രക്ഷകനായി ബോണോ. മൊറോക്കോ ക്വാർട്ടറിലേക്ക്

120 മിനുട്ടും അധികം സമയവും നീണ്ടു നിന്ന മത്സരത്തിനൊടുവില്‍ സ്‌പെയ്‌നിനെതിരെ മോറോക്കോയ്ക്ക് മിന്നും ജയം. ഗോൾ രഹിതമായ ഇരു പകുതിയും അധികം സമയവും കഴിഞ്ഞ് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ 3-0 ത്തിനായിരുന്നു മൊറോക്കന്‍ ടീമിന്റെ വിജയം.
ഇരു ടീമുകളും അവസരങ്ങള്‍ ഒരുക്കിയെങ്കിലും ഫലപ്രാപ്തിയിലെത്തിക്കാന്‍ ഇരുവര്‍ക്കും ആയില്ല.

മത്സരത്തിന്റെ തുടക്കം മുതല്‍ പന്ത് കൈയ്യടക്കി സ്പെയിൻ കളിയിൽ ആധിപത്യം സ്ഥാപിച്ചു.
എന്നാല്‍ കടുകിട നൽകാതെ ഉറച്ചു നിന്ന മൊറോക്കന്‍ പ്രതിരോധത്തിനെ ഭേധിക്കാൻ സ്പെയിനിനു കഴിഞ്ഞില്ല. മോറോക്കയുടെ കാവൽഭടൻ ബോണോയുടെ സേവുകൾ കൂടി ആയപ്പോൾ
സ്‌പെയ്ന്‍ പതറി. അവസാന മിനുട്ടിലും ദൗർഭാഗ്യം അവരെ വേട്ടയാടി. പബ്ലോ സെറാബിയുടെ ഷോട്ട് പോസ്റ്റിൽ തട്ടി പുറത്തേക് പോയി.
കിട്ടിയ അവസരങ്ങളിലൊക്കെ ആക്രമണങ്ങളുമായി മൊറോക്കോയും കളം പിടിച്ചതോടെ വാശിയേറിയ പോരാട്ടത്തിനു എഡ്യൂക്കേഷന്‍ സിറ്റി സ്‌റ്റേഡിയം സാക്ഷിയായി.

ഉറച്ച് നിന്ന മൊറോക്കൻ പ്രതിരോധത്തിന് മുന്നിൽ മത്സരത്തില്‍ സ്പാനിഷ് താരങ്ങളായ ഗാവിയ്ക്കും പെഡ്‌റിയ്ക്കും കാര്യമായി ഒന്നും ചെയ്യാനായില്ല.
രണ്ടാം പകുതിയില്‍ ഡാനി ഒല്‍മോ കൃത്യമായി പോസ്റ്റിലേയ്ക്ക് തൊടുത്ത ഫ്രീകിക്ക് മോറോക്കന്‍ ഗോള്‍ കീപ്പര്‍ യാസ്സിന്‍ ബോണോ രക്ഷപ്പെടുത്തി.

പെനാല്‍റ്റി സ്പോട്ടിൽ ആദ്യ കിക്കെടുക്കാന്‍ വന്ന മൊറോക്കന്‍ താരത്തിന് പിഴച്ചില്ല. കൃത്യമായി പന്ത് വലയിലേയ്ക്ക്. എന്നാല്‍ സ്പാനിഷ് ടീമിനായി ആദ്യ കിക്കെടുക്കാന്‍ വന്ന സെറാബിയയ്ക്ക് ലക്ഷ്യം കാണാനായില്ല. രണ്ടാമത്തെ കിക്കും ലക്ഷ്യത്തിലെത്തിയതോടെ മൊറൊക്കോ ആത്മവിശ്വാസത്തിലെത്തി. സ്പാനിഷ് പടയ്ക്കായി രണ്ടാമത്തെ കിക്കെടുക്കാന്‍ എത്തിയ സൊളാറിനും പിഴച്ചതോടെ സ്പെയിൻ സമ്മർദ്ദത്തിലായി.

മൊറോക്കോയുടെ മൂന്നാമത്തെ കിക്ക് സ്പാനിഷ് ഗോളി തടുത്തു.
മുന്നാമത്തെ കിക്കെടുക്കാന്‍ എത്തിയ സ്പാനിഷ് ക്യാപ്റ്റന്‍ സെര്‍ജിയോ ബുസ്‌ക്കറ്റ്‌സിനും പിഴച്ചതോടെ മത്സരം മോറോക്കോയുടെ കൈകളില്‍. നാലാമത്തെ കിക്ക് കൃത്യമായി വലയിലെത്തിച്ച സൂപ്പര്‍ താരം ഹകീമി മോറോക്കന്‍ പടയെ ക്വാര്‍ട്ടറില്‍ എത്തിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News