മൗനം തണുത്തുറഞ്ഞ് ഡിസംബർ 6

ദിപിൻ മാനന്തവാടി

“ചുല്യാറ്റ് കുനിഞ്ഞുനിന്നു മേശപ്പുറത്ത് പരത്തിവച്ച പ്രധാന വാർത്തയ്ക്കു സുഹ്റ തലക്കെട്ടായി കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്തിരുന്ന ‘തർക്ക മന്ദിരം’ തകർത്തു എന്നതിലെ ആദ്യത്തെ വാക്ക് ളളിപോലെ പേന മുറുക്കിപ്പിടിച്ച് പലതവണ വെട്ടി. എന്നിട്ടു വിറയ്ക്കുന്ന കൈകൊണ്ട് പാർക്കിൻസണിസത്തിന്റെ ലാഞ്ഛന കലർന്ന വലിയ അക്ഷരങ്ങളിൽ വെട്ടിയ വാക്കിന്റെ മുകളിൽ എഴുതി ബാബറി മസ്ജിദ്. സുഹ്റയുടെ കണ്ണുകളിൽ നിന്ന് ചറംപോലെ കണ്ണീരൊഴുകി. അവൾ ചുല്യാറ്റിനെ നോക്കി പറഞ്ഞു, നന്ദി സർ. എല്ലാവരും മുറിയിലേയ്ക്ക് പോകുന്ന ചുല്യാറ്റിനെ നോക്കി നിന്നു.”

പോസ്റ്റ് ബാബറികാലത്ത് തിരുത്ത് പോലെ മലയാളിയെ ഇത്രയേറെ പൊള്ളിച്ച സർഗ്ഗാത്മകതയുടെ മറ്റൊരു രാഷ്ട്രീയ ആവിഷ്കാരം ചൂണ്ടിക്കാണിക്കാനില്ല. 1996ൽ എൻ.എസ്.മാധവന്റെ തിരുത്ത് പുറത്തിറങ്ങുമ്പോൾ മലയാളികളെ സംബന്ധിച്ച് ഡിസംബർ 6 ഓർമ്മിക്കാൻ ഇഷ്ടപ്പെടാത്ത കരിദിനമായിരുന്നു. ഡിസംബർ 6ന്‌ തച്ചുതകർക്കപ്പെട്ടത് ബാബറിയുടെ മിനാരങ്ങളല്ല, ഇന്ത്യൻ മതേതരത്വത്തിന്റെ കൊടുമുടികളാണെന്ന് മലയാളി പരിതപിച്ചിരുന്ന കാലം.

Babri Masjid Demolition: A Timeline Of The Ram Janmabhoomi Dispute Case

കാലം മാറിയിരിക്കുന്നു. തീവ്രഹിന്ദുത്വയുടെ വിത്ത്, ഹിന്ദുത്വയുടെ ഫാസിസ്റ്റ് ആകാരത്തിലേയ്ക്ക് പടർന്ന് പന്തലിക്കുന്ന കാലമാണിത്. ഇന്ത്യൻ മതേതരത്വത്തിന്റെ മേൽ കരിനിഴൽ വീണതിന്റെ സ്മരണ പോലും അവശേഷിപ്പിക്കാതെ ഡിസംബർ 6 കടന്ന് പോകുന്ന കാലത്തേക്കാണ് കഴിഞ്ഞ ഒരു ദശകത്തിനിടയിൽ രാജ്യം പരിണമിച്ചിരിക്കുന്നത്.

ബാബറി പള്ളി തകർത്തത് തെറ്റാണെന്ന് നിരീക്ഷിക്കുകയും പകരം അമ്പലം പണിയണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന നീതിപീഠനത്തിന്റെ തീർപ്പ് പാതി ദഹിക്കാതെ ബാക്കിയാണ്. രാജ്യത്തിന്റെ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മതേതര-ജനാധിപത്യ-പുരോഗമന-സോഷ്യലിസ്റ്റ് മൂല്യങ്ങളെ അട്ടിമറിക്കുന്ന നിലയിലേയ്ക്ക് ഹിന്ദുത്വയുടെ രാഷ്ട്രീയ ആശയം ഭരണകൂടത്തിന്റെ പേരിൽ അധിനിവേശ സ്വഭാവം പ്രകടിപ്പിക്കുന്ന കാലത്താണ് ഇത്തരം വിധികൾ വരുന്നത് എന്നതും അവഗണിക്കാൻ കഴിയില്ല. ബാബറി തകർച്ചയ്ക്ക് ശേഷം മതേതര മൂല്യങ്ങളെ മുറുകെ പിടിച്ചിരുന്ന ന്യൂനപക്ഷങ്ങളുടെ മനോനില പോലും അരക്ഷിതമായിട്ടുണ്ട്. ഈ മനോനിലയെ കൂടുതൽ മുറിപ്പെടുത്തുന്നതായിരുന്നു ഈ തീർപ്പ്. ഹിന്ദുത്വയുടെ തീവ്രസ്വഭാവത്തിലുള്ള രാഷ്ട്രീയ അധികാര ആശയത്തെ അതേ നിലയിലുള്ള മതാധിഷ്ഠിത തീവ്രആശയം കൊണ്ടാണ് നേരിടേണ്ടതെന്ന ചിന്തയിലേയ്ക്ക് രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങൾ മാറുന്നു എന്നതും ഇന്ത്യൻ മതേതരത്വത്തിന് വെല്ലുവിളിയാകുന്നുണ്ട്.

Indian Citizen Charter – Understanding Indian Constitution Preamble |  Antahkaran

ബാബറി മസ്ജിദിന്റെ സ്ഥാനത്ത് കോടതി വിധിപ്രകാരം ഉയരുന്ന രാമക്ഷേത്രത്തിന്റെ ഭൂമിപൂജയിൽ മതപരമായ അനുഷ്ഠാനങ്ങൾക്ക് നേതൃത്വം നൽകുന്ന പുരോഹിതന്റെ വേഷ-ഭാവാധികളോടെ ഇന്ത്യയുടെ പ്രധാനമന്ത്രി പങ്കെടുത്തത് ഇന്ത്യൻ മതേതര സങ്കല്പത്തെ സംബന്ധിച്ച് അശ്ലീലകാഴ്ചയായിരുന്നു. ഇന്ത്യ ഇന്ന് മഹത്തായ ഒരു അധ്യായം ആരംഭിക്കുകയാണെന്ന് ചരിത്രപരമല്ലാത്ത കാരണങ്ങൾ ചൂണ്ടിക്കാണിച്ച് ഇന്ത്യൻ പ്രധാനമന്ത്രി പ്രഖ്യാപിക്കുമ്പോൾ ളളിപോലെ പേന മുറുക്കിപ്പിടിക്കുന്ന ചുല്യാറ്റുമാരുടെ അഭാവം കൂടിയാണ് പ്രകടമായത്. പാതിവഴിയിൽ നിന്നല്ല ചരിത്രം തുടങ്ങുന്നത് അതിന് ഭൂതകാലത്തിലേയ്ക്ക് നീളുന്ന നേരടയാളങ്ങളുണ്ട്. ഇത്തരം യഥാർത്ഥ്യങ്ങൾ തമസ്കരിച്ചാണ് ഹിന്ദുത്വയുടെ രാഷ്ട്രീയ ആശയം ഭരണഘടനാ മൂല്യങ്ങളിൽ അധിഷ്ഠിതമായ ഇന്ത്യ എന്ന ആശയത്തെ പാതിവഴിയിൽ വച്ച് യാതൊരു യാഥാർത്ഥ്യ ബോധവുമില്ലാതെ വിചാരധാരയുടെ ആശയത്തിലേയ്ക്ക് ബന്ധിക്കാൻ ശ്രമിക്കുന്നത്.

Gyanvapi mosque case: Varanasi Court issues notice for carbon dating  'shivling', next hearing on Sept 29 | Mint

തണുത്തുറഞ്ഞ് മരവിച്ച ഒരു ഓർമ്മയായി ഡിസംബർ 6 മാറുന്ന കാലത്ത് ചരിത്ര വക്രീകരണത്തിലൂടെ പുതിയ ബാബറികളുടെ വിവരണം സൃഷ്ടിക്കപ്പെടുകയാണ്. ചരിത്രം തിരുത്തിയെഴുതാൻ രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി തന്നെ ആഹ്വാനം ചെയ്യുകയാണ്. രാഷ്ട്രീയ ഹിന്ദുത്വയുടെ ആശയം ആഭ്യന്തരശത്രുക്കളായി പ്രഖ്യാപിച്ചിരിക്കുന്ന ഒരു വിഭാഗത്തെ ചരിത്രത്തിൽ നിന്ന് തന്നെ നിഷ്കാസിതരാക്കി പുതിയ ചരിത്രരചനയ്ക്കാണ് ഹിന്ദുത്വ ആശയത്തെ പ്രതിനിധീകരിക്കുന്ന ഭരണകൂടം ആഹ്വാനം ചെയ്യുന്നത്. കർണ്ണാടകയിലെ ചരിത്രപാഠങ്ങളിൽ നിന്ന് ടിപ്പു സുൽത്താൻ പുറത്താകുമ്പോൾ ഹിന്ദുത്വ ആശയത്തിന് താൽപ്പര്യമില്ലാത്ത തലക്കെട്ടുകളുടെ ഉള്ളടക്കങ്ങൾ കേന്ദ്ര സിലബസിലെ പാഠപുസ്തകകളിൽ നിന്നും പുറത്തായി കഴിഞ്ഞു. ളളിപോലെ പേന മുറുക്കിപ്പിടിക്കുന്ന ചുല്യാറ്റുമാരുടെ മതേതര മൂല്യബോധത്തിന്, വിഭാഗീയ മൂല്യബോധത്തിന്റെ പേനയുന്തുന്ന വിദ്യാഭ്യാസ വിചക്ഷണന്മാർ പകരക്കാരാവുകയാണ്.

ബാബറിക്ക് പിന്നാലെ ചരിത്രസ്മാരകളും ആരാധനാലയങ്ങളും ചൂണ്ടി വികലമായ തർക്കങ്ങൾ ഉയരുന്ന വർത്തമാന കാലത്ത് ഡിസംബർ 6 ചർച്ച ചെയ്യപ്പെടാതെ തണുത്തുറഞ്ഞ് പോകുന്നത് ശുഭകരമല്ല. ‘ബാബറി മസ്ജിദ് തകർത്തു’ എന്നെഴുതിയാൽ അത് വെട്ടി ‘തർക്കമന്ദിരം തകർത്തു’ എന്നാക്കി മാറ്റുന്ന മനോനിലയുള്ള ചുല്യാറ്റുമാർ നിശബ്ദതയുടെ ഉപാസകരാകുന്ന കാലത്തേയ്ക്ക് രാജ്യം പരിണമിച്ചിരിക്കുന്നു എന്നതിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാകുന്നുണ്ട് ഡിസംബർ 6.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News