ഒരാൾ പോലും പട്ടിണി കിടക്കാൻ പാടില്ല; ഉറപ്പ് വരുത്തേണ്ടത് സർക്കാറിൻ്റെ കടമ: സുപ്രീം കോടതി

രാജ്യത്ത് ഒഴിഞ്ഞവയറുമായി ഒരാൾ പോലും ഉറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തുകയെന്നതാണു നമ്മുടെ സംസ്‌കാരമെന്നു സുപ്രീം കോടതി. ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഭക്ഷ്യധാന്യങ്ങള്‍ അവസാനയാളിലേക്കും എത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നു കേന്ദ്രസര്‍ക്കാരിനോട് കോടതി നിർദ്ദേശിച്ചു.കൊവിഡും തുടർന്നുണ്ടായ ലോക്ക്ഡൗണുകളിലും തൊഴിൽ-സാമ്പത്തിക സുരക്ഷ നഷ്ടപ്പെട്ട കുടിയേറ്റ തൊഴിലാളികളുടെ ദുരവസ്ഥയുമായി ബന്ധപ്പെട്ട് സമർപ്പിച്ച പൊതുതാല്‍പ്പര്യ ഹർജി പരിഗണിക്കുന്ന വേളയിലാണ് കോടതിയുടെ നിർദ്ദേശം. ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത കുടിയേറ്റ, അസംഘടിത മേഖലയിലെ തൊഴിലാളികളുടെ കണക്കുകളടങ്ങിയ പുതിയ പട്ടിക സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് ജസ്റ്റിസുമാരായ എം ആര്‍ ഷാ, ഹിമ കോഹ്ലി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദ്ദേശം നൽകി.

“ദേശീയ ഭക്ഷ്യ സുരക്ഷ പ്രകാരമുള്ള ഭക്ഷ്യധാന്യങ്ങള്‍ അവസാന മനുഷ്യനിലേക്കും എത്തുന്നുവെന്ന് ഉറപ്പാക്കേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ കടമയാണ്. കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്ന് ഞങ്ങള്‍ പറയുന്നില്ല. കൊവിഡ് സമയത്ത് ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഭക്ഷ്യധാന്യങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്. അതു തുടരുന്നതു ഞങ്ങള്‍ക്കു കാണണം. ആരും ഒഴിഞ്ഞ വയറുമായി ഉറങ്ങുന്നില്ലെന്നതുതീർച്ചപ്പെടുത്തേണ്ടത് നമ്മുടെ സംസ്‌കാരമാണ് ” – ഡിവിഷൻ ബെഞ്ച് പറഞ്ഞു.

ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം ഫലപ്രദമായി നടപ്പാക്കിയില്ലെങ്കില്‍ അര്‍ഹരും ആവശ്യക്കാരുമായ നിരവധി ഗുണഭോക്താക്കൾക്ക് ആനുകൂല്യം ലഭിക്കാതെ വരികയും അവർ പട്ടികയിൽ നിന്നും പുറത്താക്കുകയും ചെയ്യും. കഴിഞ്ഞ വര്‍ഷങ്ങളില്‍ ജനങ്ങളുടെ പ്രതിശീര്‍ഷ വരുമാനം വര്‍ധിച്ചിട്ടുണ്ടെന്നാണു കേന്ദ്ര സർക്കാറിൻ്റെ അവകാശവാദം. എന്നാല്‍ സമീപകാലയളവിൽ ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ വളരെയധികം പിന്നോട്ട് പോയതായി ഹർജിക്കാർക്ക് വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണ്‍ കോടതിയിൽ ചൂണ്ടിക്കാട്ടി.

ഭക്ഷ്യ സുരക്ഷാ നിയമത്തിൻ്റെ പരിധിയിൽ 81.35 കോടി പൗരൻമാരുണ്ട് ഇത് നിലവിലെ രാജ്യത്തിൻ്റെ സാഹചര്യത്തില്‍ പോലും വളരെ വലിയ സംഖ്യയാണെന്നും കന്ദ്ര സർക്കാറിന് വേണ്ടി സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി കോടതിയിൽ വ്യക്തമാക്കി.എന്നാൽ ഗുണഭോക്താക്കളുടെ പട്ടികയില്‍ കൂടുതല്‍ ആളുകളെ ഉൾപ്പെടുത്തുന്നതിന് 2011 ലെ സെന്‍സസ് സർക്കാറിന് തടസമായില്ല എന്നും എഎസ് ജി ചൂണ്ടിക്കാട്ടി.

2011 ലെ സെന്‍സസിനു ശേഷം രാജ്യത്ത് ജനസംഖ്യയും ഒപ്പം ഭക്ഷ്യ സുരക്ഷ നിയമത്തിൻ്റെ പരിധിയില്‍ വരുന്ന ഗുണഭോക്താക്കളുടെ എണ്ണവും വർദ്ധിച്ചതായി ചൂണ്ടിക്കാട്ടി സാമൂഹിക പ്രവര്‍ത്തകരായ അഞ്ജലി ഭരദ്വാജ്, ഹര്‍ഷ് മന്ദര്‍, ജഗ്ദീപ് ചോക്കര്‍ എന്നിവരാണ് സുപ്രിം കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്.കേസ് ഈ മാസം 8 ന് വീണ്ടും പരിഗണിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News