അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കേന്ദ്രത്തിന്റെ വിവിധ പദ്ധതികൾ മുഖ്യമന്ത്രി

അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കേന്ദ്രത്തിന്റെ വിവിധ പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഡിസംബര്‍ മൂന്ന് ശനിയാഴ്ച മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കേന്ദ്രത്തിന്റെ (ഐസിഫോസ്) അഞ്ചു നേട്ടങ്ങളായ ഐസിഫോസ് ഓപ്പണ്‍ ഹാർഡ്‌വെയർ / ഐഒടി വിഭാഗം വികസിപ്പിച്ചെടുത്ത ലോറാവാന്‍ ശൃംഖല ആദ്യ പടിയായി 14 ജില്ലകളില്‍ നടപ്പിലാക്കുന്നതിന്റെ ഉദ്ഘാടനം, സ്വതന്ത്ര ഹാർഡ്‌വെയർ വികസന കേന്ദ്രം ഉദ്ഘാടനം, ഐസിഫോസ് സഹായ സാങ്കേതിക വിഭാഗം വികസിപ്പിച്ച രണ്ടു ഉപകരണങ്ങളുടെ പ്രകാശനം, ഇ-ഗവേണന്‍സ് ഹെല്പ്ഡെസ്കു്, ‘സേവിക’ ചാറ്റ്ബോട്ട് എന്നിവയുടെ ഉദ്ഘാടനം, ഐസിഫോസ് ജെഎന്‍യുവിന്റെ ഗവേഷണകേന്ദ്രമാകുന്ന പ്രഖ്യാപനം എന്നിവയാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്.

ഐസിഫോസ് ഓപ്പണ്‍ ഹാര്‍ഡ്വെയര്‍ / ഐഒടി വിഭാഗം വികസിപ്പിച്ചെടുത്ത ലോറാവാന്‍ ശൃംഖല ആദ്യ പടിയായി 14 ജില്ലകളില്‍ നടപ്പിലാക്കുന്നതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഓപ്പണ്‍ ഐഒടി വെബ്സൈറ്റിലേക്കുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര ഹാർഡ്‌വെയർ വികസന കേന്ദ്രം വികസിപ്പിച്ചെടുത്ത ‘എയര്‍ ക്വാളിറ്റി മോണിറ്റര്‍ വിത്ത് എനര്‍ജി ഹാര്‍വെസ്റ്റിങ്’ മുഖ്യമന്ത്രി ഐ ടി സെക്രട്ടറി ഡോ. രത്തന്‍ യു. ഖേല്‍ക്കാറിന് നല്‍കിക്കൊണ്ട് സ്വതന്ത്ര ഹാർഡ്‌വെയർ വികസന കേന്ദ്രം ഉദ്ഘാടനം ചെയ്തു.

ഐസിഫോസ് സഹായ സാങ്കേതികവിദ്യാ വിഭാഗം വികസിപ്പിച്ച വേഡ് ബില്‍ഡര്‍, ചൈല്‍ഡ് ഡെവലപ്മെന്റ് സെന്റര്‍ ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ് ഡോ. ദീപ ഭാസ്കരന് നല്‍കിക്കൊണ്ട് മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ബ്രെയില്‍ പഠന ഉപകരണം മുഖ്യമന്ത്രി വഴുതക്കാട് സര്‍ക്കാര്‍ അന്ധവിദ്യാലയം ഹെഡ്മാസ്റ്റര്‍ ബി. വിനോദിന് നല്‍കിക്കൊണ്ട് പ്രകാശനം നിര്‍വഹിച്ചു.

ഐസിഫോസ് ജെഎൻയുവിന്റെ ഗവേഷണകേന്ദ്രമാകുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി ഐ ടി സെക്രട്ടറി ഡോ. രത്തന്‍ യു. ഖേല്‍ക്കാറിന് ഫലകം കൈമാറിക്കൊണ്ട് നിര്‍വഹിച്ചു. ഇ- ഗവേണന്‍സ് ഹെല്‍പ്ഡെസ്കിന്റേയും സേവിക ചാറ്റ്ബോട്ടിന്റേയും ഉദ്ഘാടനം മുഖ്യമന്ത്രി ഇ- ഗവേണന്‍സ് ഹെല്‍പ്‍ഡെസ്ക് വെബ്സൈറ്റിന്റെ വെര്‍ച്വല്‍ കര്‍ട്ടന്‍ റൈസര്‍ ലിങ്കില്‍ ക്ലിക്ക് ചെയ്തു. സെക്രട്ടറി ആന്‍ഡ് രജിസ്ട്രാര്‍ എം. എസ്. ചിത്ര, ഇ-ഗവേണന്‍സ് പ്രോഗ്രാം ഹെഡ് ഡോ. രാജീവ് ആര്‍.ആര്‍, ഓപ്പണ്‍ ഐഒടി / ഓപ്പണ്‍ ഹാര്‍ഡ്വെയര്‍ പ്രോഗ്രാം ഹെഡ് ശ്രീനിവാസന്‍. ആര്‍, സഹായ സാങ്കേതികവിദ്യാവിഭാഗം ടെക്നിക്കല്‍ ഹെഡ് ജയദേവ് ജി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

പദ്ധതികളെക്കുറിച്ച്:-

ഇ-ഗവേണന്‍സ് ഹെല്പ്ഡെസ്കും സേവിക ചാറ്റ്ബോട്ടും
സ്വതന്ത്രസോഫ്റ്റ്വെയര്‍ സംരംഭമായ ഉബുണ്ടു വ്യാപകമായി സര്‍ക്കാര്‍ ഓഫീസുകളില്‍ ഉപയോഗത്തില്‍ വന്ന സാഹചര്യത്തില്‍ ഉബുണ്ടു ഉപയോഗത്തിലെ സംശയനിവാരണത്തിനും പ്രശ്നപരിഹാരത്തിനുമായി ഐസിഫോസ് ഇ-ഗവേണന്‍സ് വിഭാഗം ഹെല്പ്ഡെസ്കും ‘സേവിക’ ചാറ്റ്ബോട്ടും സജ്ജമാക്കിയിരിക്കുന്നു.

സര്‍ക്കാര്‍ – പൊതുമേഖലാസ്ഥാപനങ്ങളാണ് സ്വതന്ത്ര സോഫ്‌റ്റ്‌വെയറുകളുടെ പ്രധാന ഉപയോക്താക്കള്‍. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉബുണ്ടുവില്‍ പരിശീലനം കൊടുക്കുക എന്നത് ഐസിഫോസിന്റെ പ്രധാന സേവനങ്ങളിലൊന്നാണ്. എന്നിരുന്നാലും പരിശീലനം സിദ്ധിച്ച് കഴിഞ്ഞും ജീവനക്കാര്‍ക്ക് സംശയങ്ങളുണ്ടാകാം. സ്ഥിരമായി ഉപയോഗിച്ചിരുന്ന കുത്തക സോഫ്‌റ്റ്‌വെയറില്‍ നിന്ന് സ്വതന്ത്ര സോഫ്‌റ്റ്‌വെയറിലേക്ക് മാറുമ്പോള്‍ അത്തരം സംശയങ്ങള്‍ സ്വാഭാവികവുമാണ്. അതു കൊണ്ടാണ് ഐസിഫോസ് ഒരു ഇ-ഗവേണന്‍സ് ഹെല്പ്ഡെസ്കും ഒരു ഉബുണ്ടു സഹായ ചാറ്റ്ബോട്ടും സജ്ജമാക്കിയിരിക്കുന്നത്. ഇരുപത്തിനാല് മണിക്കൂറും ‘സേവിക’ ചാറ്റ്ബോട്ട് സഹായത്തിന് ലഭ്യമാണ്. ചാറ്റ്ബോട്ട് വഴി തീര്‍പ്പാകാത്ത പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉപഭോക്താക്കള്‍ക്ക് ഹെല്‍പ്ഡെസ്കുുമായി ബന്ധപ്പെടാം.

ഐസിഫോസ് ജെഎന്‍യുവിന്റെ ഗവേഷണകേന്ദ്രമാകുന്നു

അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്വെയര്‍ കേന്ദ്രം നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ്, മെഷീൻ ലേണിംഗ്, അസിസ്റ്റീവ് ടെക്‌നോളജി, ഐഒടി, ഡ്രോൺ ടെക്‌നോളജി എന്നീ മേഖലകളിൽ ഒരു അംഗീകൃത ഗവേഷണ കേന്ദ്രമായി പ്രവർത്തി്ച്ചു വരുന്നു. വിവിധ മേഖലകളിൽ കൈവരിച്ച ഗവേഷണ നേട്ടങ്ങള്‍ പരിഗണിച്ച്, അടുത്തിടെ ന്യൂഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയുടെ (ജെഎൻയു) ഗവേഷണ കേന്ദ്രമായി ഐസിഫോസ് അംഗീകരിക്കപ്പെട്ടു. അങ്ങനെ സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ഗവേഷണവും പിഎച്ച്‌ഡിയും നടത്തുന്ന ഇന്ത്യയിലെ ഏക ഗവേഷണ കേന്ദ്രമായി മാറാന്‍ ഐസിഫോസിന് കഴിഞ്ഞു. ഐസിഫോസിനുള്ള ഈ അംഗീകാരം ഗവേഷണത്തിന്റെ പുതിയ മേഖലകളിലേക്ക് കടക്കുന്നതിനുള്ള അനന്തമായ സാധ്യതകളും തുറക്കുന്നു. 2017 ലെ ഐടി നയത്തിന്റെയും 2021 ലെ സര്‍ക്കാര്‍ നയപ്രസ്താവനയുടേയും ഭാഗമാണ് ദേശീയ അന്തർദേശീയ ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ച് സുസ്ഥിര ഗവേഷണ-വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി ഇത്തരമൊരു സ്ഥാപനത്തെ ചുമതലപ്പെടുത്തുക എന്നത്. ഐസിഫോസ് ജവഹർലാൽ നെഹ്‌റു സർവകലാശാലയുടെ ഗവേഷണ കേന്ദ്രമാകുമ്പോള്‍ ഈ ലക്ഷ്യവും സാക്ഷാത്കരിക്കപ്പെടുന്നു. മലയാളം ഭാഷാ സാങ്കേതിക വിദ്യയുടെ പുരോഗതിക്കായി സ്വതന്ത്ര സോഫ്റ്റ്വെയര്‍ ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിന് ഐസിഫോസിൽ ഒരു പ്രത്യേക ഗവേഷണ വിഭാഗം തന്നെ ഉണ്ട്.

ലോറാവാൻ അധിഷ്ഠിത ഇൻറർനെറ്റ് ഓഫ് തിങ്ങ്സ് (ഐഒടി) സംവിധാനം

മറ്റൊരു നേട്ടം ഐസിഫോസ് സാധ്യമാക്കുന്ന ലോറാവാൻ അധിഷ്ഠിത ഇൻറർനെറ്റ് ഓഫ് തിങ്ങ്സ് (ഐഒടി) സംവിധാനമാണ്. കുറഞ്ഞ ഊർജ്ജം ഉപയോഗിക്കുന്നതും നെറ്റ്‌വർക്ക് പ്രോട്ടോകോൾ അധിഷ്ഠിതമായി പ്രവർത്തിക്കുന്നതുമായ ഒരു ശൃംഗലയാണ് ലോറാവാൻ. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഐഒടി ഉപകരണങ്ങൾ ഈ ശൃംഖല ഉപയോഗിച്ച് പ്രാദേശികമായും ഇൻറർനെറ്റ് സഹായത്തോടെ ദേശീയ അന്തർദേശീയ ശൃംഖലകളുമായും വയർലെസ് സംവിധാനത്തിലൂടെ ബന്ധിപ്പിക്കാവുന്ന രീതിയിലാണ് ഇതിൻറെ ക്രമീകരണം. സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾക്ക് കരുത്തേകുന്നതിന് ഐസിഫോസിന്റെ സ്വതന്ത്ര ഐഒടി സംഘമാണ് ഈ ആശയത്തിന് രൂപം നൽകിയത്.

കാർഷിക മേഖലയ്ക്കും ദുരന്ത നിവാരണ സംവിധാനത്തിനും മറ്റു പല പ്രവർത്തനങ്ങൾക്കും ഐഒടി അധിഷ്ഠിത ഉപകരണങ്ങൾ വിന്യസിക്കേണ്ടത് അനിവാര്യമാണ്. പ്രാദേശിക തലത്തിൽ കാലാവസ്ഥയിൽ വ്യതിയാനങ്ങൾ അനുഭവപ്പെടുന്ന നമ്മുടെ സംസ്ഥാനത്ത് ഐഒടി അധിഷ്ഠിത മഴമാപിനി, താപനില, ഈർപ്പം തുടങ്ങിയവ അറിയാനുള്ള ഉപകരണങ്ങൾ വാർഡ് തലത്തിൽ തന്നെ ഉണ്ടാകേണ്ടത് ആവശ്യമായിരിക്കുകയാണ്. എന്നാൽ പല മേഖലകളിലും പ്രത്യേകിച്ച് ഉൾപ്രദേശങ്ങളിൽ, ഉപകരണങ്ങൾ തമ്മിൽ ബന്ധിപ്പിക്കാൻ ഉള്ള വിനിമയസംവിധാനം ഒരുക്കുക എന്നത് വളരെ ശ്രമകരമാണ്. ഇതിന് സഹായകരമായിട്ടാണ് ഐസിഫോസ് കുറഞ്ഞ ഊർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇത്തരം ഒരു നെറ്റ്‌വർക്ക് രൂപകൽപ്പന ചെയ്തു സാധ്യമാക്കിയത്.

അതിൻറെ ആദ്യപടിയായി സർക്കാരിന്റെ ഇലക്ട്രോണിക്സ് ആൻഡ് ഐടി വകുപ്പ് നിഷ്കർഷിക്കുന്ന 14 ജില്ലകളില്‍ ഐഒടി സംവിധാനം ഒരുക്കുകയാണ്. ഐഒടി അധിഷ്ഠിത മഴമാപിനികളും താപനില, ഈർപ്പം തുടങ്ങിയവ അളക്കുന്ന ഉപകരണങ്ങളും ഇതിന്റെ ഭാഗമായി സ്ഥാപിക്കുന്നുണ്ട്. കൂടാതെ ഉപകരണങ്ങളിൽ നിന്നുള്ള വിവരങ്ങൾ സൂക്ഷിക്കാനും ദൃശ്യവൽക്കരണത്തിന് ആവശ്യമായ വെബ് അധിഷ്ഠിത അപ്ലിക്കേഷൻ പോലുള്ള സംവിധാനങ്ങളും ഇതിനോടൊപ്പം ഒരുക്കുന്നു.

കേരളത്തിന്റെ പ്രധാന ശേഷി വികസനവും അടിസ്ഥാന സൗകര്യ വികസനവും ലക്ഷ്യമിടുന്ന ഈ സംവിധാനം ഇന്ത്യയിലെ തന്നെ, ഒരുപക്ഷേ ലോകത്തിലെ തന്നെ ഐഒടി സംവിധാനം പ്രാപ്തമാക്കിയ ആദ്യത്തെ സംസ്ഥാനമായി കേരളത്തെ മാറ്റും. കേരളത്തിലുടനീളം സ്റ്റാർട്ട് അപ്പ് സംരംഭകരുടെ
ഐസിഫോസിൽ സജ്ജമാക്കിയിരിക്കുന്ന സെൻറർ ഫോർ ഡവലപ്പ്മെൻ്റ് ഓഫ് ഓപ്പൺ ഹാർഡ്‌വെയർ, നൂതന സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ജനോപകാരപ്രദമായ പല ഉപകരണങ്ങളും ഓപ്പൺ സോഴ്സ് ഹാർഡ്‌വെയർ സംവിധാനം ഉപയോഗിച്ച് വളരെ വേഗം കുറഞ്ഞ ചിലവിൽ നിർമ്മിക്കുവാൻ പ്രാപ്തമാണ്. യുവസംരംഭകര്‍ക്കും, സ്റ്റാർട്ടപ്പുകൾക്കും, വിദ്യാർത്ഥികക്കും അവരുടെ ആശയങ്ങൾ ഓപ്പൺ സോഴ്സ് ഹാർഡ്‌വെയർ സാങ്കേതിക സഹായത്തോടെ വികസിപ്പിക്കുവാൻ ഈ ലാബ് സഹായകരമാണ്. കൂടാതെ വിവിധ സർക്കാർ വകുപ്പുകൾ, സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്കു വേണ്ടിവരുന്ന ഐഒടി, ഡ്രോൺ തുടങ്ങിയ ആധുനിക ഉപകരണങ്ങൾ ആവശ്യാനുസരണം രൂപകൽപ്പന ചെയ്തത് നിർമ്മിക്കുവാനും ഈ ലാബ് വഴി സാധിക്കും.

വേഡ് ബില്‍ഡറും ബ്രെയില്‍ പഠന ഉപകരണവും

ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് സഹായകരമായ പഠനോപകരണങ്ങള്‍ വികസിപ്പിച്ചതാണ് ഐസിഫോസിന്റെ മറ്റൊരു നേട്ടം. കേരളത്തിലെ വിവിധ കാഴ്ചപരിമിത വിദ്യാലയങ്ങളിൽ നിന്നും പഠനവൈകല്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്നും കുട്ടികൾ നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങൾ മനസ്സിലാക്കി, ഇവ പരിഹരിക്കുന്നത്തിലേക്കുള്ള പ്രവർത്തനങ്ങള്‍ ഐസിഫോസ് സഹായ സാങ്കേതികവിദ്യാവിഭാഗം നടത്തി വരുന്നു. ഇത്തരം ഗവേഷണങ്ങളുടെ ഭാഗമായി ഐസിഫോസ് സഹായ സാങ്കേതികവിദ്യാ വിഭാഗം വികസിപ്പിച്ച രണ്ടു ഉപകരണങ്ങളാണ് നാടിനു സമർപ്പിക്കുന്നത്.

ഒന്ന് ഒരു വേഡ് ബില്‍ഡറാണ്. പുനരുപയോഗിക്കാവുന്ന ആകൃതികൾ ഉപയോഗിച്ച് പഠനവൈകല്യമുള്ള കുട്ടികള്‍ക്ക് അക്ഷരങ്ങൾ പഠിക്കാൻ സഹായിക്കുന്ന ഒരു ഉപകരണമാണ് വേഡ് ബിൽഡർ. ഇതേ രീതിയിൽ തന്നെ, വാക്കുകൾ നിർമിക്കാവുന്ന പദപ്രശ്ന ഉപകരണമായും ഈ ഉപകരണത്തെ മാറ്റി എടുക്കുവാൻ സാധിക്കും. രണ്ടാമത്തേത് ഒരു ബ്രെയില്‍ പഠന ഉപകരണമാണ്. ബ്രെയിൽ ഡോട്ടുകളുടെ രൂപം, ആപേക്ഷിക സ്ഥാനം, ബ്രെയിൽ സെല്ലിന്റെ ഘടന എന്നിവ ലളിതമായി മനസിലാക്കാനും ബ്രെയിൽ അക്ഷരങ്ങൾ സ്വയം നിർമിക്കുവാനും വേണ്ടി ഐസിഫോസ് വികസിപ്പിച്ച ഉപകരണമാണിത്. കാഴ്ച പരിമിതരായവർക്കുള്ള വിദ്യാലയങ്ങളിൽ പ്രീ-ബ്രെയ്‌ലി പഠനത്തിനായി നിലവിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഒതുക്കമുള്ളതല്ല, അതിനാൽ ഈ ഉപകരണങ്ങൾ ഉപയോഗിക്കാൻ വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി, ബ്രെയിൽ ഡോട്ടുകളുടെ ലളിതമായ ബട്ടൺ പ്രസ് സംവിധാനം പ്രദാനം ചെയ്യുന്ന ഒരു ഉപകരണമാണിത്. രക്ഷിതാക്കളുടെ മാർഗനിർദേശപ്രകാരം വിദ്യാർത്ഥികൾക്ക് വീട്ടിൽ നിന്ന് എളുപ്പത്തിൽ പഠിക്കാൻ കഴിയുന്നതിനാൽ ഈ കൈയിലൊതുങ്ങുന്ന സ്വയം-പഠന ഉപകരണങ്ങൾ അത്തരം സാഹചര്യങ്ങളിൽ ഫലപ്രദമായിരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News