ഉത്തരാഖണ്ഡിലെ ഔളില്‍ നടക്കുന്ന ഇന്ത്യാ – അമേരിക്ക സംയുക്ത സൈനിക പരീശീലന പരിപാടിയ്ക്കിടെ ഇന്ത്യന്‍ സൈന്യം വ്യത്യസ്തമായ ഒരു യുദ്ധ പരിശീലന രീതി പ്രദര്‍ശിപ്പിച്ചു. ശത്രുരാജ്യത്തിന്റെ ഡ്രോണുകളെ പ്രതിരോധിക്കാന്‍ പരിശീലനം നല്‍കിയ പരുന്തുകളെ ഉപയോഗിക്കുന്ന രീതിയാണ് ഇന്ത്യന്‍ സൈന്യം പ്രദര്‍ശിപ്പിച്ചത്.
പരിശീലനം നല്‍കിയ അര്‍ജുന്‍ എന്ന് പേരുള്ള പരുന്തിന്റെ പ്രകടനം ആയിരുന്നു ഏറെ ചര്‍ച്ചയായത്. ശത്രുരാജ്യത്തിന്റെ ഡ്രോണുകളെ വേട്ടയാടാനും നശിപ്പിക്കാനും പരിശീലനം ലഭിച്ച പരുന്ത് ആണ് അര്‍ജുന്‍.
#WATCH | A Kite trained by the Indian Army to prey on drones displayed in action at the ongoing Indo-US wargame Yudhabhyas in Auli, Uttarakhand pic.twitter.com/Bjha3gKaNS
— ANI (@ANI) November 29, 2022
ADVERTISEMENT
ശത്രുരാജ്യങ്ങളുടെ ഡ്രോണുകള്‍ പിടിച്ചെടുത്ത് നശിപ്പിക്കാന്‍ നായകള്‍ക്കും പരുന്ത് പോലെയുള്ള പക്ഷികള്‍ക്കും ഇന്ത്യന്‍ സൈന്യം പരിശീലനം നല്‍കിയിരുന്നു. അഭ്യാസ പ്രകടനത്തിനായി അത്തരം ഒരു സാഹചര്യം കൃത്രിമമായി ഒരുക്കുകയായിരുന്നു. തുടര്‍ന്ന് പരിശീലനം നേടിയ പരുന്ത് ഡ്രോണ്‍ ഘടിപ്പിച്ചിരിക്കുന്ന സ്ഥലം ലക്ഷ്യമാക്കി നീങ്ങി. ഈ സാഹചര്യത്തില്‍ ഡ്രോണിന്റെ ശബ്ദം ശ്രവിച്ച നായ സൈനികര്‍ക്ക് അപകട മുന്നറിയിപ്പ് നല്‍കി. ഈ സാഹചര്യത്തില്‍ ശത്രുരാജ്യത്തിന്റെ ഡ്രോണ്‍ കണ്ടെത്തി അതിന് ചുറ്റും വട്ടമിട്ട് പറക്കുകയായിരുന്നു പരുന്ത്.
എന്തുകൊണ്ട് പക്ഷികള്‍ക്ക് പരിശീലനം നല്‍കുന്നു?
പരിശീലനം ലഭിച്ച നായകളെ വിവിധ മിഷനുകള്‍ക്കായി ഉപയോഗിക്കുന്നുണ്ട്. അതോടൊപ്പമാണ് ഡ്രോണുകളെ കണ്ടെത്തി നശിപ്പിക്കാന്‍ പരുന്തുകളെയും ഉപയോഗിക്കാന്‍ തുടങ്ങിയതെന്ന് സൈന്യത്തിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കശ്മീരിലെയും പഞ്ചാബിലെയും സുരക്ഷാ സേന ഈ മാര്‍ഗ്ഗം ഉപയോഗിക്കുന്നത് വളരെ നല്ലതാണെന്നും. അതിലൂടെ അതിര്‍ത്ത് കടന്നുവരുന്ന ഡ്രോണുകളെ വേഗത്തില്‍ കണ്ടെത്താനും പ്രതിരോധ നടപടികളെടുക്കാനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാകിസ്ഥാനില്‍ നിന്നും നിയമപരമല്ലാത്ത ആയുധങ്ങളും വ്യാജ നോട്ടുകളും തുടങ്ങിയ പല വസ്തുക്കളും കശ്മീരിലേക്ക് ഡ്രോണ്‍ ഉപയോഗിച്ച് കടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സൈന്യത്തിന്റെ പുതിയ നീക്കം.
എങ്ങനെയാണ് പക്ഷികള്‍ക്ക് പരിശീലനം നല്‍കുന്നത് ?
പക്ഷികള്‍ക്ക് പരിശീലനം നല്‍കി സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ലോകത്ത് ഇതാദ്യമല്ല. 2016 മുതല്‍ ഡച്ച് പൊലീസ്, ഡ്രോണുകള്‍ കണ്ടെത്താനും നശിപ്പിക്കാനുമായി കഴുകന്‍മാരെ ഉപയോഗിക്കുന്നുണ്ട്. ലാബ് മേറ്റ് ഓണ്‍ലൈനില്‍ വന്ന റിപ്പോര്‍ട്ട് അനുസരിച്ച് പരിശീലന ഗ്രൂപ്പായ ഗാര്‍ഡ്സ് ഫ്രം എബൗവുമായി സഹകരിച്ച് ഡച്ച് പോലീസുകാര്‍ കഴുകന്മാരെ പരിശീലിപ്പിച്ചിട്ടുണ്ട്. ഇതുപ്രകാരം ആകാശത്ത് കൂടി പറക്കുന്ന ചില യന്ത്രങ്ങളെ പക്ഷികള്‍ക്ക് വേഗം തിരിച്ചറിയാന്‍ സാധിക്കും. ശേഷം അവയെ പ്രവര്‍ത്തന രഹിതമാക്കാനുള്ള പരിശീലനമാണ് ഇവയ്ക്ക് നല്‍കുന്നത്.
ഇന്ത്യയില്‍ ഉത്തര്‍പ്രദേശിലും സമാനമായ രീതിയില്‍ പക്ഷികള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. മീററ്റിലെ റിമൗണ്ട് വെറ്ററിനറി കോര്‍പ്സ് (ആര്‍വിസി) സെന്റര്‍ ക്വാഡ്കോപ്റ്ററുകളെ നശിപ്പിക്കാനായി കഴുകന്‍മാരെയും പരുന്തുകളേയും രഹസ്യമായി പരിശീലിപ്പിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. നാല് റോട്ടറുകളുള്ള ഒരു തരം ഹെലികോപ്ടറുകളാണ് ക്വാഡ്‌കോപ്റ്റര്‍ എന്നറിയപ്പെടുന്നത്. നിലവില്‍ ഇവ ഡ്രോണുകള്‍ എന്നും അറിയപ്പെടുന്നുണ്ട്.
പ്രതിരോധ മന്ത്രാലയത്തില്‍ നിന്നുള്ള റിപ്പോര്‍ട്ട് അനുസരിച്ച് നിരവധി ക്വാഡ്‌കോപ്‌ടേഴ്‌സ് ആണ് പരിശീലനം ലഭിച്ച കഴുകന്‍മാര്‍ നശിപ്പിച്ചത്. ചിലതിനെ പൂര്‍ണ്ണമായും അവ നശിപ്പിച്ചു. ക്വാഡ് കോപ്ടറുകളായതിനാല്‍ കഴുകന്‍മാര്‍ക് യാതൊരു പരിക്കും പറ്റിയിട്ടില്ല.
പരിശീലനം നൽകുന്ന പക്ഷികളില്‍ ഭൂരിഭാഗത്തേയും ഇപ്പോള്‍ ഫാല്‍ക്കണ്‍ റെസ്‌ക്യൂ ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്ററിലാണ് പരിപാലിക്കുന്നത്. 2020 മുതല്‍ ഈ മിഷന് വേണ്ടി ധാരാളം പക്ഷികളെ പരിശീലിപ്പിക്കുന്നുണ്ട്.
ശത്രുരാജ്യങ്ങളില്‍ ഭൂരിഭാഗം പേരും ഉപയോഗിക്കുന്ന ആധുനിക ഡ്രോണുകള്‍ വലിയ വലുപ്പത്തില്‍ ഉള്ളവയാണ്. അതിനായുള്ള പരിശീലനം ആണ് ആര്‍വിസിയിലെ പരിശീലകര്‍ പക്ഷികള്‍ക്ക് നല്‍കുന്നത്. പക്ഷികളുടെ തലയില്‍ ഒരു നിരീക്ഷണ ക്യാമറയും ഘടിപ്പിച്ചിട്ടുണ്ട്. ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യാന്‍ ഇതിലൂടെ സാധിക്കുന്നു.
അതേസമയം പക്ഷികള്‍ തങ്ങളുടെ പ്രദേശങ്ങള്‍ സംരക്ഷിക്കുന്നതില്‍ വളരെ ശ്രദ്ധ കാണിക്കുന്നു. ഒരു പ്രത്യേക പ്രദേശത്ത് വെച്ച് അവയെ തുറന്ന് വിടുകയാണെങ്കില്‍ ഉടന്‍ തന്നെ പറന്ന് പൊങ്ങി തങ്ങള്‍ക്ക് ചുറ്റും ഒരു വൃത്തം വരച്ച് സ്വന്തം പ്രദേശത്തിന്റെ അതിര്‍ത്തി അവ രേഖപ്പെടുത്തും. കാലക്രമേണ ഈ വൃത്തത്തിന്റെ അളവ് വര്‍ധിച്ചുകൊണ്ടിരിക്കും. അതുകൊണ്ട് തന്നെ ഒരു വലിയ പ്രദേശം പക്ഷിയുടെ നിരീക്ഷണത്തിലാകുകയും ചെയ്യും.
ഓരോ പക്ഷിയ്ക്കും പ്രത്യേകം പരിശീലകന്‍ എന്ന സംവിധാനമാണ് പിന്തുടരുന്നത്. എന്നിരുന്നാലും ഈ മിഷന്‍ ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണെന്നും പ്രവര്‍ത്തന മേഖലയിലേക്ക് പരുന്തുകളെ വിന്യസിക്കാറായിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.