വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രസേനയുടെ  സുരക്ഷ ; കേന്ദ്ര സർക്കാരിനോട് നിലപാട് തേടി ഹൈക്കോടതി

വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രസേനയുടെ  സുരക്ഷ ഒരുക്കുന്നതിൽ കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി നിലപാട് തേടി. പദ്ധതിക്ക് കേന്ദ്രസേന സംരക്ഷണം നൽകണമെന്ന അദാനി ഗ്രൂപ്പിൻ്റെ ആവശ്യം പരിഗണിച്ചാണ് നിർദ്ദേശം . തുറമുഖത്തിന് മാത്രമായി  കേന്ദ്ര സുരക്ഷ ഒരുക്കുന്നതിൽ എതിർപ്പില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി.

തുറമുഖത്തിന് പുറത്ത് കേന്ദ്രസേനയെ വിന്യസിക്കരുതെന്നും സർക്കാർ ആവശ്യപ്പെട്ടു.

വിഴിഞ്ഞം പദ്ധതി നിർമ്മാണത്തിന് സംരക്ഷണം നൽകണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പ് സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് അനു ശിവരാമൻ.വിഴിഞ്ഞത്ത് പോലീസ് കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് അദാനി ഗ്രൂപ്പ് ആരോപിച്ചു. അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്യാൻ പോലും പോലീസ് തയ്യാറാകുന്നില്ല. പ്രതികളായ വൈദികരടക്കമുള്ളവർ ഇപ്പോഴും സമരപ്പന്തലിൽ തുടരുകയാണ്. ക്രമസമാധാന പാലനത്തിനെത്തിയ പോലീസ് പ്രതികൾക്ക് സംരക്ഷണം നൽകുകയാണെന്നും അദാനി ഗ്രൂപ്പ് ആരോപിച്ചു.

തുടർന്നാണ് സാധ്യമായതെല്ലാം ചെയ്തതായി സർക്കാർ വ്യക്തമാക്കിയത്. ആർച്ച് ബിഷപ്പ് ഉൾപ്പെടെയുള്ളവരെ പ്രതികളാക്കി കേസ്സെടുത്തു. 5 പേരെ അറസ്റ്റ് ചെയ്തതായും സർക്കാർ വ്യക്തമാക്കി. വെടിവെയ്പും ആൾനാശവും ഒഴിവാക്കാനാണ് ശ്രമിച്ചതെന്നും പോലീസ് വ്യക്തമാക്കി.

തുടർന്നാണ് കേന്ദ്രസേനയെ രംഗത്തിറക്കണം എന്ന് അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടത്. തുറമുഖ നിർമ്മാണ മേഖലക്ക് ഉള്ളിൽ മാത്രം കേന്ദ്രസേന സുരക്ഷ ഒരുക്കുന്നതിൽ എതിരപ്പില്ലെന്ന്സ ർക്കാർ വ്യക്തമാക്കി.

തുറമുഖത്തിന് പുറത്ത് കേന്ദ്രസേനയെ വിന്യസിക്കരുതെന്നും സർക്കാർ ആവശ്യപ്പെട്ടു. തുടർന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ കൂടിയാലോചിച്ച് നിലപാട് അറിയിക്കാൻ നിർദേശിച്ച് കേസ് ബുധനാഴ്ച പരിഗണിക്കാൻ മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here