UDF സര്‍ക്കാരിന്റെ കാലത്ത് കോണ്‍ഗ്രസുകാരെ ജയിലില്‍ തിരുകി കയറ്റാന്‍ MLA മാരും,കോണ്‍ഗ്രസ് നേതാക്കളും എഴുതിയ കത്ത് പുറത്ത്

തിരുവനന്തപുരം കോര്‍പ്പറേഷനിലെ വ്യാജ കത്ത് ഉയര്‍ത്തി അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയ പ്രതിപക്ഷത്തിന് വന്‍ തിരിച്ചടി . UDF സര്‍ക്കാരിന്റെ കാലത്ത് കോണ്‍ഗ്രസുകാരെ ജയിലില്‍ തിരുകി കയറ്റാന്‍ MLA മാരും,കോണ്‍ഗ്രസ് നേതാക്കളും എഴുതിയ കത്ത് പുറത്ത് വിട്ട് തദ്ദേശ മന്ത്രി എം ബി രാജേഷ്.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നിയമപ്രകാരം നടക്കേണ്ട നിയമനങ്ങളിലാണ് കോണ്‍ഗ്രസ് നേതാക്കളും മന്ത്രിമാരും എംഎല്‍എമാരും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സ്വന്തം കൈപ്പടയില്‍ ലെറ്റര്‍ ഹെഡില്‍ ശുപാര്‍ശ കത്ത് നല്‍കിയത്. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ മെയില്‍ വാര്‍ഡന്‍ തസ്തികയിലേക്കാണ് പിന്‍വാതില്‍ നിയമനത്തിനായി കത്ത് നല്‍കുകയും ഉമ്മന്‍ചാണ്ടി അത്തരം നിയമനങ്ങള്‍ നടത്തിക്കൊടുക്കുകയും ചെയ്തത്. മുന്‍ സ്പീക്കര്‍ സ്പീക്കര്‍ എന്‍. ശക്തന്‍, ആര്‍. ഡി. ജോണ്‍ ബ്രൈറ്റ് എന്ന ആള്‍ക്ക് തിരുവനന്തപുരം സെന്‍ട്രല്‍ ജയ്‌ലില്‍ മെയില്‍ വാര്‍ഡന്‍ നിയമനം നേടിക്കൊടുത്തതിന്റെ ഒറിജിനല്‍ ശുപാര്‍ശ കത്ത് പുറത്ത് വന്നു .ഇപ്പോള്‍ സഭയില്‍ ഇല്ലാത്ത മൂന്ന് മുന്‍ കോണ്‍ഗ്രസ് എം എല്‍ എമാര്‍ സ്വന്തം കൈപ്പടയിലെഴുതിയ ശുപാര്‍ശ കത്തുകളും പുറത്ത് വന്നിട്ടുണ്ട്.

എ. ടി. ജോര്‍ജ്, എം. എ. വാഹിദ്, പാലോട് രവി എന്നീ മൂന്‍ എം എല്‍ എ മാരാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സെന്‍ട്രല്‍ ജയില്‍ വാര്‍ഡന്‍ നിയമനത്തിന് സ്വന്തക്കാരെ തിരുകി കയറ്റാന്‍ ശുപാര്‍ശ കത്ത് നല്‍കിയവര്‍. പാലോട് രവിയുടെ ശുപാര്‍ശ പ്രകാരം എം. ഹുസൈന്‍, എ. ടി. ജോര്‍ജിന്റെ ശുപാര്‍ശ പ്രകാരം പ്രവീണ്‍ രാജ് ജെ. എല്‍, എം. എ വാഹിദിന്റെ ശുപാര്‍ശ പ്രകാരം എം. മനോജ് എന്നിവരാണ് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച് നിയമനം അട്ടിമറിച്ച ജോലി തരപ്പെടുത്തിയവര്‍. പാലോട് രവി ഒരേ സമയം നിരവധി ആളുകള്‍ക്ക് ജയില്‍ വാര്‍ഡല്‍ തസ്തികയിലേക്ക് ശുപാര്‍ശ കത്ത് നല്‍കിയിട്ടുണ്ട്. അതില്‍ എസ്. സുരേഷ് എന്ന ആളും സെന്‍ട്രല്‍ ജയിലില്‍ പിന്‍വാതിലിലൂടെ വാര്‍ഡന്‍ നിയമനം നേടിയെടുത്തു.

അന്നത്തെ മന്ത്രി ഷിബു ബേബി ജോണിന് വേണ്ടി അദ്ദേഹത്തിന്റെ അഡീഷണല്‍ പിഎസ് കെ. എസ്. സനല്‍ കുമാര്‍ ഒരു കുഞ്ഞ് തുണ്ട് പേപ്പറില്‍ രണ്ട് പേര്‍ക്ക് വേണ്ടി ഒരു ശുപാശ കത്ത് ഉമ്മന്‍ ചാണ്ടിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ആര്‍. കെ. രാധാകൃഷ്ണന് നല്‍കുകയുണ്ടായായി. ആര്‍. കെ. ചേട്ടാ, എന്ന് സംബോധന ചെയ്തുകൊണ്ടാണ് ഒരു കുഞ്ഞ് തുണ്ട് കടലാസ് ഉമ്മന്‍ ചാണ്ടിയുടെ ഒഫീസിലേക്ക് നല്‍കിയത്. അജീഷ്ദാസ് , ഗോപകുമാര്‍ എന്നിവര്‍ മന്ത്രിക്ക് ഏറ്റവും വേണ്ടപ്പെട്ടവരാണ് നടന്ന് കിട്ടാന്‍ അഭ്യാര്‍ത്ഥന എന്നാണ് കുറിപ്പിലെ വാചകങ്ങള്‍. ഉമ്മന്‍ ചാണ്ടി അതില്‍ അജീഷ് ദാസിന് ജയില്‍ വാര്‍ഡന്‍ നിയമനം നല്‍കി. കേരള എന്‍.ജി.ഒ അസോസിയേഷന്‍ നേതാവ് കോട്ടാത്തല മോഹനന്‍, സ്റ്റേറ്റ് കമ്മിറ്റിയുടെ ലെറ്റര്‍ ഹെഡില്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്ക് അയച്ച ശുപാര്‍ശ കത്തും പുറത്ത് വന്നു.

സോണി എസ്. പി. എന്ന ആള്‍ക്ക് ജയില്‍ വാര്‍ഡനായി നിയമനം നല്‍കണമെന്ന ആവശ്യമായിരുന്നു ഈ കത്തില്‍. ആ ശുപാര്‍ശയും അംഗീകരിച്ച് പിന്‍വാതിലിലൂടെ സോണി ജയില്‍ വാര്‍ഡനായി.മന്ത്രിയായിരുന്ന വി എസ് ശിവകുമാറിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ജി. എസ്. സുരേഷ് കുമാര്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന വാസുദേല ശര്‍മ്മയ്ക്ക് അയച്ച കത്തും പുറത്തായി . വെള്ളനാട് സ്വദേശിയായ അനിഷ് ആര്‍. എസിനെ ജയില്‍ വാര്‍ഡനായി നിയമിക്കണമെന്നായിരുന്നു കത്തിലെ ആവശ്യം. അതും ഉമ്മന്‍ ചാണ്ടി അംഗീകരിച്ച് കൊടുത്തു. എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച് മുഖാന്തരം നടക്കേണ്ട നിയമനങ്ങളായിരുന്നു ഇത്. അര്‍ഹതയുള്ളവരെ പുറത്താക്കിയാണ് 2012ല്‍ ഈ പിന്‍വാതില്‍ നിയമനങ്ങള്‍ നടന്നത്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here