ഈ സമരം അതിജീവനത്തിന് വേണ്ടിയുള്ളതാണ് ; ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ സ‍ർക്കുലർ

വിഴിഞ്ഞം സംഘർഷത്തിന് പിന്നിലെ സാഹചര്യം വിശദീകരിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ സർക്കുലർ. പ്രകോപനപരമായ സാഹചര്യങ്ങളാണ് അനിഷ്ട സംഭവങ്ങളിലേക്ക് നയിച്ചതെന്നാണ് ആർച്ച് ബിഷപ്പിന്‍റെ സർക്കുലറിൽ പറയുന്നത്. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്നും സർക്കുലർ.

വി‍ഴിഞ്ഞത്തെ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ നടക്കുന്ന സമാവായ ശ്രമങ്ങൾക്കിടെയാണ് തിരുവനന്തപുരത്തെ ലത്തീൽ അതിരൂപതയ്ക്ക് കീ‍ഴിലെ പള്ളികളിൽ സർക്കുലർ വായിച്ചത്. ഈ സമരം അതിജീവനത്തിന് വേണ്ടിയുള്ളതാണ്. ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്നും ചർച്ചകൾ പുനരാരംഭിക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്നുമാണ് ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുടെ പേരിലുള്ള സർക്കുലറിലെ പ്രധാന ആവശ്യം. സർക്കാരിന്‍റെ നിസ്സംഗതയും ജനകീയ സമിതിയുടെ അധിക്ഷേപങ്ങളും മത്സ്യത്തൊഴിലാളികളിൽ പ്രകോപനമുണ്ടാക്കി. നിരായുധരായ സ്ത്രീകളെ പൊലീസ് മർദിച്ചു.
അതിജീവന സമരത്തിന് നേതൃത്വം നൽകുന്നവരെ രാജ്യദ്രോഹികളായും തീവ്രവാദികളായും ചിത്രീകരിച്ചു.

സമരത്തിന്റെ പേരിൽ സംഘർഷം ആഗ്രഹിക്കുന്നില്ല. സമാധാനാന്തരീക്ഷം ഉറപ്പുവരുത്താൻ സർക്കാർ മുൻകൈ എടുക്കണമെന്നും സർക്കുലർ ആവശ്യപ്പെടുന്നു. മാധ്യമങ്ങൾ പുറത്തുവിട്ട അക്രമത്തിന്‍റെ ദൃശ്യങ്ങൾ സത്യത്തിന്‍റെ ഒരു മുഖം മാത്രമെന്നും സർക്കുലറിൽ വിമർശിക്കുന്നു. വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ ജൂഡീഷ്യൽ അന്വേഷണം വേണമെന്ന് സർക്കുലറിലും ലത്തീൽ അതിരൂപത ആവശ്യപ്പെട്ടു.
തുറമുഖം സ്ഥിരമായി നിർത്തിവയ്ക്കണം എന്നാവശ്യപ്പെടുന്നില്ല, മറിച്ച് നിർമാണം നിർത്തിവച്ചുള്ള പഠനമാണ് ആവശ്യപ്പെടുന്നതെന്നും സ‍ർക്കുലറിൽ പറയുന്നു.

ക‍ഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയുമായി നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ ചർച്ച ചെയ്യാനായി ഇന്ന് സമരസമിതി യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here