുന്നു എന്നാരോപിച്ച് ബിജെപി നേതാക്കൾ നൽകിയ നിവേദനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത്.

ബിജെപി നേതാക്കൾ പ്രതികളായ ക്രിമിനൽ കേസുകളിൽ ഉചിതമായ പരിഗണന വേണമെന്നതാണ് കത്തിൽ ഗവർണറുടെ ആവശ്യം. 2021 ജൂൺ പത്തിനാണ് ഗവർണർ മുഖ്യമന്ത്രിക്ക് നേരിട്ട് കത്തയച്ചത്. ക്രിമിനൽ കേസ് പ്രതികളായ ബിജെപി നേതാക്കളുടെ അപേക്ഷ സർക്കാരിന് അയച്ചത് ഗവർണറുടെ അസാധാരണ നീക്കമായിട്ടാണ് വിലയിരുത്തുന്നത്. നിദേവനത്തിൽ ഒപ്പ് വെച്ചിരുന്നത് ഒ രാജഗോപാൽ , കുമ്മനം രാജശേഖരൻ , പി സുധീർ , എസ് സുരേഷ് , വി വി രാജേഷ് എന്നി ബിജെപി നേതാക്കളാണ്. എന്നാൽ ഏത് പരാതി വന്നാലും ഉചിതമായ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കയക്കുന്നത് സാധാരണ നടപടിക്രമമെന്ന് രാജ്ഭവൻ വിശദീകരിച്ചു.

അസാധാരണമായ ഒരു നടപടിയും ഇതിലില്ലെന്നും ഗവർണറുടെ ഒാഫീസ് പ്രതികരിച്ചു. എന്നാൽ സാധാരണ പരാതി പോലെയാണോ കു‍ഴൽപ്പണകേസിലെ പ്രതിക്കായി അടക്കം ഉചിതമായ നടപടി ഒരു ഭരണഘടനാ തലവ‍‍ൻ ആവശ്യപ്പെടുന്നത് എന്നതാണ് ബാക്കിയാകുന്ന ചോദ്യം.
.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News