ADVERTISEMENT
കരിപ്പൂർ വിമാനത്താവളം വഴി കള്ളക്കടത്തിന് ശ്രമിച്ചയാൾ വിമാനം തകരാറിലായതോടെ കൊച്ചിയിൽ പിടിയിലായി.മലപ്പുറം സ്വദേശി സമദിനെയാണ് 1650 ഗ്രാം സ്വർണ്ണവുമായി കസ്റ്റംസ് പിടികൂടിയത്.
ജിദ്ദയിൽ നിന്നും സ്പൈസ് ജെറ്റ് വിമാനത്തിൽ കയറിയ സമദ് അരയിൽ തോർത്തു കെട്ടി അതിനകത്ത് 1650 ഗ്രാം സ്വർണം ഒളിപ്പിച്ച് കരിപ്പൂർ വിമാനത്താവളം വഴി കടത്താനാണ് ലക്ഷ്യമിട്ടത്.എന്നാൽ ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനാൽ കരിപ്പൂരിലിറങ്ങേണ്ട വിമാനം നെടുമ്പാശേരിയിൽ അടിയന്തിര ലാൻഡിംഗ് നടത്തിയതോടെ സമദിൻ്റെ പദ്ധതികൾ പാളി. വിമാനത്തിൽ നിന്നും യാത്രക്കാരെ ഇറക്കിയ ശേഷം സുരക്ഷാ ഹാളിൽ വിശ്രമിക്കാനനുവദിച്ചു.
തുടർന്ന് സ്‌പൈസ്‌ജെറ്റിന്റെ മറ്റൊരു വിമാനത്തിൽ ഇവരെ യാത്രയാക്കാൻ സുരക്ഷാ പരിശോധന നടത്തിയപ്പോൾ താൻ പിടിക്കപ്പെടുമോയെന്ന ഭയം സമദിന് തോന്നി. തുടർന്ന് ഇയാൾ സ്വർണം ശുചി മുറിയിലുപേക്ഷിക്കുന്നതിനു വേണ്ടി അരക്കെട്ടിൽ നിന്നും ബാഗേജിലേക്ക് മാറ്റാൻ ശ്രമിക്കുന്നത് യാത്രക്കാരെ നിരീക്ഷിക്കുകയായിരുന്ന സി.ഐ.എസ്.എഫുകാരിൽ സംശയമുളവാക്കി. തുടർന്ന് കസ്റ്റംസിനെ വിവരം ധരിപ്പിച്ചു. അവരെത്തി ദേഹപരിശോധന നടത്തിയപ്പോഴാണ് ഹാൻഡ് ബാഗേജിലേക്കു മാറ്റിയ സ്വർണം കണ്ടെത്തിയത്. ഏതാണ്ട് 70 ലക്ഷത്തിലേറെ രൂപ വിലവരുന്ന സ്വർണ്ണമാണ് സമദ് കടത്താൻ ശ്രമിച്ചതെന്ന് കസ്റ്റംസ് പറഞ്ഞു. ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.