ADVERTISEMENT
തമിഴ്‌നാട്ടിലെ തഞ്ചാവൂരിലെ ഗ്രാമത്തില്‍ അയിത്തം നിലനില്‍ക്കുന്നുണ്ടെന്ന് തെളിയിക്കുന്ന വീഡിയോ പുറത്ത്. തഞ്ചാവൂര്‍ ജില്ലയില്‍ പാപ്പക്കാടിനടുത്തുളള കേലമംഗലം ഗ്രാമത്തിലാണ് സംഭവം. ഒരു കടയുടമ ഗ്രാമവാസികളില്‍ ഒരാളോട് ജാതിവിവേചനം കാണിക്കുന്നതാണ് ദൃശ്യങ്ങളില്‍. ഒരാള്‍ പെട്രോള്‍ ചോദിക്കുന്നതും എന്നാല്‍ നല്‍കാന്‍ കടയുടമ വിസമ്മതിക്കുന്നതും വീഡിയോയില്‍ കാണാം. പ്രത്യേക ജാതിയില്‍പ്പെട്ടവര്‍ക്ക് സാധനങ്ങള്‍ വില്‍ക്കാന്‍ പാടില്ലെന്ന് ഗ്രാമവാസികള്‍ ആവശ്യപ്പെട്ടതിനാല്‍ സാധനങ്ങള്‍ നല്‍കാല്‍ കഴിയില്ലെന്ന് കടയുടമ പറയുന്നതും ദൃശ്യങ്ങളിലുണ്ട്.
നവംബര്‍ 28ന് ‘സവര്‍ണ ഹിന്ദുക്കള്‍’ ഒരു പഞ്ചായത്ത് യോഗം വിളിച്ച്കൂട്ടിയെന്ന് വിവരമുണ്ട്. യോഗത്തില്‍ പട്ടികജാതിയില്‍പ്പെട്ട ഗ്രാമീണര്‍ക്ക് ഭ്രഷ്ട് കല്‍പിക്കാന്‍ അവര്‍ തീരുമാനിച്ചു. കടയുടമകള്‍ ഉത്പന്നങ്ങളൊന്നും അവര്‍ക്ക് വില്‍ക്കരുതെന്നും ഗ്രാമത്തിലെ ചായക്കടകളിലോ ബാര്‍ബര്‍ഷോപ്പുകളിലോ പട്ടികജാതിക്കാര്‍ പ്രവേശിക്കരുതെന്നും സവര്‍ണര്‍ ഉത്തരവിറക്കി.
കടയുടമ പട്ടികജാതിയില്‍പ്പെട്ടവര്‍ക്ക് പലചരക്ക് സാധനങ്ങള്‍ നല്‍കാന്‍ വിസമ്മതിക്കുന്ന വീഡിയോയും സമൂഹമാധ്യമങ്ങളിലെത്തി. കാരണം തിരക്കിയപ്പോള്‍ ഗ്രാമീണരുടെ കൂട്ടായ തീരുമാനമാണെന്നായിരുന്നു കടയുടമയുടെ മറുപടി. തുടര്‍ന്ന് വില്ലേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പട്ടികജാതി വിഭാഗത്തോട് വിവേചനം കാണിക്കുന്നതായി കണ്ടെത്തി. ഇതിനേത്തുടര്‍ന്ന് ദൃശ്യത്തില്‍ കാണുന്ന കടയുടമ വീരമുത്തുവിനെ എസ്‌സി എസ്ടി ആക്ടുള്‍പ്പെടെ അഞ്ച് വകുപ്പുകള്‍ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.
ഗ്രാമത്തിലെ ചായക്കടകളില്‍ രണ്ട് ഗ്ലാസ് സംവിധാനം നിലനില്‍ക്കുന്നതായും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇവിടങ്ങളില്‍ പട്ടികജാതിക്കാര്‍ ഉപയോഗിക്കുന്ന ഗ്ലാസ് മറ്റ് ജാതിക്കാര്‍ ഉപയോഗിക്കില്ല. ബാര്‍ബര്‍ഷോപ്പുകളിലും സമാനമായ വിവേചനമാണ് നിലനില്‍ക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. ദളിതര്‍ക്ക് സാധനങ്ങള്‍ നല്‍കാന്‍ വിസമ്മതിച്ചയാളുടെ കട പൂട്ടി അധികൃതര്‍ സീല്‍ വെച്ചു. സ്ഥലത്ത് ക്രമസമാധാനം നിലനിര്‍ത്താന്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.