ADVERTISEMENT
വിഴിഞ്ഞം ആക്രമണസംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് ഡിജിപി അനില്‍ കാന്ത്. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധന തുടരുകയാണ്. സംഭവത്തിലെ തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ പങ്കാളിത്തവും അന്വേഷിക്കുമെന്ന് ഡിജിപി അറിയിച്ചു.
വിഴിഞ്ഞം സംഘര്‍ഷം വ്യക്തമായ ഗൂഢോദ്ദേശത്തോടെയാണെന്നും നാടിന്റെ സമാധാനം തകര്‍ക്കാനാണ് ശ്രമം നടക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഭീഷണിയും വ്യാപക ആക്രമണവും നടക്കുന്നുണ്ട്. അക്രമികള്‍ എന്താണ് ലക്ഷ്യമിട്ടതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇത്തരം അക്രമങ്ങളില്‍ വിവേക പൂര്‍വ്വം പെരുമാറിയതിലൂടെയാണ് നാടിന് സമാധാനം ഉറപ്പാക്കാനായത്. അക്രമികളുടെ ലക്ഷ്യം സാധിക്കാതെ പോയത് പൊലീസിന്റെ ധീരമായ നിലപാട് കൊണ്ടാണ് അനിൽകാന്ത് കൂട്ടിച്ചേര്‍ത്തു.
വിഴിഞ്ഞം സമരത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി എഡിജിപി എം ആര്‍ അജിത് കുമാര്‍ ഇന്നലെ പ്രതികരിച്ചിരുന്നു. ഇക്കാര്യം സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുന്നുണ്ട്. കേന്ദ്ര ഏജന്‍സികളും സംഭവം അന്വേഷിക്കുന്നുണ്ട്. വിഴിഞ്ഞത്ത് രഹസ്യയോഗം നടത്തിയതും അന്വേഷണപരിധിയിലുണ്ടെന്ന് എഡിജിപി അറിയിച്ചു. നിലവില്‍ വിഴിഞ്ഞത്തെ സ്ഥിതിഗതികള്‍ ശാന്തമാണ്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയ കേസുകളില്‍ നടപടികള്‍ തുടരും. പ്രതികളെ തിരിച്ചറിഞ്ഞാല്‍ ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്നും എഡിജിപി അറിയിച്ചിരുന്നു.
അതേസമയം, സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം ജില്ലയില്‍ കൂടുതല്‍ ജാഗ്രത നിര്‍ദേശങ്ങള്‍ നല്‍കി. വിഴിഞ്ഞത്തേക്ക് കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം മാത്രം 700ഓളം സുരക്ഷ സേനയെ ആണ് വിഴിഞ്ഞത്തേക്ക് നിയോഗിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.