ADVERTISEMENT
ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിലെ റെയിൽവെ വികസനം ത്വരിതപ്പെടുത്താൻ ഡിവിഷണൽ റെയിൽവെ മാനേജർ ആർ. മുകുന്ദുമായി എ.എം.ആരിഫ് എം.പി. നടത്തിയ ചർച്ചയിൽ ധാരണയായി. അമ്പലപ്പുഴ-തുറവൂർ പാത ഇരട്ടിപ്പിക്കലിന് റെയിൽവെ ബോർഡിന്റെ അന്തിമ അനുമതി രണ്ടാഴ്ചക്കുള്ളിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നേരത്തേ അനുമതി ലഭിച്ച തുറവൂർ-കുമ്പളം, കുമ്പളം-എറണാകുളം ഭാഗങ്ങളിലെ പാത ഇരട്ടിപ്പിക്കൽ ജോലികൾ ഉടൻ ആരംഭിക്കുമെന്നും ഡി.ആർ.എം. യോഗത്തിൽ വ്യക്തമാക്കി. മണ്ഡലത്തിലെ വിവിധ റെയിൽവെ സ്റ്റേഷനുകളിലെ വികസന പ്രവർത്തനങ്ങളും ട്രെയിനുകളുടെ സ്റ്റോപ്പുകൾ പുന:സ്ഥാപിക്കുന്നതും പുതിയ സ്റ്റൊപ്പുകൾ അനുവദിക്കുന്നതും ചർച്ചയായി. ആലപ്പുഴ റെയിൽ സ്റ്റേഷനിൽ വെച്ചു നടന്ന ചർച്ചയിൽ സീനിയർ ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർ ജെറിൻ ജി ആനന്ദ്, റെയിൽ വെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മിർ അതിഫ്, ഡോ. ആർ സേതുനാഥ്, മറ്റ് റെയിൽവെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
പ്രധാനപ്പെട്ട തീരുമാനങ്ങൾ
• കോവിഡ്-19നു മുൻപ് മാവേലി എക്സ്പ്രസ്സിന് അമ്പലപ്പുഴ, മാരാരിക്കുളം, തുറവുർ സ്റ്റേഷനുകളിലും ചെന്നൈ എഗ്മൂർ-ഗുരുവായൂർ എക്സ്പ്രസ്സിന് ചേർത്തല, ഹരിപ്പാട് സ്റ്റേഷനുകളിലും ഉണ്ടായിരുന്ന സ്റ്റോപ്പുകൾ പുന:സ്ഥാപിക്കാൻ റെയിൽവെ ബോർഡിന് ശുപാർശ നൽ കും
• കോവിഡ്-19നു മുൻപ് കരുനാഗപ്പള്ളിയിൽ സ്റ്റോപ്പ് ഉണ്ടായിരുന്ന രാജ്യറാണി, അമൃത, തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനുകളുടെ സ്റ്റോപ്പ് പുന:സ്ഥാപിക്കാൻ ശുപാർശ ചെയ്യും.
• രാവിലെ 10 മണിക്ക് എറണാകുളത്തു നിന്നും കായംകുളത്തേയ്ക്കും ഉച്ചയ്ക്ക് 1നു് തിരിച്ചും സർവീസ് നടത്തിയിരുന്ന 66315/66316 പാസഞ്ചർ പുനരാരംഭിക്കാൻ നടപടികൾ എടുക്കും
• കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ്സിൽ എത്തുന്ന യാത്രക്കാർക്ക് ആലപ്പുഴ, കായംകുളം ഭാഗത്തേക്ക് യാത്രതുടർച്ച ഉറപ്പിക്കുന്നതിന് നിലവിൽ രാത്രി 8.10ന് പുറപ്പെടുന്ന 06441 എറണാകുളം-കൊല്ലം മെമുവിന്റെ സമയം പുന:ക്രമീകരിക്കുന്ന കാര്യം പരിശോധിക്കും.
• തിരുവനന്തപുരം-വെരാവൽ പ്രതിവാര എക്സ്പ്രസ്സിന് കായകുളം, കരുനാഗപ്പള്ളി സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കാൻ റെയിൽവെ ബോർഡിന് ശുപാർശ നൽകും
• നിലവിൽ ആഴ്ചയിൽ ഒരു ദിവസം കോട്ടയം വഴി സർവീസ് നടത്തുന്ന എറണാകുളം – വേളാങ്കണ്ണി സ്പെഷ്യൽ ട്രെയിൻ സ്ഥിരമായി സർവീസ് നടത്താനും ആഴ്ചയിൽ ഒരു ദിവസം ആലപ്പുഴ വഴികൂടി സർവീസ് നടത്താനും ശുപാർശ ചെയ്യും
• എം.പി. ഫണ്ട് ഉപയോഗിച്ച് ചേർത്തല റെയിൽവെ സ്റ്റേഷനിലെ നടപ്പാലത്തിന് 18 ലക്ഷം ചെലവിൽ മേൽക്കൂര നിർമ്മാണം മാർച്ചിനു മുൻപ് പൂർത്തിയാക്കും
• കരുനാഗപ്പള്ളിയിലെ ലൂപ്പ് ട്രാക്ക്, കിഴക്കുഭാഗത്ത് പുതിയ കവാടം എന്നിവയടക്കമുള്ള വികസന കാര്യങ്ങൾ ചർച്ചചെയ്യാൻ ഡിസംബർ 17ന് എം.പി.യുടെ സാന്നിധ്യത്തിൽ സംയുക്ത പരിശോധന നടത്തും
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.