ADVERTISEMENT
ഇടുക്കി അടിമാലിയില്‍ ആദിവാസി കുടിയില്‍ നാലംഗ സംഘം ഊരുമൂപ്പന്‍ അടക്കമുള്ളവരെ ആക്രമിച്ച് പരുക്കേല്‍പ്പിച്ചു. ആദിവാസി മേഖലയില്‍ തമ്പടിച്ചിരിക്കുന്ന ലഹരി മാഫിയാ സംഘത്തെ എതിര്‍ത്തതിന്റെ പേരിലാണ് ആക്രമണമെന്ന് പ്രദേശവാസികള്‍ പറയുന്നു.
അടിമാലി ചാറ്റുപാറകുടി വെങ്കായപ്പാറ ഊര് മൂപ്പന്‍ ഗോപാലന്‍, പ്രദേശവാസിയായ ഗോപി എന്നിവരെയാണ് നാലംഗ സംഘം ആക്രമിച്ച് പരുക്കേല്‍പ്പിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് നാലുമണിയോടെ മച്ചിപ്ലാവില്‍ എത്തിയ ഇവര്‍ വെങ്കായപ്പാറ ഊരു മൂപ്പന്‍ ഗോപാലനെ ബൈക്കിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. അപകടത്തില്‍ ഗോപാലന്റെ ഇടതു കാലിന് പൊട്ടലേറ്റിട്ടുണ്ട്. തുടര്‍ന്ന് ചാറ്റുപാറ കുടിയിലെ സാമൂഹിക പഠന മുറിക്ക് സമീപം എത്തിയ സംഘം സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. പഠനമുറയില്‍ പഠിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥികളെയും അധ്യാപികയെയും അസഭ്യം പറഞ്ഞു. വിദ്യാര്‍ഥികളുടെ കുടിവെള്ള സംവിധാനവും നശിപ്പിച്ചിട്ടുണ്ട്. തടയാന്‍ എത്തിയതിനിടെയാണ് ഗോപിക്കും മര്‍ദനമേറ്റത്.
പഠനമുറിക്ക് സമീപം ഗോപി നടത്തുന്ന കടയിലെ സാമഗ്രികളും സംഘം അടിച്ചു തകര്‍ത്തു. കാലങ്ങളായി പ്രദേശത്തെ മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ലഹരി മാഫിയയുടെ വില്പന കേന്ദ്രമാക്കി മാറ്റുന്നതിന് ഇവര്‍ ശ്രമം നടത്തി വരികയാണെന്നും, ഇത് തങ്ങള്‍ ചോദ്യം ചെയ്തതാണ് ലഹരി മാഫിയയെ പ്രകോപിതരാക്കിയതെന്നും പ്രദേശവാസികള്‍ പറഞ്ഞു.
പരുക്കേറ്റ ഇരുവരും അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ അടിമാലി പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.