അദ്ദേഹത്തിന്റെ വേര്‍പാട് എനിക്ക് തീരാനഷ്ടം തന്നെയാണ്; കൊച്ചുപ്രേമന്റെ ഓര്‍മകളില്‍ മോഹന്‍ലാല്‍

നടന്‍ കൊച്ചുപ്രേമന്റെ മരണത്തില്‍ അനുശോചിച്ച് നടന്‍ മോഹന്‍ലാല്‍.

പ്രിയപ്പെട്ട കൊച്ചുപ്രേമന്‍ യാത്രയായി. ചെറുതും വലുതുമായ ഒട്ടനവധി വേഷങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും സ്‌നേഹം നേടിയെടുത്തും നമ്മളിലൊരാളായി ജീവിച്ച അനുഗ്രഹീത കലാകാരന്‍ ആയിരുന്നു അദ്ദേഹം. കോളജില്‍ പഠിക്കുന്ന കാലം തൊട്ടേയുള്ള ആത്മബന്ധമാണ് കൊച്ചുപ്രേമനുമായി എനിക്കുണ്ടായിരുന്നത്. അവസാനമായി ഞങ്ങള്‍ ഒന്നിച്ചത് ആറാട്ട് എന്ന സിനിമയിലാണ്. വ്യക്തിപരമായി അദ്ദേഹത്തിന്റെ വേര്‍പാട് എനിക്ക് തീരാനഷ്ടം തന്നെയാണ്. ആ സ്‌നേഹച്ചിരിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം… മോഹന്‍ ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

 ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു  അന്തരിച്ച നടന്‍ കൊച്ചുപ്രേമന്‍. 1979-ല്‍ പുറത്തിറങ്ങിയ ഏഴു നിറങ്ങള്‍ എന്ന സിനിമയാണ് ആദ്യ സിനിമ. 250 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അന്ത്യം സ്വകാര്യ ആശുപത്രിയില്‍.

നാടകത്തിലൂടെ അഭിനയ രംഗത്തെത്തിയ കൊച്ചു പ്രേമന്‍ ആദ്യത്തെ സിനിമ ‘ഏഴു നിറങ്ങള്‍’ ആണ്. തിരുവനന്തപുരം ജില്ലയിലെ വിളപ്പില്‍ പഞ്ചായത്തില്‍ പേയാട് എന്ന ഗ്രാമത്തില്‍ ശിവരാമ ശാസ്ത്രികളുടേയും കമലത്തിന്റെയും മകനായി 1955 ജൂണ്‍ ഒന്നിനാണ് കൊച്ചു പ്രേമന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസം പേയാട് ഗവ.സ്‌കൂളില്‍ പൂര്‍ത്തിയാക്കിയ കൊച്ചു പ്രേമന്‍ തിരുവനന്തപുരം എം.ജി. കോളേജില്‍ നിന്ന് ബിരുദം നേടി. കെ.എസ്.പ്രേംകുമാര്‍ എന്നതാണ് ശരിയായ പേര്.

എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായൊരു നാടകമെഴുതി സംവിധാനം ചെയ്യുന്നത്. അത് വിജയകരമായതിനെ തുടര്‍ന്ന് ഉഷ്ണരാശി എന്ന രണ്ടാമത്തെ നാടകവും രചിച്ചു. ആകാശവാണിയിലെ ഇതളുകള്‍ എന്ന പരിപാടിയിലൂടെയാണ് നാടകങ്ങള്‍ സംപ്രേക്ഷണം ചെയ്തത്. സ്‌കൂള്‍ പഠനത്തിനു ശേഷം നാടകത്തെ ഗൗരവമായി കാണാന്‍ തുടങ്ങിയത് തിരുവനന്തപുരം കവിത സ്റ്റേജിനു വേണ്ടി ജഗതി എന്‍.കെ.ആചാരി ഒരുക്കിയ ജ്വാലാമുഖി എന്ന നാടകത്തില്‍ അഭിനയിച്ചതോടെയാണ്. ഇതിനു ശേഷം ഗായത്രി തീയേറ്റേഴ്‌സിന്റെ അനാമിക എന്ന നാടകത്തിലും തുടര്‍ന്നഭിനയിച്ചു. പിന്നീട് സംഘചേതന, കാളിദാസ കലാകേന്ദ്രം തുടങ്ങി പത്തോളം നാടക സമിതികള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിച്ചു.

ധാരാളം ആരാധകരെ സൃഷ്ടിച്ച കൊച്ചുപ്രേമന്റെ പ്രശസ്തമായ നാടകങ്ങളാണ് കേരള തീയേറ്റേഴ്‌സിന്റെ അമൃതം ഗമയാ, വെഞ്ഞാറമൂട് സംഘചേതനയുടെ സ്വാതി തിരുനാള്‍, ഇന്ദുലേഖ, രാജന്‍.പി.ദേവിന്റെ ആദിത്യമംഗലം ആര്യവൈദ്യശാല എന്നിവ. നാടക സമിതിയില്‍ സജീവമായ കാലത്ത് അദ്ദേഹത്തിന്റെ തന്നെ അതേ പേരുള്ള സുഹൃത്തും ആ സമിതിയിലുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് കൊച്ചുപ്രേമന്‍ എന്ന പേരിലറിയപ്പെട്ടു തുടങ്ങിയത്. കൊച്ചു പ്രേമന്‍ എഴുതി സംവിധാനം ചെയ്ത നാടകം കണ്ട പ്രശസ്ത സംവിധായകന്‍ ജെ.സി.കുറ്റിക്കാടാണ് നാടകത്തില്‍ നിന്ന് സിനിമയിലേക്ക് അവസരം നല്‍കിയത്.

1979-ല്‍ റിലീസായ ഏഴു നിറങ്ങള്‍ എന്ന സിനിമയാണ് കൊച്ചുപ്രേമന്റെ ആദ്യ സിനിമ. പിന്നീട് 1997-ല്‍ രാജസേനന്റെ ദില്ലിവാല രാജകുമാരനില്‍ അഭിനയിച്ച കൊച്ചുപ്രേമന്‍ രാജസേനനൊപ്പം എട്ടു സിനിമകള്‍ ചെയ്തു. ഇതിനിടയിലാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട് കൊച്ചുപ്രേമന്‍ അഭിനയിച്ച നാടകം കാണുന്നത്. നാടകത്തിലെ മികച്ച പ്രകടനത്തെ തുടര്‍ന്ന് 1997-ല്‍ റിലീസായ ഇരട്ടക്കുട്ടികളുടെ അച്ഛന്‍ എന്ന സിനിമയില്‍ വളരെ ശ്രദ്ധേയമായൊരു കഥാപാത്രം കൊച്ചുപ്രേമനെ തേടിയെത്തിയത്.

സിനിമ നടന്‍ എന്ന ലേബല്‍ തന്ന ചിത്രമാണ് 1997-ല്‍ റിലീസായ ഇരട്ടക്കുട്ടികളുടെ അച്ഛന്‍ എന്നാണ് കൊച്ചുപ്രേമന്റെ അഭിപ്രായം. കോമഡി റോളുകള്‍ മാത്രം കൈകാര്യം ചെയ്യുന്ന നടനല്ല താന്‍ എന്ന് തെളിയിച്ചത് 1997-ല്‍ റിലീസായ ഗുരു എന്ന ചിത്രത്തിലെ അഭിനയത്തോടെയാണ്. ജയരാജ് സംവിധാനം ചെയ്ത് 2003-ല്‍ റിലീസായ തിളക്കം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടതിനെ തുടര്‍ന്ന് മലയാള സിനിമയിലെ തിരക്കുള്ള നടനായി കൊച്ചുപ്രേമന്‍ മാറി. രഞ്ജിത്ത് സംവിധാനം ചെയ്ത് 2016-ല്‍ റിലീസായ ലീല എന്ന ചിത്രത്തില്‍ കൊച്ചുപ്രേമന്‍ അവതരിപ്പിച്ച കഥാപാത്രം ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കി. പക്ഷേ ആ വിമര്‍ശനങ്ങളെ കൊച്ചുപ്രേമന്‍ കാണുന്നത് അദ്ദേഹത്തിലെ നടന് പ്രേക്ഷകര്‍ നല്‍കിയ അംഗീകാരമായിട്ടാണ്. മലയാള സിനിമയിലിതു വരെ 250 ചിത്രങ്ങളില്‍ വേഷമിട്ട കൊച്ചുപ്രേമന്‍ സിനിമ കൂടാതെ ടെലി-സീരിയലുകളിലും സജീവമായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel