കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം നേരിട്ടറിയാന്‍ ഫിന്‍ലാന്‍ഡ് സംഘമെത്തി

കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം നേരിട്ടറിയാന്‍ ഫിന്‍ലാന്‍ഡ് സംഘം എത്തി. കേരളത്തിന്റെ അതിഥികളായാണ് ഫിന്‍ലാന്റ് വിദ്യാഭ്യാസ സംഘം തലസ്ഥാനത്തെത്തിയത്. 64 -ാമത് കായികോത്സവ മേളയുടെ പവലിയനില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയുമായി സൗഹൃദം പങ്കിട്ടു. സംസ്ഥാനം നടപ്പിലാക്കിവരുന്ന വിദ്യാഭ്യാസ മാതൃകകള്‍ പഠിക്കാനും നേരിട്ട് അറിയുന്നതിനുമായി വിദ്യാഭ്യാസ മാതൃകകളില്‍ ലോകനിലവാരം പുലര്‍ത്തി പ്രഥമ സ്ഥാനം കരസ്ഥമാക്കി വരുന്ന ഫിന്‍ലാന്റ് വിദ്യാഭ്യാസ സംഘം എത്തിയത്.

മുഖ്യമന്ത്രിയും സംഘവും ഫിന്‍ലന്റ് സന്ദര്‍ശിച്ചതിന്റെ ഭാഗമായുള്ള തുടര്‍ ചര്‍ച്ചകള്‍ക്കായിട്ടാണ് സംഘം തിരുവനന്തപുരത്ത് എത്തിയത്. ഇന്ന് മുതല്‍ 8-ാം തീയ്യതി വരെ സംഘം സംസ്ഥാനത്ത് ഉണ്ടാകും, കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ പ്രീ പ്രൈമറി വിദ്യാഭ്യാസം, ഗണിത, ശാസ്ത്ര പഠനരീതികള്‍ ,ടീച്ചര്‍ ട്രെയിനിംഗ്, മൂല്യനിര്‍ണയ രീതികള്‍, ഗവേഷണ സഹകരണ സാധ്യതകള്‍, തുടങ്ങിയ മേഖലകളില്‍ വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ ഏജന്‍സികളുമായും സംഘം ചര്‍ച്ചകള്‍ നടത്തും. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അതിഥികളായി ഫിന്‍ലാന്‍ഡ് അംബാസിഡറിന്റെ നേതൃത്വത്തില്‍ എത്തിയ സംഘത്തില്‍ ഫിന്‍ലാന്റ് വിദ്യാഭ്യാസ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവരാണ് ഉള്ളത്.

മുഖ്യമന്ത്രി ,പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവരെ സന്ദര്‍ശിക്കുകയും പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ ഏജന്‍സികളില്‍ നേരിട്ട് എത്തി വികസന മാതൃകകളില്‍ സംവദിക്കുകയും ചെയ്യും. ഔദ്യോഗിക സന്ദര്‍ശന ദിനമായ അഞ്ചാം തീയതി പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ,ഡയറക്ടര്‍ ജനറല്‍ ഓഫ് എഡ്യൂക്കേഷന്‍ എന്നിവരുടെ ഓഫീസുകളില്‍ സന്ദര്‍ശനം നടത്തും .
പൊതുവിദ്യാഭ്യാസ മേഖലയിലെ സംസ്ഥാനത്തിന്റെ ഇടപെടലുകളെ കുറിച്ചും നടപ്പിലാക്കിവരുന്ന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും ചര്‍ച്ച നടത്തും.

ഡിസംബര്‍ 6ന് പൊതുവിദ്യാഭ്യാസ മേഖലയില്‍ പ്രൈമറിതലം മുതല്‍ ഹയര്‍ സെക്കന്‍ഡറി , വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി തലം വരെ സര്‍വ്വതോന്മുഖമായ ഇടപെടല്‍ നടത്തിവരുന്ന കേന്ദ്ര-സംസ്ഥാന പദ്ധതിയായ സമഗ്ര ശിക്ഷ കേരളയുടെ സംസ്ഥാന ഓഫീസിലാണ് സംഘമെത്തുക.
തുടര്‍ന്ന് കേന്ദ്രാവിഷ്‌കൃത പദ്ധതി പ്രവര്‍ത്തനങ്ങളുടെ നടപ്പിലാക്കല്‍ സംബന്ധിച്ച യോഗത്തില്‍ പങ്കെടുക്കും. സംസ്ഥാന പഠന ഗവേഷണ കൗണ്‍സില്‍ ആസ്ഥാനത്തും ചാനലിലും സന്ദര്‍ശനം നടത്തുന്ന സംഘം കേരള മാതൃകകള്‍ നേരിട്ടറിയും. വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്ന ഫില്ലാണ്ട് സംഘം സംസ്ഥാന ആസൂത്രണ ബോര്‍ഡും സന്ദര്‍ശിക്കും .പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഒരുക്കുന്ന കലാ-സാംസ്‌കാരിക സായാഹ്നത്തിലും അതിഥി സല്‍ക്കാരത്തിലും സംഘം പങ്കെടുക്കും. എട്ടാം തീയതി സംസ്ഥാന ഭരണ തലവന്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിക്കുന്ന ഫിന്‍ലാന്റ് സംഘം സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിവരുന്ന വിദ്യാഭ്യാസ വികസന മാതൃകകള്‍ സംബന്ധിച്ച് ആശയവിനിമയവും ചര്‍ച്ചയും നടത്തും. തൊട്ടടുത്ത ദിവസം സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുകയും ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News