ഓലപ്പാമ്പ് കാട്ടി സിപിഐഎമ്മിനെ ആരും പേടിപ്പിക്കേണ്ട; ആഞ്ഞടിച്ച് എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ഓലപ്പാമ്പ് കാട്ടി സിപിഐഎമ്മിനെ ആരും പേടിപ്പിക്കേണ്ടെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍.ഗവര്‍ണര്‍ നടപ്പാക്കുന്നത് ആര്‍ എസ് എസ് അജണ്ടയാണ്. തെരഞ്ഞെടുത്ത സര്‍ക്കാരുകളെ അട്ടിമറിക്കാനുള്ള കെ സുരേന്ദ്രന്റ ആഹ്വാനം ഫാസിസമാണെന്നും കെ സുധാകരന്‍ ബിജെപിക്കൊപ്പമാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

വികസനങ്ങളെ തടസപ്പെടുത്തുന്നത് ഇടത് സര്‍ക്കാരിനെതിരായ ആസൂത്രിത നീക്കമാണ്. പദ്ധതികളില്‍ നിന്ന് പിന്നോട്ടില്ലെന്നും മന്ത്രിക്കെതിരായ തീവ്രവാദ പരാമര്‍ശത്തില്‍ പുറത്ത് വന്നത് വികൃത മനസെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

വിഴിഞ്ഞം വിഷയത്തില്‍ മന്ത്രി അബ്ദുറഹ്മാനെ വൈദികന്‍ അധിക്ഷേപിച്ചത് വര്‍ഗീയതയുടെ വികൃത മനസിനുള്ളതിനാലാണെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. മന്ത്രിക്കെതിരായ വര്‍ഗീയ പരാമര്‍ശം നാക്കുപിഴയല്ല. വിഴിഞ്ഞത്ത് വര്‍ഗീയ നിലപാടാണ് സമരത്തിന് നേതൃത്വം നല്‍കുന്നവര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്.

വര്‍ഗീയത മനസില്‍ ഉള്ളവര്‍ക്കേ പേരില്‍ വര്‍ഗീയത കാണാന്‍ കഴിയൂ. തുറമുഖ നിര്‍മാണ വിരുദ്ധ സമര സമിതി കണ്‍വീനര്‍ ഫാദര്‍ തിയോഡോഷ്യസിന് വികൃത മനസാണെന്നും രൂപത മുന്നോട്ടുവച്ച ആറ് ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിന് പിന്നിൽ ഗൂഢോദ്ദേശ്യമുണ്ട്. സമരം തീരരുതെന്ന് ഒരു വിഭാഗം കരുതുന്നു. ഈ വിഷയത്തിൽ  ബിജെപിക്കും കോൺഗ്രസിനും ഒരേ സ്വരമാണ്. സർക്കാരിനെ പിരിച്ചു വിടുമെന്ന് ഇരു കൂട്ടരും പറയുന്നു.

തുറമുറ നിര്‍മാണം നിര്‍ത്തിവെക്കണം എന്ന ആവശ്യം മാത്രം മുന്നോട്ടുവച്ചാണ് സമരം തുടരുന്നതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും സി പി എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ അക്രമം ആസൂത്രിതമാണ്. ഗൂഢാലോചന നടത്തിയവരെ കണ്ടെത്താന്‍ സര്‍ക്കാര്‍ ശ്രമിക്കണം. സമരം ചെയ്യുന്നത് മത്സ്യത്തൊഴിലാളികളല്ല. ഇടതു സര്‍ക്കാരിനെതിരായ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കും.

ആക്രമണങ്ങളിൽ ആരാണോ കുറ്റവാളി അവർക്കെതിരെയെല്ലാം കേസുണ്ടാകും. കേരളത്തിന്റ വളർച്ചക്ക് ആവശ്യമായ പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം”. സമരം അവസാനിച്ചാലും ഇല്ലെങ്കിലും തുറമുഖ നിർമ്മാണം പൂർത്തിയാക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പ്രഖ്യാപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here