ഗുജറാത്ത് രണ്ടാംഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം നാളെ അവസാനിക്കും ; തിരക്കിട്ട പ്രചാരണത്തിൽ മുന്നണികൾ

ഗുജറാത്ത് രണ്ടാംഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം നാളെ അവസാനിക്കാനിരിക്കെ തിരക്കിട്ട പ്രചാരണത്തിലാണ് മുന്നണികൾ. ബിജെപിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണ രംഗത്തുണ്ട്. കോൺഗ്രസിനായി മല്ലികാർജ്ജുന ഖാർഗെയും ആംആദ്മിക്കുവേണ്ടി കെജ്രിവാളും സംസ്ഥാനത്ത് സജീവമാണ്.

ഗുജറാത്ത് ആദ്യഘട്ട തെരഞ്ഞെടുപ്പിന്റെ പോളിംഗ് ശതമാനത്തിലെ കുറവ് മൂന്ന് പാർട്ടികൾക്കുമാണ് തിരിച്ചടിയായത്.റെക്കോർഡ് പോളിംഗ് എന്ന പ്രധാനമന്ത്രിയുടെ വാക്കുകൾക്ക് വിപരീതമാണ് സംഭവിച്ചത്.ബിജെപി പാർട്ടിയിലെ ആഭ്യന്തര പ്രശ്നവും,ഭരണവിരുദ്ധതയും വോട്ടിങ്ങിനെ ബാധിച്ചോ എന്ന ആശങ്കയിലാണ് കേന്ദ്ര നേതൃത്വങ്ങൾ.2017 ന് ശേഷമുള്ള കോൺഗ്രസിന്റെ പ്രവർത്തനത്തിൽ കാര്യമായ മുന്നേറ്റം ഉണ്ടായിട്ടില്ല എന്നുള്ളത് ഈ മേഖലയിൽ രേഖപ്പെടുത്തിയ പോളിംഗ് ശതമാനത്തിൽ നിന്നും വിലയിരുത്താം.

ആം ആദ്മിയുടെ കടന്നുവരവ് പ്രത്യേകിച്ച് കോളിളക്കങ്ങളൊന്നും സൃഷ്ടിച്ചിട്ടില്ല എന്നുള്ളതും വ്യക്തമാണ്.ആദ്യഘട്ട പോളിംഗ് വിലയിരുത്തി രണ്ടാംഘട്ടത്തിനുള്ള ശക്തമായ പ്രചാരണത്തിലാണ് മുന്നണികൾ.ബിജെപിക്കായി സംസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി റാലികൾ അഭിസംബോധന ചെയ്യും.

ഒപ്പം കേന്ദ്രമന്ത്രി അമിത് ഷാ,യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും സംസ്ഥാനത്ത് ക്യാമ്പ് ചെയ്തു വരികയാണ്.കോൺഗ്രസ് പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്നത് അധ്യക്ഷൻ മല്ലികാർജുന ഖാർഗെയും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹലോട്ടുമാണ്. ആംആദ്മിക്കായി അരവിന്ദ് കെജ്രിവാൾ മുൻപിൽ തന്നെയുണ്ട്. രണ്ടാംഘട്ട തിരഞ്ഞെടുപ്പിൽ 93 സീറ്റുകളിലായി 833 സ്ഥാനാർഥികളാണ് ഡിസംബർ 5 ന് ജനവിധി തേടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here