നെടുമ്പാശേരിയില്‍ അടിയന്തരമായി ജിദ്ദ – കോഴിക്കോട് വിമാനം നിലത്തിറക്കി; യാത്രക്കാര്‍ സുരക്ഷിതര്‍

നെടുമ്പാശ്ശേരിയിൽ വിമാനം അടിയന്തിരമായി നിലത്തിറക്കി. ജിദ്ദയിൽ നിന്നും കോഴിക്കോട്ടേയ്ക്കുള്ള വിമാനമാണ് സാങ്കേതിക തകരാറിനെത്തുടർന്ന് കൊച്ചിയിലിറക്കിയത്.വിമാനത്തില്‍ നിന്നും സുരക്ഷിതമായി ഇറക്കിയ യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ കോഴിക്കോട്ടെത്തിക്കും.അതേ സമയം ഗവര്‍ണര്‍ സഞ്ചരിച്ച വിമാനം കൊച്ചിയിലെ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് കോയമ്പത്തൂരേക്ക് തിരിച്ചുവിട്ടു.

ജിദ്ദയില്‍ നിന്നും പുറപ്പെട്ട് വെള്ളിയാഴ്ച്ച വൈകീട്ട് 6.30ഓടെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തേണ്ട വിമാനമാണ് നെടുമ്പാശ്ശേരിയില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തിയത്.സ്പൈസ് ജെറ്റിന്‍റെ SG 036 വിമാനം ഹൈഡ്രോളിക്ക് തകരാറിനെത്തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ ഇറങ്ങാന്‍ അനുമതി തേടിയതോടെ വിമാനത്താവളത്തില്‍ അടിയന്തിര സാഹചര്യം നേരിടാന്‍ മുഴുവന്‍ സന്നാഹവും ഒരുക്കുകയായിരുന്നു.മെഡിക്കല്‍ സംഘവും ആംബുലന്‍സും ഉള്‍പ്പടെ റണ്‍വേയിലെത്തി.ഈ സമയം മറ്റ് വിമാനങ്ങളിറക്കാന്‍ അനുമതിയുണ്ടായിരുന്നില്ല.ജിദ്ദ വിമാനം അടിയന്തിരമായ റണ്‍വേയിലിറക്കാന്‍ നടത്തിയ ശ്രമം രണ്ടുതവണ പരാജയപ്പെട്ടു.എന്നാല്‍ മൂന്നാം ശ്രമത്തില്‍ വിമാനം പൈലറ്റ് സുരക്ഷിതമായി നിലത്തിറക്കി.

ജീവനക്കാര്‍ ഉള്‍പ്പടെ 197 പേരാണ്   വിമാനത്തിലുണ്ടായിരുന്നത്. സുരക്ഷിതമായി വിമാനത്തില്‍ നിന്നും പുറത്തിറക്കിയ ഇവരെ പിന്നീട് ടെര്‍മിനലില്‍ എത്തിച്ചു.സ്പൈസ് ജെറ്റിന്‍റെതന്നെ ദുബായില്‍ നിന്നും കൊച്ചിയിലെത്തുന്ന വിമാനത്തില്‍ ഇവരെ കോഴിക്കോട്ടെത്തിയ്ക്കുമെന്ന് വിമാനക്കമ്പനി അറിയിക്കുകയായിരുന്നു.അതേ സമയം അടിയന്തിര ലാൻഡിംഗിനായി എല്ലാ സജ്ജീകരണങ്ങളും വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നതായി സിയാൽ എം ഡി. എസ് സുഹാസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

വിമാനം സുരക്ഷിതമായി നിലത്തിറക്കിയതിനു ശേഷം റൺവേ സാധാരണ നിലയിൽ പ്രവർത്തനമാരംഭിച്ചതായും സിയാൽ എം ഡി അറിയിച്ചു.അതേ സമയം തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ യാത്ര ചെയ്തിരുന്ന വിമാനത്തിന് കൊച്ചിയിലിറങ്ങാന്‍ കഴിഞ്ഞില്ല.അര മണിക്കൂറോളം ആകാശത്ത് വട്ടമിട്ട് പറന്ന വിമാനം നെടുമ്പാശ്ശേരിയിലെ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് കോയമ്പത്തൂരേയ്ക്ക് വഴി തിരിച്ചുവിടുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News