ADVERTISEMENT
ഉപ്പ് ചേര്‍ക്കാത്ത ഭക്ഷണത്തിന് യാതൊരു രുചിയും ഉണ്ടാകാറില്ല. എന്നാല്‍ ആഹാരത്തില്‍ അമിതമായ ഉപ്പ് ചേര്‍ക്കുന്നത് ശരീരത്തിന് വളരെ ദോഷം ചെയ്യുന്ന ഒന്നാണ്. ശാരീരിക പ്രശ്നങ്ങള്‍ മാത്രമല്ല ഉപ്പ് കൂടുന്നതു മൂലം മാനസിക പ്രശ്നങ്ങളും പിന്നാലെ വരുമെന്ന് തെളിയിക്കുന്ന ഒരു പഠനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എഡിന്‍ബര്‍ഗ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍. കാര്‍ഡിയോവാസ്‌കുലാര്‍ റിസര്‍ച്ച് എന്ന മെഡിക്കല്‍ ജേര്‍ണലിലാണ് ഇതുസംബന്ധിച്ച പഠനം പുറത്തു വന്നിരിക്കുന്നത്. ധാരാളം ഉപ്പ് അടങ്ങിയിട്ടുള്ള ഡയറ്റ് അമിത സമ്മര്‍ദം നല്‍കുമെന്നാണ് പഠനത്തില്‍ പറയുന്നത്.
അമിത അളവില്‍ ഉപ്പ് ഉപയോഗിക്കുന്നത് എങ്ങനെയാണ് മാനസികാരോഗ്യത്തെ ബാധിക്കുന്നതെന്ന പഠനം വലിയ ചുവടുവെപ്പാണെന്ന് എഡിന്‍ബര്‍ഗ് യൂണിവേഴ്സിറ്റിയിലെ റെനാല്‍ ഫിസിയോളജി വിഭാഗം പ്രൊഫസറായ മാത്യൂ ബെയ്ലി പറഞ്ഞു. ഉപ്പ് കൂടിയ അളവില്‍ കഴിക്കുന്നത് ഹൃദയത്തെയും രക്തധമനികളെയും കിഡ്നിയെയും നശിപ്പിക്കുമെന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. എന്നാല്‍ നമ്മുടെ തലച്ചോര്‍ സമ്മര്‍ദത്തെ കൈകാര്യം ചെയ്യുന്ന വിധത്തെയും ഉപ്പ് സ്വാധീനിക്കുന്നു എന്നു വ്യക്തമാക്കുന്നതാണ് ഈ പഠനം എന്ന് അദ്ദേഹം പറയുന്നു.
കുറഞ്ഞ അളവില്‍ ഉപ്പ് ആഹാരത്തില്‍ ശീലമുള്ള എലികളെയും കൂടിയ അളവില്‍ ഉപ്പ് കഴിക്കുന്ന എലികളെയുമാണ് പഠനത്തിനായി ഉപയോഗിച്ചത്. ഇതില്‍ സാധാരണ ഭക്ഷണക്രമം പാലിച്ച എലികളേക്കാള്‍ സ്ട്രെസ് ഹോര്‍മോണുകള്‍ ഉപ്പ് കൂടിയ അളവില്‍ കഴിച്ച എലികളില്‍ കൂടുതലാണെന്ന് കണ്ടെത്തി. പഠനത്തില്‍ അമിത അളവില്‍ ഉപ്പ് ഉപയോഗിച്ച ഡയറ്റ് നല്‍കിയ വിഭാഗത്തിന്റെ സ്ട്രെസ് ഹോര്‍മോണ്‍ 75 ശതമാനം വര്‍ധിച്ചതായി കണ്ടെത്തി.
ഒരു പ്രായപൂര്‍ത്തിയായ വ്യക്തി ഒരുദിവസം കഴിക്കേണ്ട ഉപ്പിന്റെ അളവ് ആറു ഗ്രാമില്‍ കുറവാണ്. പക്ഷേ ഭൂരിഭാഗം പേരും ഒമ്പതു ഗ്രാമോളം ഉപ്പ് ദിനവും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നുണ്ടെന്നും പഠനത്തില്‍ പറയുന്നു. ഇത് ബ്ലഡ് പ്രഷര്‍ നില വര്‍ധിപ്പിക്കുകയും ഹൃദയാഘാതം, പക്ഷാഘാതം, വാസ്‌കുലര്‍ ഡിമന്‍ഷ്യ മുതലായ അവസ്ഥകളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഇവയെല്ലാം കാലങ്ങളായി പലര്‍ക്കും അറിയുന്നതാണെങ്കിലും ഉപ്പിന് മാനസികാവസ്ഥയെ മാറ്റാനുള്ള പ്രാപ്തിയുണ്ട് എന്നത് ജനങ്ങളിലേക്ക് എത്തിക്കുകയാണ് പഠനത്തിന്റെ ലക്ഷ്യമെന്ന് ഗവേഷകര്‍ പറയുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.