ADVERTISEMENT
സമകാലിക ജീവിതവൈവിധ്യങ്ങളുടെ നേർക്കാഴ്ച്ചയൊരുക്കുന്ന ലോകസിനിമാ വിഭാഗത്തിൽ ഇക്കുറി വനിതകളുടെ ആധിപത്യം . ഈ വിഭാഗത്തിലെ 78 സിനിമകളിൽ 25 ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത് വനിതകളാണ് .50 ലധികം രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന ലോക സിനിമാ വിഭാഗത്തിൽ കാൻ ,ടൊറോന്റോ തുടങ്ങിയ മേളകളിൽ ജനപ്രീതി നേടിയ ചിത്രങ്ങളും ഓസ്കാർ നാമനിർദ്ദേശം ലഭിച്ച ചിത്രങ്ങളും ഉൾപ്പെടുന്നുണ്ട്.
ലോക പ്രശസ്ത ഫ്രഞ്ച് സംവിധായകരായ മിയ ഹാൻസെൻ ലൗ ,ആലിസ് ദിയോപ് ,താരിഖ് സലെ, ജർമ്മൻ സംവിധായിക സെൽസൻ എർഗൻ , മറിയം തുസ്സാനി,ഫിനീഷ്യൻ സംവിധായിക അല്ലി ഹാപ്പസാലോ , കാനിൽ ഗോൾഡൻ ക്യാമറ പുരസ്‌കാരം നേടിയ ലിയോണ സെറെ തുടങ്ങിയ വനിതകളുടെ പുതിയ ചിത്രങ്ങളാണ് ലോകസിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.
അസുഖബാധിതനായ പിതാവിനെ പരിചരിക്കാൻ പ്രയാസപ്പെടുന്ന യുവതിയുടെ ജീവിതമാണ് മിയ ഹാൻസെൻ ലൗ വിന്റെ വൺ ഫൈൻ മോർണിംഗ് പ്രമേയമാക്കിയിരിക്കുന്നത് .രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആധാരമാക്കി അപൂർവ്വ സൗഹൃദത്തിന്റെ കഥപറയുന്ന സസ്കിയ ഡെയ്സിങിന്റെ ലോസ്റ്റ് ട്രാൻസ്‌പോർട്ട്, പുരുഷാധിപത്യം പ്രമേയമാക്കിയ ഇറാനിയൻ കുടുംബചിത്രം ലൈലാസ് ബ്രദേഴ്സ്, സ്വവർഗ്ഗരതിയുടെ പേരിൽ നിയമനടപടികൾ നേരിടേണ്ടിവന്ന ഇറ്റാലിയൻ കവി എൽദോ ബ്രൈബാന്റിയുടെ ജീവിതം വരച്ചു കാട്ടുന്ന ലോർഡ് ഓഫ് ആന്റ്സ് എന്നീ ചിത്രങ്ങളും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും.
ഇന്റർനെറ്റ് പ്രതിഭാസമായ റൂൾ 34 നെ അടിസ്ഥാനമാക്കിയുള്ള ബ്രസ്സീലിയൻ ചിത്രം റൂൾ 34 ഉം ലോക സിനിമ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുണ്ട് . ലൊക്കാർണോ മേളയിൽ മികച്ച സിനിമയായി തെരെഞ്ഞെടുക്കപ്പെട്ട ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജൂലിയാ മുറാത്താണ്. ലൊക്കാർണോ മേളയിൽ മൂന്ന് പുരസ്‌കാരം നേടിയ സ്പാനിഷ് ചിത്രം ഐ ഹാവ് ഇലക്ട്രിക് ഡ്രീംസ് നൈമിഷികമായ ജീവിത യാഥാർഥ്യങ്ങളുടെ സങ്കീർണതയാണ് ചർച്ചചെയ്യുന്നത് .വാലെന്റിന മൗറേൽ ആണ് ചിത്രത്തിന്റെ സംവിധായിക.
യാഥാസ്ഥിതിക ചുറ്റുപാടുകൾക്കെതിരെ ട്രാൻസ് വനിത നടത്തുന്ന ചെറുത്തുനിൽപ്പിന്റെ ദൃശ്യാവിഷ്കാരമായ മാർസെല്ല ഗോമെസ് ചിത്രം പലോമ , പാം ഡി ഓർ ജേതാവ് റൂബെൻ ഓസ്ലൻഡിന്റെ ആക്ഷേപഹാസ്യ ചിത്രം ട്രയാങ്കിൾ ഓഫ് സാഡ്നെസ് ,താരിഖ് സലെയുടെ പൊളിറ്റിക്കൽ ത്രില്ലർ ബോയ് ഫ്രം ഹെവൻ, ലിംഗസമത്വത്തിന്റെയും തിരിച്ചറിവുകളുടെയും കഥ പറയുന്ന മറിയം തുസാനിയുടെ ബ്ലൂ കഫ്താൻ , അറബ് വസന്തത്തിനു ശേഷം ടുണീഷ്യയിൽ നിർമ്മിച്ച ആദ്യ ചിത്രം ഹർഖ , ജാൻ ഗാസ്സ്മാൻ ചിത്രം 99 മൂൺസ് തുടങ്ങിയ ചിത്രങ്ങൾ ലോക സിനിമ വിഭാഗത്തിൽ പ്രദർശിപ്പിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.