ADVERTISEMENT
വിഴിഞ്ഞം സമരം അവസാനിപ്പിക്കുന്ന കാര്യത്തില്‍ മന്ത്രിസഭ ഉപസമിതി സമരക്കാരുമായി നാളെ വൈകിട്ട് ചര്‍ച്ച നടത്തും. സമരസമിതി ഉന്നയിച്ച ചില ആവശ്യങ്ങളില്‍ സര്‍ക്കാര്‍ തല തീരുമാനം സമരസമിതിയെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ അനുകൂല നിലപാട് സമരസമിതി അറിയിച്ചാലാകും ചര്‍ച്ച.
വിഴിഞ്ഞം പദ്ധതി വരുന്പോഴുള്ള തീരശോഷണം പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതിയില്‍ സമരസമിതിയുടെ പ്രതിനിധിയെ കൂടി ഉള്‍പ്പെടുത്തണം, തീരശോഷണം മൂലം വീട് നഷ്ടപ്പെട്ടവർക്ക് നല്‍കി വരുന്ന വീട് വാടക തുക 5500-ല്‍ 8000 ആക്കണം, സര്‍ക്കാര്‍ അംഗീകരിച്ച ആവശ്യങ്ങള്‍ നടപ്പാക്കുന്നത് പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് സമരസമിതി സര്‍ക്കാരിന് മുന്നില്‍ വച്ചത്.
ഇത് ചര്‍ച്ച ചെയ്ത് സമവായ ഫോര്‍മുല തയ്യാറാക്കാനാണ് മന്ത്രിതല സമിതിയും മുഖ്യമന്ത്രിയും കൂടിക്കാഴ്ച നടത്തിയത്. മന്ത്രിമാരായ അഹമ്മദ് ദേവര്‍കോവില്‍, ആന്‍റണി രാജു, വി അബ്ദുറഹ്മാന്‍, കെ രാജന്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. എന്നാല്‍ തീരശോഷണം പഠിക്കാന്‍ നിയോഗിച്ച വിദഗ്ദ സമിതിയില്‍ സമരസമിതിയുടെ പ്രതിനിധിയെ കൂടി ഉള്‍പ്പെടുത്തണമെന്നാവശ്യത്തില്‍ സര്‍ക്കാരിന് അനുകൂല നിലപാടല്ല ഉള്ളത്. സമിതിയെ നിയോഗിച്ച് ഉത്തരവിറക്കിയത് കൊണ്ട് പുതിയ ആളെ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇക്കാര്യം സമരസമിതിയെ അറിയിച്ചിട്ടുണ്ട്.
ഇക്കാര്യത്തില്‍ അനുകൂലമായി സമരസമിതി അനുകൂലമായി പ്രതികരിച്ചാല്‍ നാളെ വൈകിട്ട് അഞ്ച് മണിക്ക് സമരസമിതിയുമായി മന്ത്രിതല ഉപസമിതി ചര്‍ച്ച നടത്തും. കേന്ദ്രസേനയെ വിന്യസിക്കുന്ന കാര്യത്തില്‍ ഹൈക്കോടതി തീരുമാനം മറ്റന്നാള്‍ വരും മുന്‍പ് പ്രശ്ന പരിഹാരത്തിനുള്ള തിരക്കിട്ട നീക്കങ്ങളാണ് നടക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.