എന്‍ പി വൈഷ്ണവ്
ഇന്ത്യന്‍ ചരിത്രത്തിലെ തിളങ്ങുന്ന ഏടിന്റെ ഓര്‍മ്മകള്‍ക്ക് 66 വയസ്സ്. അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളുടെ പ്രതിനിധിയായി ജീവിച്ച് പോരാട്ടങ്ങളില്‍ നിറംമങ്ങാതെ തുടരുന്ന സമര സ്രോതസ്റ്റ് ഇന്നും തീവ്ര ഹിന്ദുത്വവാദികളുടെ ഉറക്കം കെടുത്തുന്നു. ഡോ. ഭീംറാവു റാംജി അംബേദ്കര്‍, ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയ്ക്ക് വിധേയമായതും വര്‍ത്തമാനകാലത്ത് ചര്‍ച്ച ചെയ്യേണ്ടതുമായ ഓര്‍മ്മകള്‍ നല്‍കിയ മഹാപ്രതിഭയെ ആശയപരമായി നേരിട്ടാന്‍ കഴിയാതെ വന്നപ്പോള്‍ ഹൈജാക്ക് ചെയ്യാന്‍ ശ്രമം തുടങ്ങിയിട്ട് കാലമേറെയായി. ഇന്ത്യയുടെ ഭരണഘടനാ ശില്‍പ്പികൂടിയായ ബാബ സാഹിബ് അംബേദ്കര്‍, ജീവിതകാലം മുഴുവന്‍ നിലകൊണ്ടത് മനുവാദികള്‍ക്കെതിരെക്കൂടിയായിരുന്നു. മനുവാദത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന ആര്‍ എസ് എസിന്റെ രാഷ്ട്രീയം പിന്തുടരുന്ന ബിജെപി അദ്ദേഹത്തെ സ്വന്തമാക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്താണ് സ്മരണകള്‍ക്ക് പ്രാധാന്യമേറുന്നത്. കേന്ദ്രത്തില്‍ ഭരണം കൈയ്യാളുന്നതിന്റെ ആനുകൂല്യങ്ങള്‍ മുതലാക്കി ബിജെപി അംബേദ്കറെ ആശയപരമായി വിഴുങ്ങാനുള്ള എല്ലാ ശ്രമങ്ങളും നടത്തി വരുന്നുണ്ട്. ഹിന്ദു രാജ് യാഥാര്‍ത്ഥ്യമായി മാറുകയാണെങ്കില്‍, അത് ഈ രാജ്യത്തിന് ഏറ്റവും വലിയ വിപത്തായി മാറുമെന്ന് ‘പാക്കിസ്ഥാന്‍ അല്ലെങ്കില്‍ ഇന്ത്യാ വിഭജനം’ എന്ന അദ്ദേഹത്തിന്റെ പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ഹിന്ദുരാജ്യം യാഥാര്‍ത്ഥ്യമാക്കാന്‍ വലതുപക്ഷ വര്‍ഗീയവാദികള്‍ പ്രയത്നിക്കുമ്പോള്‍ മനുഷ്യാവകാശ സമരങ്ങളെ അന്നത്തേക്കാളേറെ ഇന്നും അബേദ്കര്‍ മുന്നില്‍ നിന്നും നയിക്കുന്നുണ്ട്, ഇതുതന്നെയാണ് അംബേദ്കറെ സ്വന്തമാക്കാനുള്ള തീവ്രഹിന്ദുത്വവാദികളുടെ നീക്കത്തിനു പിന്നിലും.
ഉയര്‍ത്തുന്ന അവകാശവാദങ്ങള്‍
മുന്‍ ബജ്‌റംഗ്ദള്‍ നേതാവും യുപിയില്‍ ബി ജെ പിയുടെ സംസ്ഥാന പ്രസിഡന്റുമായിരുന്ന വിനയ് കത്യാര്‍ ദളിത് മുഖ്യമന്ത്രി മായാവതി ഭരിക്കുന്ന സംസ്ഥാനത്ത് പര്യടനം നടത്തി ഇന്ത്യയിലെ ഹെഡ്‌ഗേവാറിനെപ്പോലെ അംബേദ്കറും ഹിന്ദുത്വയുടെയും ഹിന്ദു രാഷ്ട്രത്തിന്റെയും മികച്ച പിന്തുണക്കാരനായിരുന്നുവെന്ന് പ്രഖ്യാപിക്കുകയുണ്ടായി.
ഡോ. അംബേദ്കര്‍ ആശയങ്ങളും ആര്‍ എസ് എസും തമ്മില്‍ ‘പ്രത്യയശാസ്ത്ര ഐക്യം ഉണ്ടായിരുന്നുവെന്നും ജനസംഘവും അംബേദ്കറുടെ പട്ടികജാതി ഫെഡറേഷനും തമ്മില്‍ 1952ല്‍ പ്രീ പോള്‍ സഖ്യം ഉണ്ടായിരുന്നുവെന്നും ആര്‍ എസ് എസ് മാധ്യമ വിഭാഗം തലവനും വക്താവുമായ രാജീവ് തുലി ദ പ്രിന്റില്‍ എഴുതിയ ‘Ambedkar appointed RSS man as his election agent, That’s how close the two were’ എന്ന ലേഖനത്തില്‍ അവകാശപ്പെടുന്നു. 1954ലെ മഹാരാഷ്ട്രയിലെ ഭണ്ഡാര ഉപതെരഞ്ഞെടുപ്പില്‍ അംബേദ്കര്‍ ആര്‍ എസ് എസ് നേതാവായ ദത്തോപത്ത് തെങ്കാഡിയെ തന്റെ തിരഞ്ഞെടുപ്പ് ഏജന്റായി നിയമിച്ചുവെന്നും അംബേദ്കര്‍ ആര എസ് എസ് കാര്യാലയം സന്ദര്‍ശിവെന്നും രാജീവ് തുലി വാദിക്കുന്നു. ഇതിനെ സാധൂകരിക്കുന്ന തെളിവുകള്‍ ഒന്നുംതന്നെ അവകാശപ്പെടാന്‍ സംഘപരിവാറിന് കഴിഞ്ഞിട്ടില്ല. ഒരു കളവ് ആയിരം തവണ ആവര്‍ത്തിച്ചാല്‍ സത്യമാകുമെന്ന ഗീബല്‍സിയന്‍ തന്ത്രം ഇന്ത്യയിലും പ്രയോഗിക്കുന്നു എന്നതിന്റെ തെളിവാണിത്. ചരിത്രം മാറ്റിയെഴുതുന്നതുവഴി തീവ്ര ഹിന്ദുവാദികളെ എതിര്‍ത്തവരെ വിഴുങ്ങാനാണ് ബി ജെ പി ശ്രമിക്കുന്നത്.
ചേര്‍ത്തു നിര്‍ത്തിയാലും ലയിക്കാത്ത വിപരീത ആശയങ്ങള്‍
ADVERTISEMENT
ഹിന്ദു ഭൂരിപക്ഷ നിര്‍മ്മിതിക്കായുള്ള നീക്കമാണ് സംഘപരിവാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്, അതേസമയം അംബേദ്കര്‍ ജാതി ഉന്മൂലനത്തിനാണ് നിലകൊണ്ടത്. അത് അദ്ദേഹത്തിന്റെ അടിസ്ഥാന പ്രത്യയശാസ്ത്ര നിലപാടാണ്. സൂക്ഷ്മതലത്തില്‍ എങ്ങനെയെല്ലാം പരിശോധിച്ച് നോക്കിയാലും അംബേദ്കറും സംഘപരിവാര പ്രത്യയശാസ്ത്രങ്ങളും തമ്മില്‍ യാതൊരു സാമ്യവുമില്ല. 66 വര്‍ഷങ്ങള്‍ക്കിപ്പുറവും അംബേദ്കര്‍ ആശയങ്ങള്‍ പരാജയപ്പെടുത്താന്‍ കഴിയാത്ത ബി ജെ പി, ദളിത് – ആദിവാസി ജനങ്ങള്‍ക്കിടയില്‍ അംബേദ്കറെ കൂട്ടുപിടിച്ചുകൊണ്ടാണ് പ്രചാരണങ്ങള്‍ നടത്തിയത്. ചരിത്രം തിരുത്തിയെഴുതാന്‍ തീവ്രഹിന്ദുത്വവാദികള്‍ ശ്രമം നടത്തുന്ന കാലത്ത് അംബേദ്കറെ ശരിയായി പഠിക്കാന്‍ തയ്യാറായില്ലെങ്കില്‍ അവരുടെ പ്രതിനിധിയായി അദ്ദേഹത്തെ അടയാളപ്പെടുത്തും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.