
യുഎസ്എയെ മറികടന്ന് ലോകകപ്പിന്‍റെ ക്വാര്‍ട്ടറില്‍ കടന്ന് നെതര്‍ലാന്‍ഡ്സ്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഡച്ച് പടയുടെ മിന്നും വിജയം. മെംഫിസ് ഡീപെ, ബ്ലിന്‍ഡ്, ഡംഫ്രിസ് എന്നിവരാണ് നെതര്‍ലാന്‍ഡ്സിനായി ഗോളുകള്‍ നേടിയത്. യുഎസിന്റെ ആശ്വാസ ഗോള്‍ ഹാജി റൈറ്റ് സ്വന്തമാക്കി.
തുല്യ ശക്തികളുടെ പോരാട്ടം കണ്ട മത്സരത്തില്‍ ഇരു ടീമിലെയും ഗോള്‍കീപ്പര്‍മാരുടെ പ്രകടനമാണ് നിര്‍ണായകമായത്. ഫിനിഷിങ്ങില്‍ യുഎസിനേക്കാള്‍ മികവ് പുലര്‍ത്തിയ നെതര്‍ലന്‍ഡ്‌സ് മത്സരം സ്വന്തമാക്കുകയായിരുന്നു. കളിതുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ ആദ്യ അവസരം സൃഷ്ടിച്ചത് യുഎസ്എയായിരുന്നു. നെതര്‍ലന്‍ഡ്‌സ് ടീമിന്റെ ഓഫ്‌സൈഡ് ട്രാപ് പൊളിച്ച് പന്ത് സ്വീകരിച്ച ക്രിസ്റ്റ്യന്‍ പുലിസിച്ചിന്റെ ഗോളെന്നുറച്ച ഷോട്ട് ഡച്ച് ഗോള്‍കീപ്പര്‍ നൊപ്പേര്‍ട്ട് രക്ഷപ്പെടുത്തുകയായിരുന്നു.
പിന്നാലെ ഡച്ച് ബോക്‌സിലേക്ക് തുടരെത്തുടരെ യുഎസ്എ ആക്രമണങ്ങളായിരുന്നു. എന്നാല്‍ ഓറഞ്ച് പ്രതിരോധം ഉറച്ചുനിന്നതോടെ അവര്‍ക്ക് ഫൈനല്‍ തേര്‍ഡില്‍ കാര്യമായ സമ്മര്‍ദം സൃഷ്ടിക്കാനായില്ല. ഇതിനു പിന്നാലെ സ്വന്തം ഹാഫില്‍ നിന്നുള്ള മികച്ചൊരു നെതര്‍ലന്‍ഡ്‌സ് മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. 10-ാം മിനിറ്റില്‍ വണ്‍ടച്ച് ഗെയിമിനൊടുവില്‍ ഡെന്‍സല്‍ ഡംഫ്രിസ് നല്‍കിയ ക്രോസ് ഡീപേ പോസ്റ്റിന്റെ ഇടത് മൂലയില്‍ കയറ്റുകയായിരുന്നു.
തുടര്‍ന്ന് കളംപിടിച്ച നെതര്‍ലന്‍ഡ്‌സ് കോഡി ഗാക്‌പോ, ഡംഫ്രിസ്, ഡാലെ ബ്ലിന്‍ഡ് എന്നിവരിലൂടെ മികച്ച അറ്റാക്കിങ് റണ്ണുകള്‍ നടത്തി. ഇത്തരമൊരു മുന്നേറ്റത്തിനൊടുവില്‍ 17-ാം മിനിറ്റില്‍ ഗാക്‌പോ നല്‍കിയ പന്ത് ബ്ലിന്‍ഡ് പുറത്തേക്കടിച്ച് കളഞ്ഞു. എന്നാല്‍ ഗോള്‍ തിരിച്ചടിക്കാന്‍ ഉറച്ചെന്നപോലെ കളിച്ച യുഎസ്എ പിന്നീട് നിരന്തരം ആക്രമണങ്ങള്‍ നടത്തി. ഇതിനിടെ 43-ാം മിനിറ്റില്‍ ബോക്‌സിന് പുറത്തുനിന്നുള്ള തിമോത്തി വിയയുടെ ഷോട്ടും നൊപ്പേര്‍ട്ട് തട്ടിയകറ്റി.
പിന്നാലെ ആദ്യ പകുതി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കേ ബ്ലിന്‍ഡിലൂടെ നെതര്‍ലന്‍ഡ്‌സ് രണ്ടാം ഗോളും നേടി. ക്രോസുകള്‍ ക്ലിയര്‍ ചെയ്യുന്നതില്‍ യുഎസ് ടീമിനുള്ള ദൗര്‍ബല്യം തെളിയിക്കുന്നതായിരുന്നു രണ്ടാം ഗോളും. ഇത്തവണയും ഡിഫന്‍ഡര്‍മാരെ മറികടന്ന് ഡംഫ്രിസ് നല്‍കിയ പാസ് ഓടിയെത്തിയ ബ്ലിന്‍ഡ് വലയിലെത്തിക്കുകയായിരുന്നു. ഒന്നാം പകുതിയിലേക്കാള്‍ ആവേശത്തിലാണ് രണ്ടാം പകുതി ആരംഭിച്ചത്.
ഇരുവശത്ത് നിന്നും ഗോള്‍ കീപ്പര്‍മാര്‍ക്ക് കടുത്ത പരീക്ഷണങ്ങള്‍ നല്‍കുന്ന നീക്കങ്ങളുണ്ടായി. 50-ാം മിനിറ്റില്‍ യുഎസ്എയ്ക്ക് ലഭിച്ച കോര്‍ണറില്‍ മക്കന്‍സിയുടെ ഹെഡര്‍ നൊപ്പാര്‍ട്ട് തടഞ്ഞെങ്കിലും പുലിസിച്ചിന്‍റെ ക്രോസില്‍ റീമിന്‍റെ ശ്രമം, ഗോള്‍ ലൈനില്‍ നിന്ന് ഡച്ച് പ്രതിരോധം രക്ഷപ്പെടുത്തി. തൊട്ട് പിന്നാലെ സിമ്മര്‍മാനിലൂടെ നെതര്‍ലാന്‍ഡ്സ് മൂന്നാം ഗോളിന് അടുത്ത് വരെ എത്തിയെങ്കിലും ടര്‍ണറിന്‍റെ റിഫ്ലക്സിന് മുന്നില്‍ അത് അവസാനിച്ചു.
നൊപ്പാര്‍ട്ടിന് യുഎസ്എ താരങ്ങള്‍ വീണ്ടും തീരാ തലവേദനകള്‍ സൃഷ്ടിച്ച് കൊണ്ടേയിരുന്നു. ഇതിനിടെ 61-ാം മിനിറ്റില്‍ മെംഫീസ് ഡീപേയുടെ ബോക്സിന് പുറത്ത് നിന്നുള്ള ഷോട്ട് ടര്‍ണറുടെ ഗോള്‍ കീപ്പിംഗ് മികവിന് മുന്നില്‍ നിഷ്പ്രഭമായി. ടീമിന് ഗോള്‍ നേടാന്‍ സാധിക്കാതെ പോകുമ്പോള്‍ ഡച്ച് പടയുടെ ആക്രമണങ്ങളെ നേരിട്ട് എന്തെങ്കിലും പ്രതീക്ഷ നിലനിര്‍ത്തിയത് ടര്‍ണര്‍ തന്നെയായിരുന്നു. 72-ാം മിനിറ്റില്‍ കൂപ്പ്മെയ്നേഴ്സിന്‍റെ ഷോട്ട് തടുത്തിട്ട് ടര്‍ണര്‍ റീബൗണ്ടില്‍ ഡീപെയുടെ ഹെഡ്ഡറും സേവ് ചെയ്തു.
തൊട്ട് പിന്നാലെയാണ് യുഎസ്എയ്ക്ക് മത്സരത്തിലെ ഏറ്റവും വലിയ സുവര്‍ണാവസരം ലഭിച്ചത്. ഡീപെയുടെ ഗോള്‍ കീപ്പറിലേക്കുള്ള ബാക്ക് പാസ് പിഴച്ചപ്പോള്‍ റൈറ്റിന്‍റെ കാലുകളിലേക്കാണ് എത്തിയത്. മുന്നോട്ട് കയറി എത്തിയ നൊപ്പാര്‍ട്ടിനെ മറികടക്കാനുള്ള റൈറ്റിന്‍റെ ഫസ്റ്റ് ടച്ച് അല്‍പ്പം കടന്നുപോപ്പോള്‍ നഷ്ടമായത് ഉറച്ച ഗോള്‍ കൂടെയായിരുന്നു. ഇതിന് 76-ാം മിനിറ്റില്‍ റൈറ്റ് തന്നെ പ്രായശ്ചിത്തം ചെയ്തു. പുലിസിച്ചിന്‍റെ വലത് വിംഗില്‍ നിന്നുള്ള ലോ ക്രോസില്‍ ചെറുതായി മാത്രമേ റൈറ്റിന് ടച്ച് ചെയ്യാന്‍ സാധിച്ചുള്ളുവെങ്കിലും നൊപ്പാര്‍ട്ടിനെ കീഴടക്കാന്‍ അതുമതിയായിരുന്നു.
കടുത്ത യുഎസ് സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ പുലിസിച്ചിന്റെ പാസില്‍ നിന്നായിരുന്നു റൈറ്റിന്റെ ഗോള്‍. പുലിസിച്ച് ക്രോസ് ചെയ്ത പന്ത് റൈറ്റിന്റെ ബൂട്ടിലിടിച്ച് ഉയര്‍ന്ന് വലയിലെത്തുകയായിരുന്നു. പിന്നാലെ യുഎസ് ആക്രമണങ്ങള്‍ക്ക് ജീവന്‍വെച്ചു. 77-ാം മിനിറ്റില്‍ റൈറ്റിന്റെ ഗോള്‍ശ്രമം നൊപ്പേര്‍ട്ട് സ്ലൈഡ് ചെയ്ത് രക്ഷപ്പെടുത്തി.
തൊട്ടടുത്ത മിനിറ്റില്‍ പുലിസിച്ചിന്റെ ഷോട്ടും നൊപ്പേര്‍ട്ട് തടഞ്ഞു. എന്നാല്‍ 81-ാം മിനിറ്റില്‍ ബ്ലിന്‍ഡിന്റെ ക്രോസ് തകര്‍പ്പന്‍ ഷോട്ടിലൂടെ വലയിലാക്കിയ ഡംഫ്രിസ് മത്സരം യുഎസില്‍ നിന്ന് തട്ടിയെടുത്തു. കളിയിലേക്ക് തിരികെയെത്തി എന്ന വിശ്വാസത്തില്‍ യുഎസ്എ പിടിമുറുക്കുമ്പോഴാണ് നെതര്‍ലാന്‍ഡ്സിന്‍റെ വക അടുത്ത പ്രഹരം ഏല്‍ക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here