എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങളിൽ സീറോ മലബാർ സിനഡിൽ കടുത്ത ഭിന്നത

എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങളിൽ സീറോ മലബാർ സിനഡിൽ കടുത്ത ഭിന്നത. ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിന്‍റെ നടപടിയെ അപലപിച്ച് ഒമ്പത് മെത്രാന്മാർ കർദിനാൾ ആലഞ്ചേരിക്ക് കത്ത് നൽകി. സംഘർഷ സാഹചര്യത്തിൽ ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് ബസിലിക്കയിലേക്ക് ഏകീകൃത കുര്‍ബാന അര്‍പ്പിക്കാന്‍ ശ്രമിക്കരുതായിരുന്നുവെന്ന് കത്തിൽ കുറ്റപ്പെടുത്തുന്നു.

എറണാകുളം- അങ്കമാലി അതിരൂപതാ ആസ്ഥാന ദേവാലയമായ സെന്‍റ് മേരീസ് കത്തിഡ്രൽ ബസിലിക്കയിൽ കഴിഞ്ഞ ഞായറാഴ്ചയുണ്ടായ സംഘര്‍ഷത്തെ ശക്തമായി അപലപിച്ചുകൊണ്ടാണ് ഒമ്പത് മെത്രാന്മാര്‍ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ആലഞ്ചേരിക്ക് കത്ത് നൽകിയത്. പ്രശ്ന പരിഹാരത്തിനായുളള ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ബിഷപ്പ് ആൻഡ്രൂസ് താഴത്ത് ഏകീകൃത കുര്‍ബാന അര്‍പ്പിക്കാന്‍ എത്തിയത് ശരിയായില്ലെന്ന് കത്തില്‍ കുറ്റപ്പെടുത്തുന്നു.

കഴിഞ്ഞ മാസം ബാംഗ്ലൂരിൽ നടന്ന CBCI മീറ്റിംഗിനിടെ കൂടിയ സീറോ മലബാർ പ്ലീനറി സമ്മേളനത്തില്‍ ഉണ്ടായ പൊതുധാരണക്ക് വിരുദ്ധമായാണ് മാർ ആന്‍ഡ്രൂസ് താഴത്ത് ബസിലിക്കയില്‍ എത്തിയത്.  മൂന്ന് മെത്രാന്മാരുടെ നേതൃത്വത്തിലുളള സമിതി ചര്‍ച്ചകള്‍ ആരംഭിച്ചതിന്‍റെ അടുത്ത ദിവസം തന്നെ ബലമായി സിനഡ് കുർബാന അർപ്പിക്കാനുള്ള മാർ ആൻഡ്രൂസ് താഴത്തിന്‍റെ നീക്കം മൂലം ചർച്ചകൾ പോലും വഴിമുട്ടിയതായി മെത്രാന്മാർ ചൂണ്ടിക്കാട്ടുന്നു. ബസലിക്കയിൽ നിലനിൽക്കുന്ന തർക്കം മറ്റു പള്ളികളിലേക്കും വ്യാപിക്കാനുള്ള സാധ്യതയുണ്ട്. ഇത് കൂടുതൽ പള്ളികൾ അടച്ചുപൂട്ടുന്നതിന് കാരണമായേക്കാം എന്നും കത്തിൽ കുറ്റപ്പെടുത്തുന്നു. കത്തിന്‍റെ പകര്‍പ്പ് ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിനും കൈമാറിയിട്ടുണ്ട്. നിലവില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസ് ദേവാലയം പൂട്ടിയിട്ടിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News