നര്‍ത്തകി മല്ലിക സാരാഭായി കലാമണ്ഡലം ചാന്‍സലര്‍

പത്മഭൂഷണ്‍ മല്ലികാ സാരാഭായിയെ കലാമണ്ഡലം കല്‍പ്പിത സര്‍വ്വകലാശാലയുടെ ചാന്‍സലറായി നിയമിച്ചു. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. സാമൂഹിക പരിവര്‍ത്തനത്തിന് കലയെയും സാഹിത്യത്തെയും പ്രയോജനപ്പെടുത്തണമെന്ന വലിയ കാഴ്ചപ്പാടുള്ള കലാകാരിയാണ് മല്ലികാ സാരാഭായ് എന്ന് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.

സര്‍വകലാശാലകളുടെ ചാന്‍സലറായി അതാത് വിഷയത്തില്‍ പ്രഗത്ഭരായവരെ നിയമിക്കണമെന്ന സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് പ്രശസ്ത നര്‍ത്തകി മല്ലികാ സാരാഭായിയെ കലാമണ്ഡലം ചാന്‍സലറായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മല്ലികാ സാരാഭായിയുമായി ആശയം വിനിമയം നടത്തുകയും അവര്‍ താത്പര്യമറിയിക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് നിയമനമെന്ന് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു.

നേരത്തെ പ്രത്യേക ഉത്തരവിലൂടെ സര്‍വകലാശാലയുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ സര്‍ക്കാര്‍ നീക്കിയിരുന്നു. ചാന്‍സലറുടെ കാര്യത്തില്‍ കല്‍പ്പിത സര്‍വകലാശാലയുടെ സ്പോണ്‍സറിങ് ഏജന്‍സിക്ക് തീരുമാനമെടുക്കാമെന്നാണ് യു.ജി.സിയുടെ വ്യവസ്ഥ. കലാമണ്ഡലത്തിന്റെ സ്പോണ്‍സറിങ് ഏജന്‍സി സര്‍ക്കാരായതിനാലാണ് ഗവര്‍ണറെ നീക്കി പ്രത്യേക ഉത്തരവിറക്കിയതും ഇപ്പോള്‍ പുതിയ ചാന്‍സലറെ നിയമിച്ചതും.

പ്രശസ്ത നര്‍ത്തകി മൃണാളിനി സാരാഭായിയുടേയും ബഹിരാകാശ ശാസ്ത്രജ്ഞന്‍ വിക്രം സാരാഭായിയുടേയും മകളായി ജനിച്ച മല്ലിക സാരാഭായി ഭരതനാട്യത്തിലും കുച്ചുപ്പുടിയിലും ലോകം അംഗീകരിച്ച നര്‍ത്തകിയാണ്. നര്‍ത്തകി, അഭിനേത്രി, എഴുത്തുകാരി, പ്രസാധക എന്നീ നിലകളില്‍ ബഹുമുഖ പ്രതിഭ. അഹമ്മദാബാദ് ഐ.ഐ.എമ്മില്‍ നിന്ന് എം.ബി.എ ബിരുദം. ഗുജറാത്ത് സര്‍വ്വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ്. ഗുജറാത്ത് വംശഹത്യയില്‍ സര്‍ക്കാരിനെ പരസ്യമായി വിമര്‍ശിച്ച് സംഘപരിവാര്‍ ഭരണകൂടത്തിന്റെ കണ്ണിലെ കരടായി. വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ പ്രതിഷേധിച്ച് 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍.കെ. അദ്വാനിക്കെതിരെ മത്സരിച്ചു.

നാടകം, സിനിമ, ടെലിവിഷന്‍, സാഹിത്യം, പ്രസാധനം, സംവിധാനം എന്നീ മേഖലകളിലും അവര്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. കലാമണ്ഡലം ചാന്‍സലര്‍ പദവിയിലേക്കുള്ള മല്ലികാ സാരാഭായിയുടെ നിയമനം കലാകേരളത്തിന് ഗുണകരമായി മാറുമെന്നാണ്‌
സംസ്ഥാന സര്‍ക്കാര്‍ വിലയിരുത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News