സംസ്ഥാനത്തെ വിവിധ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കുന്നതിനുള്ള സർവകലാശാല നിയമഭേദഗതി ബിൽ ഇന്ന് നിയമസഭാ പരിഗണിക്കുകയാണ്. കലാമണ്ഡലം കല്പിത സർവകലാശാലയുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മുൻപേ പുറത്താക്കിയിരുന്നു. പ്രശസ്ത നർത്തകിയായ മല്ലിക സാരാഭായിയെ ചാൻസലറായി സർക്കാർ ഇന്നലെ നിയമിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ഭേദഗതി നിയമസഭയിൽ പാസ്സാക്കിയെടുക്കാനാകുമെന്ന വിശ്വാസവും സർക്കാരിനുണ്ട്.
പുഞ്ചി കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഇത്തരമൊരു ഭേദഗതിക്ക് തയ്യാറാകുന്നത്. കമ്മീഷൻ നിർദ്ദേശിച്ച പ്രകാരം ഗവർണറുടെ അതിനുകാരപരിധി പുതിയ ഭേദഗതിയിൽ സർക്കാർ രേഖപ്പെടുത്തുന്നു. അപ്പോൾ സ്വാഭാവികമായും ഒരു ചോദ്യമുണ്ടാകും. എന്താണ് പുഞ്ചി കമ്മീഷൻ? ഗവർണറുടെ അധികാരപരിധി സംബന്ധിച്ച് എന്തായിരുന്നു അവർ സമർപ്പിച്ച നിർദ്ദേശങ്ങൾ? പരിശോധിക്കാം
വിരമിച്ച ജസ്റ്റിസ് മധൻ മോഹൻ പുഞ്ചിയുടെ അധ്യക്ഷതയിൽ 2007 ൽ അന്നത്തെ കേന്ദ്രസർക്കാർ രൂപീകരിച്ച കമ്മീഷനാണ് പുഞ്ചി കമ്മീഷൻ. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ച് പഠിക്കാനും, 1988ലെ സർക്കാരിയാ കമ്മീഷന് ശേഷം കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിൽ വന്ന മാറ്റങ്ങളെ വിലയിരുത്തനുമാണ് പുഞ്ചി കമ്മീഷൻ നിയോഗിക്കപ്പെട്ടത്. ഈ കമ്മീഷൻ റിപ്പോർട്ടിലൂടെ ഗവർണറുടെ വിവേചനാധികാരത്തെ സംബന്ധിച്ചുള്ള വിവിധ നിർദ്ദേശങ്ങൾ ജസ്റ്റിസ് പുഞ്ചി മുന്നോട്ടുവെക്കുന്നു.
എന്തൊക്കെയാണ് പുഞ്ചി കമ്മീഷനിലെ ആ നിർദ്ദേശങ്ങൾ എന്ന് നോക്കാം
പുഞ്ചി കമ്മീഷനിലെ നാലാമത്തെ ചാപ്റ്ററിലാണ് ഗവർണറുടെ വിവേചനാധികാരങ്ങളെപ്പറ്റി പരാമർശിക്കുന്നത്. ഗവർണർ തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ നിർദ്ദേശപ്രകാരമേ പ്രവർത്തിക്കാൻ പാടുകയുള്ളു എന്നും അത്തരത്തിൽ പ്രവർത്തിക്കുന്ന മേഖലകളിൽ ഏകപക്ഷീയമോ സാങ്കല്പികമോ ആയ തീരുമാനങ്ങൾ എടുക്കാൻ പാടില്ലായെന്നും കമ്മീഷൻ നിർദ്ദേശിക്കുന്നു.
ADVERTISEMENT
ഇന്ന് സംസ്ഥാനത്ത് നടക്കുന്ന പ്രശ്നങ്ങളുമായി നേരിട്ട് ബന്ധമുള്ളവയാണ് ഇനി വരുന്ന വരികൾ. നിയമസഭാ പാസ്സാക്കുന്ന ബില്ലുകൾ ഗവർണർക്ക് പുനഃപരിശോധനയ്ക്ക് അയക്കാനുള്ള അധികാരമുണ്ട്. എന്നാൽ അത്തരത്തിൽ പുനഃപരിശോധന കഴിഞ്ഞ് വരുന്ന ബില്ലുകളിൽ ഗവർണർ നിർബന്ധമായും ഒപ്പ് രേഖപ്പെടുത്തിയെ പറ്റൂ. പരമാവധി ആറ് മാസം വരെ ഗവർണർക്ക് ബില്ലുകൾ കയ്യിൽവെക്കാമെന്നും അതിനുമുകളിൽ സാധ്യമല്ല എന്നും കമ്മീഷൻ നിർദ്ദേശിക്കുന്നു.
അടുത്താണ് പ്രധാനം. ഭരണഘടന നിഷ്കർഷിക്കുന്നതിനപ്പുറം ഗവർണർക്ക് യാതൊരു അധികാരവും നൽകേണ്ടതില്ല എന്ന് കമ്മീഷൻ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. പൊതുവിമർശനത്തിന് ഇടകൊടുക്കുന്ന ഒരു കാര്യത്തിനും ഗവർണറെയോ അദ്ദേഹത്തിന്റെ ഓഫീസിനെയോ വലിച്ചിഴക്കരുത് എന്നാണ് റിപ്പോർട്ടിലെ പരാമർശം. യൂണിവേഴ്സിറ്റി തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം മന്ത്രിസഭാ കൈക്കൊള്ളണമെന്നും ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കുന്നതാണ് ഉചിതമെന്നും റിപ്പോർട്ട് പരാമർശിക്കുന്നു.
പുഞ്ചി റിപ്പോർട്ടിലെ മേല്പറഞ്ഞ ഭാഗങ്ങളാണ് സംസ്ഥാന സർക്കാർ ഭേദഗതിക്ക് ആധാരമായെടുത്തിരിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.