B R Ambedkar:അംബേദ്‌കർ ഇന്ത്യയുടേതാണ്; സംഘപരിവാറിന്റേതല്ല

ജി ആര്‍ വെങ്കിടേശ്വരന്‍

ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയായിരുന്നു രാംനാഥ്‌ കോവിന്ദ്.മോഡി സർക്കാർ നിയോഗിച്ച അദ്ദേഹത്തിന്റെ, സംഘപരിവാർ ആശയത്തോട് ആഭിമുഖ്യമുള്ള ദളിത് സ്വത്വം പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളിലേക്കെല്ലാം ഒരു സ്ട്രാറ്റജിയായി മാറിയിരുന്നു.അഞ്ച് വർഷങ്ങൾക്കിപ്പുറം ആദിവാസി വിഭാഗത്തിൽപ്പെട്ട ദ്രൗപദി മുർമു രാഷ്ട്രപതിയാകുമ്പോഴും ‘സംഘപരിവാർ ആഭിമുഖ്യമുള്ള ആദിവാസി’ എന്ന ഐഡന്റിറ്റിയെയാണ് മുർമുവിനേക്കാൾ കൂടുതൽ സംഘപരിവാർ മാർക്കറ്റ് ചെയ്തത്.ഇവർ രണ്ട് പേരും അവരവരുടേതായ മേഖലകളിൽ പ്രഗത്ഭരാണെന്ന കാര്യത്തിൽ സംശയമില്ല.പക്ഷെ അതിനെല്ലാമപ്പുറം കീഴാള സ്വത്വത്തെ മാർക്കറ്റ് ചെയ്യുന്ന ഈ രീതി സംഘപരിവാർ അടുത്തകാലത്ത് മാത്രമായി ചെയ്തുവരുന്നതാണ്.രാജ്യത്ത് ശക്തമായ ഒരു കീഴാളരാഷ്ട്രീയവിളനിലം,അംബേദ്കറിയൻ രാഷ്ട്രീയാടിത്തറയിൽ ഉയർന്നുവരുന്നത് മുൻപിൽക്കണ്ട് സംഘപരിവാർ നടത്തുന്ന ഒരു രാഷ്ട്രീയനീക്കമാണ് അവയുടെയെല്ലാം സത്ത.ലക്ഷ്യം അംബേദ്കറാണ്, അംബേദ്കറുടെ ജനമാണ്.

പല ലക്ഷ്യം,ഒരു മുഖം

ഭരണഘടനയെപ്പോലെത്തന്നെ ഒരു തുറന്ന പുസ്തകവും പരന്ന വായനയുമാണ് അംബേദ്‌കർ.സമകാലിക ഇന്ത്യയിൽ ഓരോ ഇന്ത്യക്കാരനും തുറന്നുവായിക്കേണ്ടതായ പുസ്തകം.സാമൂഹികനീതിയും അവകാശങ്ങളും വിഭാവനം ചെയ്യുന്ന,ഓരോ പൗരന്റെയും അവകാശപത്രമായ ഭരണഘടന എഴുതിയ വ്യക്തി എന്ന നിലയിൽ നിന്ന് അനവധി രാഷ്ട്രീയമാനങ്ങളുള്ള,ഒരുപാട് പ്രതിരോധങ്ങൾ സാധ്യമാക്കിയ ഒരു പേരായി അംബേദ്‌കർ മാറിയത് കഴിഞ്ഞ ഇരുപതോ മുപ്പതോ വർഷങ്ങൾക്കിടയിലാണ്.ആ മാറ്റത്തിനെയാകട്ടെ ജനങ്ങൾ വളരെ വേഗത്തിൽ സ്വീകരിക്കുകയും ചെയ്തു.

സമകാലിക ഇന്ത്യയിൽ അംബേദ്‌കർ പലരീതിയിൽ ഉയർത്തിക്കാട്ടപ്പെടുന്നുണ്ട്.പ്രത്യേകിച്ച് പൗരാവകാശത്തിലും തുല്യനീതിയിലും. വ്യക്തിയില്ലെങ്കിലും ആ വ്യക്തിയുടെ രാഷ്ട്രീയം നിലനിൽക്കും എന്നതിനുള്ള ഉത്തമ ഉദാഹരണമായി അംബേദ്‌കർ മാറുന്നതും സമീപകാലങ്ങളിലാണ്. അംബേദ്കറിയൻ രാഷ്ട്രീയധാര ഇന്ന് കാണുന്ന വിധത്തിൽ ഉയർത്തെഴുന്നേറ്റത് തൊണ്ണൂറുകളിലാണ്.മണ്ഡൽ വിരുദ്ധ പ്രക്ഷോഭങ്ങളും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ സമവാക്യങ്ങളും മുൻപെങ്ങുമില്ലാത്ത തരത്തിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ ചൂടുപിടിച്ചത് ഇക്കാലത്താണ്.അതിന് ചുവടുപിടിച്ചാണ് അംബേദ്‌കർ ഗൗരവസ്വഭാവമുള്ള ദളിത് പ്രാതിനിധ്യത്തിന്റെ ഒരു ഐക്കണായി മാറിയത്.ഏതാണ്ട് ഇതേകാലത്താണ് ഇന്ത്യയിലെ ഏറ്റവും വലിപ്പമുള്ള രാഷ്ട്രീയഗോദയായ ഉത്തർപ്രദേശിൽ കാൻഷി റാമും മായാവതിയും ദളിത് രാഷ്ട്രീയത്തിന്റെ കൊടിക്കൂറ ഉയർത്തിപിടിച്ചത്.ഇതും അംബേദ്‌കറിന്റെ രാഷ്ട്രീയാശയം ചർച്ചക്കെടുക്കുന്നതിന് കാരണമായിട്ടുണ്ട്.

തൊണ്ണൂറുകളുടെ തുടക്കത്തോടെ ഉയർന്നുവന്ന വിദ്യാസമ്പന്നരായ ദളിത് വിദ്യാർത്ഥികൾ അംബേദ്കറിയൻ ആശയങ്ങൾക്ക് വലിയ സ്വീകാര്യത നൽകിയിട്ടുണ്ട്. ഇങ്ങനെയെല്ലാമിരിക്കെ ഈ കാഘട്ടങ്ങളിൽ അംബേദ്കറെപ്പറ്റിയുള്ള ചർച്ചകൾ ഒരു ചുരുങ്ങിയ ചട്ടക്കൂടുകളിൽ ഒതുങ്ങിനിന്നിരുന്നു.പിന്നീട് ഇന്ന് കാണുന്ന വിധത്തിലുള്ള ഒരു പ്രതിരോധരാഷ്ട്രീയമായി സംഘപരിവാർ കാലങ്ങളിൽ അവയ്ക്ക് വലിയൊരു ഉയർത്തെഴുന്നേൽപ്പുണ്ടായി.

ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രക്ഷോഭങ്ങളിലൊന്നായ പൗരത്വപ്രക്ഷോഭത്തിന്റെ മുഖം തന്നെ അംബേദ്കറായിരുന്നു. അംബേദ്കറുടെ പ്ലക്കാർഡുകളും വാക്യങ്ങളും കൊണ്ട് നിറഞ്ഞതായിരുന്നു പ്രക്ഷോഭവേദികൾ.കർഷകസമരത്തിലും അങ്ങിങ്ങായി അംബേദ്‌കർ പ്രത്യക്ഷപ്പെട്ടു.ക്യുവർ സമരങ്ങൾതൊട്ട് വ്യത്യസ്തങ്ങളായ സ്വത്വപ്രതിസന്ധി വിഷയങ്ങളിൽ വരെ അംബേദ്‌കർ കടന്നുകൂടി.തുടർന്ന് സമകാലിക ഇന്ത്യ ചർച്ച ചെയ്യുന്ന ഓരോ വിഷയത്തിലും അംബേദ്‌കർ അറിഞ്ഞോ അറിയാതെയോ കടന്നുകൂടുന്നത് പതിവായി.അംബേദ്‌കർ പ്രത്യയശാസ്ത്രനിർമിതിയുടെ അടിത്തറ അത്രത്തോളം വിപുലമായിരുന്നു എന്നത് ഇന്ത്യ വൈകിയാണെങ്കിലും മനസ്സിലാക്കുകയായിരുന്നു.അംബേദ്കറുടെ ‘ന്യൂനപക്ഷം’ ദളിതുകളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒരു സ്വത്വരാഷ്ട്രീയമല്ല എന്ന തിരിച്ചറിവ് കൂടുതൽ അംബേദ്‌കർ മുഖങ്ങൾ പലവിഷയങ്ങളിലും തെളിഞ്ഞുകാണാൻ കാരണമായി.ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രത്യയശാസ്ത്രമാറ്റമായാണ് അംബേദ്കറിയൻ രാഷ്ട്രീയത്തിന്റെ കടന്നുവരവിനെ വിദഗ്ധർ നോക്കിക്കാണുന്നത്.

ഇന്നത്തെ ഇന്ത്യ അംബേദ്കറുടേതല്ല

വർഷങ്ങൾ ചെല്ലുംതോറും ഒരു രാജ്യം പുരോഗമിച്ചുവരേണ്ടതാണ് ന്യായം എങ്കിലും ഇന്ത്യയുടെ കാര്യം നേരെ തിരിച്ചാണ് എന്നതിൽ സംശയമൊന്നും വേണ്ട. മതഭീകരതയും ഭരണകൂടഹിംസയും രാജ്യത്തെ മതന്യൂനപക്ഷങ്ങളെയും അധഃസ്ഥിതരെയും വരിഞ്ഞുമുറുക്കുകയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ എത്തിനിൽക്കുന്ന ഇന്ത്യ പത്തൊൻപതാം നൂറ്റാണ്ടിലെ ഇന്ത്യയെക്കാളും പിറകിലാണെന്ന് അവകാശപ്പെട്ടാലും അതിൽ സത്യമല്ലാത്തതൊന്നും ഉണ്ടാകാനിടയില്ല.ഇത്തരം പിറകോട്ടുപോക്കുകൾക്ക് നമ്മുടെ ഭരണകൂട സംവിധാനങ്ങളും കൂട്ടുപിടിക്കുന്നു എന്നതാണ് അതിശയിപ്പിക്കുന്ന,എന്നാൽ വരുംകാലത്തിൽ സ്ഥിരം കാഴ്ച്ചയായേക്കാവുന്ന ഒരു സത്യം.

സെപ്റ്റംബർ ഇരുപത്തിയേഴിന് സുപ്രീം കോടതി ശരിവെച്ച മുന്നോക്കസംവരണം ഇന്ത്യയുടെ സാമൂഹിക തത്വങ്ങളെത്തന്നെ മുറിവേൽപ്പിക്കുന്നതായിരുന്നു.അഞ്ചിൽ മൂന്ന് ചീഫ് ജസ്റ്റിസുമാരും ശരിവെച്ച മുന്നോക്കസംവരണവിധിയിൽ സംവരണം ഇനിയും തുടരേണ്ടതിന്റെ ആവശ്യകതയടക്കം ചോദ്യംചെയ്യപ്പെട്ടു.എന്നാൽ സംവരണം അനുവദിക്കപ്പെട്ട കാലത്തുനിന്ന് ഇന്നുവരേയ്ക്കും അടിസ്ഥാനവിഭാഗങ്ങൾ സാമൂഹികമായി എത്ര മെച്ചപ്പെട്ടു എന്ന വസ്തുത പോലും പരിശോധിക്കാൻ കൂട്ടാക്കാത്ത ഇന്നത്തെ ഇന്ത്യയാണ് അംബേദ്കറുടേതല്ല എന്ന് പറയാവുന്ന അനേകം കാരണങ്ങളിൽ ഒന്ന്.ഹത്രാസിൽ ഒരു ദളിത് പെൺകുട്ടി ക്രൂരമായി പീഡിപ്പിച്ചുകൊല്ലപ്പെട്ടപ്പോൾ പ്രതിയായ മേൽജാതിക്കാരനുവേണ്ടി ഠാക്കൂറുകൾ സംഘടിച്ചതും മൈസുരുവിൽ ഒരു ദളിത് സ്ത്രീ വെള്ളം കുടിച്ച ടാങ്ക് ഹിന്ദുത്വവാദികൾ പരിപാവനമായി കരുതുന്ന ഗോമൂത്രം കൊണ്ട് കഴുകിവൃത്തിയാക്കിയതും ഈ ഇന്ത്യ അംബേദ്കറുടേതല്ല എന്ന് ഊട്ടിയുറപ്പിക്കുന്നു.

അംബേദ്കറെ സംഘപരിവാർ അടക്കമുള്ള വലതുപക്ഷം ഹൈജാക്ക് ചെയ്യുന്നതിൽത്തന്നെ വ്യക്തമായ രാഷ്ട്രീയനീക്കമുണ്ട്.മുസ്ലിങ്ങൾ അടക്കമുള്ള ന്യൂനപക്ഷവിഭാഗങ്ങൾ കൂടുതലായി അംബേദ്കറിയൻ ആശയങ്ങളോട് അടുക്കുന്നത് സംഘപരിവാറിനെ അസ്വസ്ഥരാക്കുന്നു എന്നതാണ് ഒരു കാരണം. ഇന്ത്യയിലെ ‘പ്രഷർ ഗ്രൂപ്പു’കളായ സംഘടനകൾ, പ്രത്യേകിച്ച് കീഴാള,ദളിത് വിഭാഗങ്ങൾ അബേദ്കറിയൻ രാഷ്ട്രീയം തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു എന്നതും ഐഡന്റിറ്റി പൊളിറ്റിക്‌സിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നതും ഒരു കാരണമാണ്. ഹിന്ദുത്വവിരുദ്ധതയും മതേതരത്വസ്വഭാവവും വെച്ചുപുലർത്തുന്ന ഇത്തരം സംഘടനകൾ പലപ്പോഴും ഒരുമിച്ചുപ്രവർത്തിക്കുന്നത് വലിയൊരു രാഷ്ട്രീയാടിത്തറ സംഘപരിവാറിന് നഷ്ടപ്പെടാൻ കാരണമാകുന്നുണ്ട്. അതുകൊണ്ടുതന്നെ അംബേദ്കറെ തങ്ങളും ആരാധിക്കുന്നു എന്ന് വരുത്തിത്തീർക്കാൻ കഠിനശ്രമം നടന്നുകൊണ്ടിരിക്കുന്നു,അംബേദ്കറിന് മത്സരിച്ചുമാലയിടാൻ ശ്രമം നടക്കുന്നു.പക്ഷെ ഒരുവശത്ത് ആരാധനയും മറുവശത്ത് ഭരണഘടനാനിഷേധവും കാണിക്കുന്ന സംഘപരിവാറിന്റെ ഈ മുഖം ഏറെക്കുറെ ഇന്ന് വികൃതമാണ്. ജനങ്ങൾ അത് തിരിച്ചറിഞ്ഞുതുടങ്ങുകയും ചെയ്തിരിക്കുന്നു.

ഇന്ന് അംബേദ്കറുടെ അറുപത്തിയാറാം ചരമദിനമാണ്. ഇന്ത്യയെ വീണ്ടെടുക്കാൻ ഇന്നും സഹായിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തിത്വം എന്ന നിലയിൽ അംബേദ്കറിന് വലിയൊരു പ്രാധാന്യം ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിലുണ്ട്.മറ്റൊന്ന് കൂടി;ഇന്ത്യയുടെ മതേതര,ഭരണഘടനാ സങ്കൽപ്പങ്ങൾക്ക് മുറിവേൽപ്പിച്ച ബാബറി മസ്ജിദ് തകർത്ത ദിനവും,സമഭാവന വിഭാവനം ചെയ്ത അംബേദ്കറുടെ ചരമദിനവും ഒരേദിവസമായത് ചരിത്രത്തെ പോലും അത്ഭുതപ്പെടുന്ന യാദൃശ്ചികതയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News