ചരിത്രം ആവര്‍ത്തിക്കുമോ? മൂന്നാം ശക്തിയുടെ വരവില്‍ മാറി മറിഞ്ഞ ഗുജറാത്തിന്റെ രാഷ്ട്രീയ ജാതകം

ആര്‍ രാഹുല്‍

രാജ്യത്തിന്റെ രാഷ്ട്രീയ ഭാവിയില്‍ നിര്‍ണ്ണായക ചലനങ്ങള്‍ ഉണ്ടാക്കാന്‍ പോകുന്നതായിരിക്കും മഹാത്മാഗാന്ധിയുടെ ജന്‍മനാട് എന്ന ഖ്യാതിയുള്ള ഗുജറാത്തില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം.സാമൂഹിക നീതിയിലൂന്നിയുള്ള മതേതര ജനാധിപത്യത്തിന്റെ അനിവാര്യതയിലേക്ക് ഗുജറാത്ത് മൂന്ന് പതിറ്റാണ്ടുകള്‍ക്കിപ്പുറംതിരിച്ചു പോകുമോ എന്നതാണ് ജനാധിപത്യ മതേതര വിശ്വാസികള്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ തുടര്‍ച്ചയായി ഏഴാം തവണയും ഹിന്ദുത്വയുടെ പരീക്ഷണശാല എന്നറിയപ്പെടുന്ന ഗുജറാത്തില്‍ അധികാരം നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ അത് 2024 ലെ പൊതു തെരഞ്ഞെടുപ്പിനെ സധൈര്യം നേരിടാനുള്ള ഊര്‍ജ്ജമായി ബിജെപിക്ക് അത് മാറും.ഗുജറാത്തില്‍ നിന്നാണ് ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്നുള്ള പ്രതാപത്തിലേക്ക് വളര്‍ന്നത്. അതു കൊണ്ട് തന്നെ ഹിന്ദുത്വയുടെ ഗുജറാത്ത് മോഡല്‍ ഇത്തവണ തിരിച്ചടി നേരിട്ടാല്‍ സമീപഭാവിയില്‍ സാക്ഷാത്ക്കരിക്കുമെന്ന് കരുതുന്നഹിന്ദുരാഷ്ട്രത്തിന്റെതന്നെ മോഡലിലേക്ക് അനായാസം നടന്നു കയറാനും അവര്‍ക്കു കഴിയില്ല.

അതിന് അവര്‍ക്ക് ഗുജറാത്തിലെ അധികാരം നിലനിര്‍ത്തിയേ മതിയാകു.എന്നാല്‍ ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ കോണ്‍ഗ്രസും തമ്മിലുള്ള ഒരു നേര്‍ക്ക് നേര്‍ മത്സരമല്ല ഇക്കുറി.കഴിഞ്ഞ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സൂറത്തിലടക്കമുള്ള നഗര അര്‍ദ്ധ നഗര മേഖലകളില്‍ നേട്ടമുണ്ടാക്കിതാണ് ആം ആദ്മിയുടെ പ്രതീക്ഷകള്‍ സജീവമാക്കുന്നത്.ആ മുന്നേറ്റം ചൂണ്ടിക്കാട്ടി പഞ്ചാബി?ല്‍ ഭരണംപിടിച്ച സാഹചര്യം ഗുജറാത്തിലുമുണ്ടെന്നാണ് ആം ആദ്മിയുടെ അവകാശവാദം. ഗുജറാത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ മൂന്നാം കക്ഷികള്‍ ഉണ്ടാക്കിയിട്ടുള്ള അപ്രതീക്ഷിത മുന്നേറ്റങ്ങളും ആം ആദ്മിയുടെ അവകാശവാദത്തിന് ബലം നല്‍കുന്നുണ്ട്. അതുകൊണ്ടാണ് എക്‌സിറ്റ് പോളുകളില്‍ എല്ലാംതന്നെ പിന്നോട്ട് പോയെങ്കിലും ആം ആദ്മി അവയൊക്കെ തള്ളിക്കളഞ്ഞ് തികഞ്ഞ വിജയപ്രതീക്ഷ പുലര്‍ത്തുന്നത്.

ബോംബെ സംസ്ഥാനം വിഭജിച്ച് ഗുജറാത്ത് സംസ്ഥാനം രൂപീകരിച്ചപ്പോള്‍ ഒന്നര പതിറ്റാണ്ട് കാലം കോണ്‍ഗ്രസിന്റെ അപ്രമാധിപത്യത്തെ ചോദ്യം ചെയ്യാന്‍ ഒരു ശക്തിക്കും കഴിഞ്ഞിരുന്നില്ല. കോണ്‍ഗ്രസിന് ഇടക്കിടെ ചില തിരിച്ചടികള്‍ നേരിട്ടു വെങ്കിലും 1995 ന് ശേഷമാണ് ഹിന്ദുത്വയുടെ പരീക്ഷണശാല എന്ന വിശേഷണത്തിലേക്ക് ഗുജറാത്ത് മാറിയത്.പിന്നീട് കാല്‍ നൂറ്റാണ്ടുകള്‍ക്കിപ്പുറവും ഹിന്ദുത്വ ശക്തികള്‍ക്ക് ഒരു വെല്ലുവിളിയുയര്‍ത്താന്‍ ആര്‍ക്കും കഴിയാത്ത തരത്തില്‍ ഗുജറാത്തിന്റെ രാഷ്ട്രീയ ചരിത്രം മാറി.

1960 ല്‍ 132 സീറ്റുകളിലേക്കാണ് ഗുജറാത്തില്‍ ആദ്യമായി തെരഞ്ഞെടുപ്പ് നടന്നത്.112 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് മഹാത്മാഗാന്ധിയുടെ സ്വകാര്യ ഫിസിഷ്യന്‍ ജീവരാജ് നാരായണ്‍ മേത്തയെ സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയാക്കി.അദ്ദേഹത്തിന്റെ പിന്‍ഗാമിയായി 1963 ഫെബ്രുവരി 25ന് ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയ ബല്‍വന്ത് റായ് മേത്ത 1965 ല്‍ വിമാന അപകടത്തില്‍ കൊല്ലപ്പെടുന്നതിന് ശേഷം പാര്‍ട്ടിയില്‍ ഉണ്ടായ ആഭ്യന്തര കലഹങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ചെറുതല്ലാത്ത വെല്ലുവിളിയുയര്‍ത്തിയെങ്കിലും ആദ്യമായി അധികാരം നഷ്ടപ്പെടുന്നത് അടിയന്തിരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിലാണ്.

എന്നാല്‍ മാധവ് സിംഗ് സോളങ്കിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് 1985 ല്‍ 149 സീറ്റ് നേടി അധികാരത്തിലേക്ക് സ്വപ്നതുല്യമായ തിരിച്ചുവരവ് നടത്തി.ഇത് വരെ ഈ റെക്കോഡ് മറികടക്കാന്‍ തീവ്രഹിന്ദുത്വം പറഞ്ഞിട്ടു പോലും തുടര്‍ച്ചയായി 6 തവണ അധികാരത്തില്‍ തുടരുന്ന ബിജെപിക്ക് കഴിഞ്ഞിട്ടില്ല എന്നതും വസ്തുതയായി നമ്മുടെ മുന്നിലുണ്ട്. എന്നാല്‍ അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും അധികാരം കോണ്‍ഗ്രസിന് നഷ്ടപ്പെട്ടു. 1990 ല്‍ ഒരു മൂന്നാം കക്ഷിയുടെ കടന്നുവരവ് ഗുജറാത്തിന്റെ രാഷ്ട്രീയ ചരിത്രം തന്നെ മാറ്റിമറിച്ചു. അന്ന് 70 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ ജനതാദളുമായി ചേര്‍ന്ന് 67 സീറ്റുകള്‍ നേടിയ ബിജെപി അധികാരം പങ്കിട്ടു.

ജനതാദളിന്റെ ചിന്‍മയ് ഭായ് പട്ടേല്‍ മുഖ്യമന്ത്രിയും ബിജെപിയുടെ കേശുഭായ് പട്ടേല്‍ ഉപമുഖ്യമന്ത്രിയുമായി.എന്നാല്‍ ആ സഖ്യത്തിന് അധികം ആയുസുണ്ടായിരിന്നില്ല. അതേ വര്‍ഷം ഒക്ടോബറില്‍ സഖ്യം പിരിഞ്ഞെങ്കിലും കോണ്‍ഗ്രസിന്റെ പിന്തുണയോടെ ജനതാദള്‍ അധികാരം നിലനിര്‍ത്തി.1994 ല്‍ ചിന്‍മയ് ഭായ് മരിച്ചപ്പോള്‍ കോണ്‍ഗ്രസിലെ ഛബീല്‍ദാസ് മേത്ത മുഖ്യമന്ത്രിയായി.എന്നാല്‍ 1995 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഏവരെയും ഞെട്ടിച്ചു കൊണ്ട് 182ല്‍ 121 സീറ്റും നേടി ബിജെപി ഒറ്റക്ക് അധികാരത്തിലേക്ക് നടന്നു കയറി. പിന്നീട് സീറ്റുകളുടെ എണ്ണത്തില്‍ ഏറ്റക്കുറച്ചിലികള്‍ ഉണ്ടായെങ്കിലും അധികാരം ബിജെപിക്ക് നഷ്ടപെട്ടില്ല. കേശുഭായി പട്ടേല്‍ ഗുജറാത്തിന്റെ മുഖ്യ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.2001 ല്‍ വീണ്ടും അധികാരത്തിലെത്തിയ ബിജെപി നരേന്ദ്ര മോദിയെ മുഖ്യമന്ത്രിയാക്കുന്നു. പിന്നീട് 13 വര്‍ഷക്കാലം പദവില്‍ തുടര്‍ന്ന അദ്ദേഹം ഗുജറാത്തിന്റെ മുഖ്യ മന്ത്രിയായിരിക്കെ തന്നെ മുതിര്‍ന്ന നേതാക്കളെയെല്ലാം മറികടന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തില്‍ വരെയെത്തി.ഗുജറാത്ത് രാഷ്ട്രീയത്തില്‍ നിന്നും നരേന്ദ്ര മോദി മാറി നില്‍ക്കുന്ന കാലയളവില്‍ 2017ല്‍ മാത്രമാണ് ഗുജറാത്തില്‍ കോണ്‍ഗ്രസിന് വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞത്.

ആകെയുള്ള 182 സീറ്റുകളില്‍ 70 സീറ്റുകളില്‍ നിര്‍ണ്ണായക സാധ്വീനമുള്ള പട്ടേല്‍ സമുദായത്തിന്റെ പിന്തുണയുള്ള ഹര്‍ദീക് പട്ടേലിന്റെ കോണ്‍ഗ്രസിലേക്കുള്ള കടന്നു വരവും ഒപ്പം ഭരണവിരുദ്ധ വികാരവുമാണ് അതിനു കാരണം എന്നാണ് വിലയിരുത്തപ്പെടുന്നത്. 99 സീറ്റുകള്‍ ബിജെപി നേടിയപ്പോള്‍ ശക്തമായ മത്സരം കാഴ്ച്ചവെച്ച കോണ്‍ഗ്രസിന് 77 സീറ്റുകള്‍ നേടാനായി.1990നും ശേഷം കോണ്‍ഗ്രസ് പുറത്തെടുത്ത ഏറ്റവും നല്ല പ്രകടനമായിരുന്നു അത്.കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള വ്യത്യാസം 22 സീറ്റുകള്‍ മാത്രമായി ചുരുങ്ങി.മോര്‍ബി തൂക്കുപാലം ദുരന്തവും വിലക്കയറ്റവും ഒപ്പം ശക്തമായ ഭരണവിരുദ്ധ വികാരവും ബിജെപിക്ക് വെല്ലുവിളിയാകും എന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍.

എന്നാല്‍ 1985 നെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ മറ്റൊരു മൂന്നാം കക്ഷിയുടെ സാന്നിധ്യമാണ് ഇക്കുറി ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ശ്രദ്ധാകേന്ദ്രം. അതു കൊണ്ട് തന്നെ ആംആദ്മി പാര്‍ട്ടിയുടെ രംഗപ്രവേശനമാണത് ഇക്കുറി പ്രധാന ചര്‍ച്ചാ വിഷയവും. ശക്തമായ ഭരണവിരുദ്ധ വികാരം ഗുജറാത്തിലുണ്ട് എന്ന് പറയുമ്പോഴും ആം ആദ്മിയുടെ ഗുജറാത്ത് രാഷ്ട്രീയത്തിലേക്കുള്ള കടന്നു കടന്നുവരവ് തങ്ങള്‍ക്ക് തിരിച്ചടിയാകില്ല എന്ന് പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് നേതാക്കള്‍ ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ സമീപകാലത്ത് നടന്ന പഞ്ചാബില്‍ തങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍ ആംആദ്മി പാര്‍ട്ടി കടന്നു കയറി അധികാരം പിടിച്ചതും കോണ്‍ഗ്രസ് ആശങ്കയോടെയാണ് നോക്കി കാണുന്നത്.

ബിജെപിക്ക് സ്ഥിരമായി വോട്ടു ചെയ്യുന്ന നഗര, അര്‍ധ നഗര വോട്ടര്‍മാരെയാണ് ആപ്പ് കൂടുതല്‍ സ്വാധീനിക്കുന്നതെന്നും തങ്ങളുടെ ശക്തികേന്ദ്രങ്ങളായ ഗ്രാമ മേഖലകളില്‍ ആപ്പിന് അടിസ്ഥാന സംഘടനയില്ല അതുകൊണ്ട് തങ്ങള്‍ക്ക് അവര്‍ വെല്ലുവിളിയല്ല എന്ന വാദങ്ങള്‍ കോണ്‍ഗ്രസ് നിരത്തുന്നുണ്ട്. എന്നാല്‍ ഡല്‍ഹിയില്‍ തുടങ്ങി പഞ്ചാബില്‍ വരെയെത്തിയ ആപ്പിന്റെ മുന്നേറ്റത്തില്‍ കടപുഴകിയത് കോണ്‍ഗ്രസിന്റെ അടിത്തറയാണ് എന്ന യാഥാര്‍ത്ഥ്യവും കോണ്‍ഗ്രസിന് മുന്നിലുണ്ട്. അതാണ് ആപ്പിന്റെ വരവുയര്‍ത്തുന്ന അവരുടെ ആശങ്കയുടെ അടിസ്ഥാനം.

1990 ശേഷം ഗുജറാത്തിന്റെ അധികാരം കോണ്‍ഗ്രസിന് കിട്ടാക്കനിയാക്കിയ ജനാദള്‍ ഒരു മൂന്നാം ശക്തിയായി വളര്‍ന്ന ചരിത്രം ആവര്‍ത്തിച്ചാല്‍ അതിന്റെ ഗുണഭോക്താക്കള്‍ ആരായിരിക്കും? അതിന്റെ നേട്ടം കൊയ്യാന്‍ പോകുന്നത് കോണ്‍ഗ്രസാണോ അതോ ബിജെപിയാണോ എന്നതാണ് എക്‌സിറ്റ് പോളുകളെ ഒഴിവാക്കി ചിന്തിച്ചാല്‍ ഉയര്‍ന്ന് വരുന്ന പ്രധാന ചോദ്യം.

എക്‌സിറ്റ് പോളുകള്‍ എല്ലാം തന്നെ വലിയ വിജയം ബിജെപിക്ക് പ്രവചിപ്പിക്കുമ്പോള്‍ 1985 ല്‍ ഏറ്റവും കൂടുതല്‍ സീറ്റ് നേടിയ കോണ്‍ഗ്രസിന്റെ സര്‍വ്വകാല റെക്കോഡ് ഇക്കുറി തകര്‍ക്കും എന്നതാണ് ബിജെപി കേന്ദ്രങ്ങളുടെ പ്രതീക്ഷ. എന്നാല്‍ എക്‌സിറ്റ് പോളുകളെ അവഗണിച്ചും ചരിത്രത്തെ കൂട്ടുപിടിച്ചും തങ്ങളുടെ പ്രതീക്ഷകള്‍ നിലനിര്‍ത്തുകയാണ് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും.കഴിഞ്ഞ ആറു പതിറ്റാണ്ടുകള്‍ക്കിടയില്‍ ഗുജറാത്തില്‍ ഉണ്ടായ രാഷ്ട്രീയവും ചരിത്രപരവുമായ ചലനങ്ങങ്ങള്‍ ദേശീയ രാഷ്ട്രീയത്തില്‍ തന്നെ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതു കൊണ്ട് തന്നെ തെരഞ്ഞെടുപ്പുഫലം എന്തായാലും അത് ആര്‍ക്കനുകൂലമായാലും ഗുജറാത്ത് രാഷ്ട്രീയത്തില്‍ മാത്രമല്ല;ദേശീയ രാഷ്ട്രീയത്തിലും അത് പുതുചലനങ്ങള്‍ സൃഷ്ടിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News