വിദേശപഠനത്തിന് പട്ടികജാതി വികസന വകുപ്പ് നൽകിയ സ്‌കോളർഷിപ്പിൽ ലണ്ടനിലെ ആംഗ്ലിയ റസ്കിൻ സർവകലാശാലയിൽ എംബിഎ പഠിക്കുന്ന നീതുവിനെ അഭിനന്ദിച്ച് മന്ത്രി കെ രാധാകൃഷ്ണൻ. ഒരു കാലത്ത് വിദ്യാഭ്യാസം വിലക്കപ്പെട്ടവരുടെ പിന്മുറക്കാരായ 470 വിദ്യാർത്ഥികളെ വിവിധ രാജ്യങ്ങളിലെ സർവകലാശാലകളിലേക്ക് അയക്കാൻ സാധിച്ചത് വലിയൊരു ചുവടുവെപ്പാണെന്നും എല്ലാവരെയും ചേർത്തുപിടിച്ച് ഉന്നതിയിലേക്ക് നയിക്കുമ്പോഴാണ് യഥാർത്ഥ വികസനം സാധ്യമാകുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പ്
ഇത് നീതു എം സി …. ഇപ്പോൾ ലണ്ടനിലെ ആംഗ്ലിയ റസ്കിൻ സർവകലാശാലയിൽ എം ബി എ വിദ്യാർത്ഥി. രണ്ടു മാസം മുമ്പുവരെ തിരുവനന്തപുരം നഗരത്തിൽ സൊമാറ്റോ ഭക്ഷണ വിതരണ ഏജൻസിയിലെ പാർട് ടൈം ജീവനക്കാരി. ഈരാറ്റുപേട്ടയിൽ നിന്നും തിരുവനന്തപുരത്ത് എത്തി പഠനവും ജോലിയും ചെയ്യുകയായിരുന്നു ഈ മിടുക്കി.
വിദേശ പഠനത്തിന് പട്ടികജാതി വികസന വകുപ്പ് നൽകിയ സ്കോളർഷിപ്പാണ് നീതുവിന്റെ ജീവിതത്തെ മാറ്റിമറിച്ചത്. നിലമ്പൂരിൽ നിന്നുള്ള നിധിൻ, കൂത്താട്ടുകുളത്തു നിന്ന് അലീന…. സർക്കാർ സ്കോളർഷിപ്പോടെ വിദേശ പഠനത്തിനു ഇതുവരെ പോയ 470 പേരിൽ ചിലർ മാത്രമാണിവർ. സ്കോളർഷിപ്പ് നേടിയവരിൽ 331 പട്ടികജാതിക്കാരും 31 പട്ടികവർഗക്കാരു 108 പിന്നാക്ക വിഭാഗക്കാരുമുണ്ട്. കഴിഞ്ഞ ഒന്നര വർഷത്തിനിടെയാണ് 470ൽ 329 പേരും വിദേശത്തേക്ക് പറന്നത്.
വിദേശ പഠനത്തെ തുടർന്നുണ്ടാകുന്ന തൊഴിലവസരങ്ങളും മറ്റും പ്രയോജനപ്പെടുത്തി വിദ്യാർത്ഥികൾക്കൊപ്പം അവരുടെ കുടുംബം കൂടിയാണ് ഉന്നതിയിലേക്ക് ചുവട് വെക്കുന്നത്. മക്കൾ വിദേശത്ത് എത്തുന്നതോടെ ഈ കുടുംബങ്ങളുടെ സാമൂഹ്യ മൂലധനത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് പദ്ധതിയുടെ ആത്യന്തിക ഗുണം.
പിജി, ഗവേഷണ കോഴ്സുകൾക്കാണ് സ്കോളർഷിപ്പ്. 55 ശതമാനം മാർക്കും ഇന്ത്യയിൽ ഇല്ലാത്ത കോഴ്സും റാങ്കിങ്ങിൽ അഞ്ഞൂറിനകത്തുമുള്ള സർവകലാശാലയുമായിരിക്കണം എന്നതാണ് നിബന്ധന.ഓരോ വിദ്യാർത്ഥിക്കും 25 ലക്ഷം രൂപ വരെ വിദേശ പഠനത്തിന് ഗ്രാന്റായി പട്ടികജാതി – പട്ടിക വർഗ വികസന വകുപ്പുകൾ നൽകും. പിന്നാക്ക വിഭാഗ വകുപ്പിന്റെ സ്കോളർഷിപ്പ് 10 ലക്ഷം രൂപ വരെയാണ്. വിദ്യാർത്ഥി സർവകലാശാലയിൽ പ്രവേശനം നേടി ക്ലാസ് തുടങ്ങിയെന്ന അറിയിപ്പ് വകുപ്പിൽ ലഭിക്കുമ്പോഴാണ് പണം അക്കൗണ്ടിലേക്ക് കൈമാറുന്നത്.
ഒരു കാലത്ത് വിദ്യാഭ്യാസം വിലക്കപ്പെട്ടവരുടെ പിന്മുറക്കാരായ 470 വിദ്യാർത്ഥികളെ വിവിധ രാജ്യങ്ങളിലെ സർവകലാശാലകളിലേക്ക് അയക്കാൻ സാധിച്ചത് വലിയൊരു ചുവടുവെപ്പാണ്. എല്ലാവരെയും ചേർത്തുപിടിച്ച് ഉന്നതിയിലേക്ക് നയിക്കുമ്പോഴാണ് യഥാർത്ഥ വികസനം സാധ്യമാകുന്നത്. അതിനുള്ള പരിശ്രമമാണ് സംസ്ഥാന സർക്കാരും പട്ടികജാതി – പട്ടികവർഗ – പിന്നാക്ക വിഭാഗ വികസന വകുപ്പുകൾ കൈക്കൊളുന്നത്…
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here