‘UDF നേതാക്കൾ തരൂരിൻ്റെ വാക്കുകൾ ശ്രദ്ധിച്ചാൽ പിന്നീടവർക്ക് മാറ്റിപ്പറയേണ്ടി വരില്ല’: കെ ടി ജലീൽ

വിഴിഞ്ഞം തുറമുഖത്തിൻ്റെ കാര്യത്തിൽ അഭിപ്രായം പറയുന്നതിന് മുമ്പ് യുഡിഎഫ് നേതാക്കൾ ശശി തരൂരിൻ്റെ വാക്കുകൾ ശ്രദ്ധിച്ചാൽ പിന്നീടവർക്ക് വാക്ക് മാറ്റിപ്പറയേണ്ടി വരില്ലെന്ന് കെ ടി ജലീൽ എംഎൽഎ.
ജനങ്ങളുടെ ഭൗതിക ജീവിതവുമായും നാടിൻ്റെ വികസനുവുമായും ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഇടപെടുന്നതും പരിഹാരം കാണുന്നതും ഒരു മതേതര-ജനാധിപത്യ രാജ്യത്ത് ഭരണ-രാഷ്ട്രീയ നേതൃത്വമാവണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

മത നേതാക്കള്‍ വികസന കാര്യങ്ങളില്‍ ഇടപെട്ട് ജനങ്ങളെ ഇളക്കി വിടുന്നതും കലാപത്തിന് പ്രേരിപ്പിക്കുന്നതും ഒരു കാരണവശാലും പ്രോല്‍സാഹിപ്പിക്കാനാവില്ലെന്നും കേരളത്തിലെ വലതുപക്ഷ പാര്‍ട്ടികളും പൊതു സമൂഹവും ഇക്കാര്യം ഗൗരവപൂര്‍വ്വം ആലോചിക്കണമെന്നും കെടി ജലീൽ കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പ്

മതവും രാഷ്ട്രീയവും അതിർ വരമ്പുകൾ മാനിക്കണം
ജനങ്ങളുടെ ഭൗതിക ജീവിതവുമായും നാടിൻ്റെ വികസനുവുമായും ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഇടപെടുന്നതും പരിഹാരം കാണുന്നതും ഒരു മതേതര-ജനാധിപത്യ രാജ്യത്ത് ഭരണ-രാഷ്ട്രീയ നേതൃത്വമാവണം. ആത്മീയ-മത വിഷയങ്ങൾ പുരോഹിതൻമാരും കൈകാര്യം ചെയ്യണം. ആരും ആരുടെയും അധികാരങ്ങളിൽ കയ്യിട്ടുവാരി കുളമാക്കരുത്.
വ്യക്തികൾ എന്ന നിലയിൽ അഭിപ്രായങ്ങൾ പറയാനുള്ള സ്വാതന്ത്ര്യം ഇരുകൂട്ടർക്കും നിഷേധിക്കാൻ പാടില്ല. അതിനപ്പുറത്തേക്ക് പരസ്പരം അതിർത്തിരേഖ ലംഘിക്കാതെ നോക്കേണ്ട ഉത്തരവാദിത്തം ഇരുകൂട്ടർക്കുമുണ്ട്.
മതം രാഷ്ട്രീയത്തിൽ ഇടപെടുന്നതിനെയാണ് മതരാഷ്ട്ര വാദമായി പൊതുവെ വിലയിരുത്തുന്നത്. ഒരു മതത്തിലും ഇത്തരം പ്രവണതകൾ പ്രോൽസാഹിപ്പിക്കപ്പെട്ടു കൂട. എന്നാൽ കേരളത്തിൽ ചില പുരോഹിതൻമാർ മതത്തിൻ്റെ വേലി ചാടിക്കടന്ന് രാഷ്ട്രീയ നേതൃത്വം കൈകാര്യം ചെയ്യേണ്ട കാര്യങ്ങളിലേക്ക് അതിക്രമിച്ച്‌ കടക്കുന്ന രീതി വർധിച്ചു വരുന്നത് കാണാം. മലയോര-തീരദേശ മേഖലകളിൽ നടക്കുന്ന പ്രക്ഷോഭങ്ങൾ ശ്രദ്ധിച്ചാൽ ഇത് ബോദ്ധ്യമാകും.
മലയോര കർഷകരും മൽസ്യതൊഴിലാളികളും അധിവസിക്കുന്ന പ്രദേശങ്ങളിലെ ജനവിഭാഗങ്ങൾക്കിടയിൽ സ്വാധീനമുള്ള വലതു രാഷ്ട്രീയ പാർട്ടികൾക്ക് ഇക്കാര്യത്തിൽ പരാതിയില്ല എന്നുള്ളത് ഏറെ വിചിത്രമാണ്.

ഒരു ജനകീയ പ്രശ്ശനം ഏറ്റെടുക്കാതിരുന്നാൽ അത്രയും അധ്വാനം കുറഞ്ഞു കിട്ടുമല്ലോ എന്നാണ് അവർ ആശ്വസിക്കുന്നത്.
പരിസ്ഥിതി ലോല പ്രദേശ നിയമവുമായി ബന്ധപ്പെട്ട സമരമായാലും വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട പ്രതിഷേധമായാലും അതിൽ വൈദികൻമാർക്ക് എന്തു കാര്യം? ആരാധനാലയങ്ങളിലെ പ്രാർത്ഥനകൾക്കും മതപരമായ മറ്റു ചടങ്ങുകൾക്കും രാഷ്ട്രീയ നേതാക്കൾ നേതൃത്വം നൽകിയാൽ പുരോഹിതൻമാർ അതംഗീകരിക്കുമോ? ഇല്ലെന്നതാണ് യാഥാർത്ഥ്യം. തിരിച്ചും അങ്ങിനെത്തന്നെ ആവുന്നതല്ലേ ന്യായം.

നേഷണൽ ഹൈവേ വിരുദ്ധ സമരത്തിലും ഗെയ്ൽ വിരുദ്ധ സമരത്തിലും കാണാത്ത പുരോഹിത സാനിദ്ധ്യം മലയോര മേഖലയിലെ പ്രക്ഷോഭങ്ങളിലും വിഴിഞ്ഞത്തെ സമരമുഖത്തും കാണുന്നത് എന്തുകൊണ്ടാണ്? ഒന്നുകിൽ വലതുപക്ഷ രാഷ്ട്രീയ പാർട്ടികളെ അവിടുത്തെ ജനങ്ങൾക്ക് വിശ്വാസമില്ല. അതല്ലെങ്കിൽ മത നേതാക്കൻമാരെ മുന്നിൽ നിർത്തി വലതു രാഷ്ട്രീയ നേതൃത്വം ഇടതു സർക്കാരിനെതിരെ മതവികാരം ആളിക്കത്തിക്കുന്നു. ഇതിലേതെങ്കിലും ഒന്ന് ശരിയാവാനേ തരമുള്ളൂ.

മത നേതാക്കൾ വികസന കാര്യങ്ങളിൽ ഇടപെട്ട് ജനങ്ങളെ ഇളക്കി വിടുന്നതും കലാപത്തിന് പ്രേരിപ്പിക്കുന്നതും ഒരു കാരണവശാലും പ്രോൽസാഹിപ്പിക്കാനാവില്ല. ഓരോ പ്രദേശങ്ങളിലെയും വികസന വിരുദ്ധ സമരങ്ങൾ വിവിധ മത നേതാക്കൾ ഏറ്റെടുത്ത് വിശ്വാസത്തിൻ്റെ നിറം നൽകിയാൽ നാടിൻ്റെ മതനിരപേക്ഷ താളം താറുമാറാകുന്ന സ്ഥിതിയല്ലേ സംജാതമാവുക?

കേരളത്തിലെ വലതുപക്ഷ പാർട്ടികളും പൊതു സമൂഹവും ഇക്കാര്യം ഗൗരവപൂർവ്വം ആലോചിക്കണം. വിഴിഞ്ഞം തുറമുഖത്തിൻ്റെ കാര്യത്തിൽ അഭിപ്രായം പറയുന്നതിന് മുമ്പ് UDF നേതാക്കൾ ശശി തരൂരിൻ്റെ വാക്കുകൾ ശ്രദ്ധിച്ചാൽ പിന്നീടവർക്ക് വാക്ക് മാറ്റിപ്പറയേണ്ടി വരില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here