ADVERTISEMENT
തദ്ദേശ സ്ഥാപനങ്ങളിലേക്ക് 2020ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പിനു ശേഷം കൂറുമാറ്റ നിരോധന നിയമ പ്രകാരം എട്ട് അംഗങ്ങളെ അയോഗ്യരാക്കുകയും അവരുടെ വാര്‍ഡുകളിലേക്ക് ഉപതിരഞ്ഞെടുപ്പിലൂടെ പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തുവെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുപ്പതാം സ്ഥാപകദിനത്തോടനുബന്ധിച്ച് കമ്മീഷന്‍ ആസ്ഥാനത്തു നടന്ന ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിവില്‍ കോടതി കൂടിയായ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിലവില്‍ 78 കേസുകളില്‍ വിചാരണ നടന്നു വരികയാണ്.
കൂറുമാറ്റ നിരോധന നിയമമനുസരിച്ചുള്ള കേസുകളില്‍ കമ്മീഷന്‍ വിധി പറയുന്നതോടെ അംഗത്വം നഷ്ടപ്പെടുകയും അടുത്ത ആറ് വര്‍ഷത്തേക്ക് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കഴിയാതെ വരികയും ചെയ്യും.
തിരഞ്ഞെടുക്കപ്പെട്ട അംഗം സ്വന്തം പാര്‍ട്ടി അംഗത്വം സ്വമേധയാ ഉപേക്ഷിക്കുകയോ പാര്‍ട്ടി വിപ്പ് ലംഘിക്കുകയോ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചയാള്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുകയോ ചെയ്താല്‍ കൂറുമാറ്റം ആരോപിച്ച് അതേ തദ്ദേശ സ്ഥാപനത്തിലെ മറ്റൊരു അംഗമോ രാഷ്ട്രീയ പാര്‍ട്ടി ചുമതലപ്പെടുത്തുന്നയാളോ നല്‍കുന്ന പരാതിയാണ് കമ്മീഷന്‍ പരിഗണിച്ച് കോടതി നടപടിക്രമം പാലിച്ച് തീര്‍പ്പാക്കുന്നത്.
ഗ്രാമപഞ്ചായത്തില്‍ ഗ്രാമസഭയും മുനിസിപ്പാലിറ്റിയില്‍ വാര്‍ഡ് സഭയും കോര്‍പ്പറേഷനില്‍ വാര്‍ഡ് കമ്മിറ്റിയും നിശ്ചിത ഇടവേളകളില്‍ വിളിച്ചു ചേര്‍ക്കാത്ത വാര്‍ഡ് അംഗത്തിനെ അയോഗ്യനാക്കാന്‍ പ്രസ്തുത തദ്ദേശ സ്ഥാപനത്തിലെ മറ്റൊരംഗത്തിനോ തദ്ദേശ സ്ഥാപന സെക്രട്ടറിക്കോ സര്‍ക്കാര്‍ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ആ വാര്‍ഡിലെ ഒരു വോട്ടര്‍ക്കോ കമ്മീഷന്റെ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യാം. ഇക്കാര്യത്തിലും അയോഗ്യത സംബന്ധിച്ച് തീരുമാനമെടുക്കുന്നത് കമ്മീഷനാണ്.
കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിച്ചശേഷം കൃത്യമായി ചെലവ് കണക്ക് നല്‍കാത്ത 9014 സ്ഥാനാര്‍ത്ഥികളെ കമ്മീഷന്‍ നേരത്തെ അയോഗ്യരാക്കിയിരുന്നു.
അയോഗ്യതയ്ക്കിടയാക്കുന്ന സാഹചര്യങ്ങള്‍ ഉപതിരഞ്ഞെടുപ്പിലേക്ക് നയിക്കുകയും തദ്ദേശ സ്ഥാപനങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യുന്നുണ്ട്.
സ്ഥാനാര്‍ത്ഥികളും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും ഉദ്യോഗസ്ഥരും തിരഞ്ഞെടുപ്പ് രേഖകള്‍ തയ്യാറാക്കുന്നതിലും സൂക്ഷിക്കുന്നതിലും സൂക്ഷ്മത പുലര്‍ത്തി അയോഗ്യതയ്ക്കിടയാക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും കമ്മീഷണര്‍ ആവശ്യപ്പെട്ടു. ശില്പശാലയില്‍ അടുത്ത ഒരു വര്‍ഷക്കാലം നടത്തേണ്ട പരിപാടികളുടെ കരട് രേഖ തയ്യാറാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.