Worldcup 2022:ഖത്തറില്‍ ഐബീരിയന്‍ ഡെര്‍ബിക്ക് കളമൊരുങ്ങുമോ..സ്‌പെയിനും പോര്‍ച്ചുഗലും ഇന്നിറങ്ങുന്നു…

ആദര്‍ശ് ദര്‍ശന്‍

അട്ടിമറികളേറെ കണ്ട ഖത്തര്‍…മുന്‍നിര ടീമുകളൊന്നും കളിയുടെ വീറിനും വാശിക്കും മുന്നില്‍ വമ്പന്മാരല്ലെന്ന് പിന്നെയും പിന്നെയും തെളിഞ്ഞ കളി നിമിഷങ്ങള്‍. വീറും വാശിയും നിറഞ്ഞ ഗ്രൂപ്പ് ഘട്ടത്തില്‍ ജര്‍മ്മനിയും ബെല്‍ജിയവും ഉറുഗ്വേയും മുട്ടുമടക്കി. അട്ടിമറി വീരന്മായ ജപ്പാനും ദക്ഷിണ കൊറിയയും പ്രീ ക്വാര്‍ട്ടറില്‍ കെട്ടടങ്ങി. ഇനി പ്രീ ക്വാര്‍ട്ടര്‍ റൗണ്ടില്‍ ബാക്കി രണ്ടു മത്സരങ്ങള്‍ മാത്രം സ്പെയിന്‍ മൊറോക്കൊയോടും പോര്‍ച്ചുഗല്‍ സ്വിട്‌സര്‍ലാന്‍ഡിനോടും ഏറ്റു മുട്ടുമ്പോള്‍ വമ്പന്മാര്‍ക്ക് കാലിടറുമോ എന്ന ആശങ്കയിലാണ് ടീമുകളുടെ ആരാധകര്‍.

സ്പെയിനെതിരെ നോക്കൗട്ട് റൗണ്ടില്‍ ഇറങ്ങുന്ന മൊറൊക്കോ ടൂര്‍ണമെന്റില്‍ അവശേഷിക്കുന്ന ഏക ആഫ്രിക്കന്‍ പ്രതിനിധികളാണ്. അട്ടിമറിക്കുള്ള സാദ്ധ്യതകള്‍ തള്ളിക്കളയാനാവുന്നതല്ല. 1986 നു ശേഷം അവര്‍ വീണ്ടും നോക്ഔട്ട് ഘട്ടത്തിലേക്ക് എത്തിയിരിക്കുന്നു. ഗ്രൂപ്പ് എഫ് ല്‍ ചാമ്പ്യന്‍മാരായാണ് മൊറോക്കോയുടെ വരവ്.

ഗ്രൂപ്പിലെ ആദ്യ കളിയില്‍ കാനഡയെ ഒരു ഗോളിനു പരാജയപ്പെടുത്തിയായിരുന്നു തുടക്കം. അടുത്ത കളിയില്‍ ബെല്‍ജിയത്തിനെതിരെ രണ്ടു ഗോളിന്റെ അട്ടിമറി ജയം പിടിച്ചു വാങ്ങി, കരുത്തരായ ക്രൊയേഷ്യയെ സമനിലയില്‍ കുരുക്കി പരാജയമറിയാതെ പ്രീ ക്വാര്‍ട്ടര്‍ ലേക്ക് എത്തിയ മോറോക്കോ സ്‌പെയിന് കടുത്ത വെല്ലുവിളിയാകും എന്നുറപ്പാണ്. മധ്യനിരയില്‍ സാബിരിയും, മുന്നേറ്റത്തില്‍ ഹാക്കിം സിയെച്ചിയും അബ്‌നക് ലാലും മിന്നുന്ന ഫോമിലാണെന്നതും മൊറോക്കോക്ക് കരുത്താണ്. കോച് റോഡ്രിഗോയുടെ തന്ത്രങ്ങള്‍ കളിക്കളത്തില്‍ എങ്ങനെ പ്രതിഫലിക്കും എന്നത് കാത്തിരുന്നു കാണാം.

രാജകീയമായിരുന്നു സ്‌പെയിനിന്റെ തുടക്കം. ഗ്രൂപ്പ് ഇ യിലെ ആദ്യ കളിയില്‍ കോസ്റ്റാറിക്കയെ ഏഴു ഗോളിന് തകര്‍ത്ത സ്‌പെയ്‌ന്റെ മികവ് പിന്നീട് ചിത്രത്തിലുണ്ടായിരുന്നില്ല. ജര്‍മ്മനിയോട് സമനിലയില്‍ കുരുങ്ങിയ സ്‌പെയിന്‍ ജപ്പാനിനോട് ഒരു ഗോളിന്റെ പരാജയം ഏറ്റു വാങ്ങി. കണക്കിലെ കളികളുടെ പിന്‍ബലത്തില്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ച സ്‌പെയിന്‍ മൊറോക്കോയുമായി പോരിന് ഇറങ്ങുമ്പോള്‍ ടീം ആകെ പരുങ്ങലിലാണ്. കോച് ലുയിസ് എന്റിക്കെയുടെ വാക്കുകളിലും അത് പ്രകടമാണ്.

മധ്യ നിരയില്‍ കളി മെനയുന്ന പേഡ്രി,ഗാവി, ബുസ്‌കേട്‌സ് സഖ്യത്തില്‍ ആണ് കോച്ചിന്റെ പ്രതീക്ഷകള്‍. മൂന്ന് ഗോളുകള്‍ നേടി ഫോമില്‍ നില്‍ക്കുന്ന അല്‍വാരോ മോറാട്ടയും കോച്ചിന്റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. പോര്‍ച്ചുഗലിനെ നേരിടുന്ന സ്വിറ്റ്‌സര്‍ലാന്‍ഡ്, ഗ്രൂപ്പ് ചാമ്പ്യന്മാരായ ബ്രസീലിന് പിറകിലായി രണ്ടാമതായി ഫിനിഷ് ചെയ്ത ടീം ആണ്. സെര്‍ബിയയ്‌ക്കെതിരെ 3-2 ന്റെ വിജയം, കാമറൂണിനെതിരെ 1-0 ന്റെ വിജയം. കാലിടറിയത് ചാമ്പ്യന്‍ ടീമായ ബ്രസീലിന് മുന്നില്‍. 1-0 ണ് ബ്രസ്സീലിനോട് തോറ്റെങ്കിലും രണ്ടു ജയങ്ങളുടെ പിന്‍ബലത്തോടെ നോക്കൗട്ട് റൗണ്ടിലേക്ക് കടന്നു. ഷാക്കിരി, എമ്പോളോ സഖ്യമാണ് ടീമിന്റെ മുന്നേട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. പരിക്കിന്റെ പിടിയിലായ ഗോളി യാന്‍ സോമര്‍ ഇന്ന് കളത്തിലിങ്ങിയാല്‍ ടീമിന് അത് ഗുണകരമാകും. ഈ കഴിഞ്ഞ നാല് ലോകകപ്പുകളില്‍ മൂന്ന് തവണയും പ്രീ ക്വാര്‍ട്ടര്‍ലേക്ക് കടന്നവരാണ് സ്വിസ് ടീം. ഒരു തവണ ഗ്രൂപ്പ് ഘട്ടം കടക്കാനാവാതെ പുറത്തായി. ലോകക്കപ്പിലെ മികച്ച പ്രകടനം സ്വപ്നം കണ്ടു കൊണ്ട് കളത്തിലിറങ്ങുന്ന സ്വിറ്റ്‌സര്‍ലാന്‍ഡിന് മുന്നില്‍ പിടിച്ചു നില്‍ക്കുക എന്നത് പോര്‍ച്ചുഗലിനു വെല്ലു വിളി തന്നെയാണ്.

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ കൊറിയയോട് പിണഞ്ഞ തോല്‍വി ടീമില്‍ നിരാശ പടര്‍ത്തിയിട്ടുണ്ട്. കൂടാതെ റൊണാള്‍ഡോ പഴയ ഫോമിലേക്ക് തിരിച്ചു വരാത്തതും പോര്‍ച്ചുഗലിനു വിലങ്ങു തടിയാണ്. കൊറിയയുമായുള്ള മാച്ചിലെ റൊണാള്‍ഡോയുടെ സബ്സ്റ്റിറ്റിയൂഷന്‍ ഉണ്ടാക്കിയ പൊല്ലാപ്പുകള്‍ ചെറുതല്ല.2006 നു ശേഷം ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ റൗണ്ടിലേക്ക് കടക്കാനാവാത്ത പോര്‍ച്ചുഗലിനു മുന്നിലുള്ള സുവര്‍ണാവസരമാണ് ഇന്നത്തെ മാച്ച്. ന്യൂനോ മെന്റ്റിസ്, ഡാനിയേല പെരേര എന്നിവരുടെ പരിക്ക് ടീമിന് വെല്ലുവിളി ആണ്. റുബന്‍ ഡയസ്, പെപെ എന്നിവര്‍ അണി നിരക്കുന്ന പ്രതിരോധ നിരയാണ് ടീമിന്റെ കരുത്ത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ,
ജാവോ ഫെലിക്‌സ്, ബ്രൂണോ ഫെര്‍ണ്ണണ്ടസ്, വില്യം കാര്‍വാലോ, ബര്‍ണാര്‍ഡോ സില്‍വ, എന്നിവര്‍ മുന്നേറ്റ നിരയിലും ഉണ്ടാകും.

റൊണാള്‍ഡോ ഇല്ലാതെ ഫസ്റ്റ് ഇലവന്‍ ഇറങ്ങുമോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ കോച്ച് സാന്റോസ് കൂട്ടാക്കിയിട്ടില്ല. ഈ പ്രശ്‌നങ്ങള്‍ ഒന്നും കളിക്കളത്തില്‍ പ്രതിഫലിക്കാതെയിരിക്കട്ടെ എന്നാണ് പോര്‍ച്ചുഗല്‍ ആരാധകരുടെ പ്രാര്‍ത്ഥന. സ്‌പെയിന്‍ മൊറോക്കോ മത്സരം ഇന്ത്യന്‍ സമയം രാത്രീ 8.30നാണ്.പോര്‍ച്ചുഗല്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് മത്സരം ഇന്ത്യന്‍ സമയം ഡിസംബര്‍ 7 പുലര്‍ച്ചെ 12.30നും നടക്കും.ഇന്ന് നടക്കുന്ന അവസാന പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ കഴിഞ്ഞാല്‍ ഡിസംബര്‍ 9 നു നടക്കുന്ന ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ക്രോയേഷ്യ ബ്രസീലിനെ നേരിടും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News