ക്ഷമ പരീക്ഷിക്കരുത്; അതിര്‍ത്തി തര്‍ക്കത്തില്‍ ശരദ് പവാറിന്റെ താക്കീത്

മഹാരാഷ്ട്ര-കര്‍ണാടക അതിര്‍ത്തി തര്‍ക്കത്തില്‍ മുന്നറിയിപ്പുമായി നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍ രംഗത്ത്. ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ സ്ഥിതിഗതികള്‍ വഷളാക്കുകയാണെന്ന് ആരോപിച്ച പവാര്‍ മഹാരാഷ്ട്രയിലെ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്നും താക്കീത് നല്‍കി. മഹാരാഷ്ട്രയുടെ നമ്പര്‍ പ്ലേറ്റുള്ള വാഹനങ്ങള്‍ തടഞ്ഞായിരുന്നു കഴിഞ്ഞ ദിവസം പ്രതിഷേധം ശക്തമാക്കിയത്.

അടുത്ത 24 മണിക്കൂറിനുള്ളില്‍ സ്ഥിതിഗതികള്‍ നിയന്ത്രിച്ചില്ലെങ്കില്‍ കേന്ദ്രവും കര്‍ണാടകയിലെ ബിജെപി സര്‍ക്കാരും ഉത്തരവാദികളായിരിക്കുമെന്നാണ് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്റെ മുന്നറിയിപ്പ്. അറുപതുകളില്‍ ഭാഷ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ പുനഃസംഘടിപ്പിച്ചപ്പോള്‍ മറാത്തികള്‍ കൂടുതലുള്ള ബേലഗവി കന്നഡ ഭാഷ സംസാരിക്കുന്ന കര്‍ണാടകക്ക് തെറ്റായി നല്‍കിയതാണെന്നാണ് മഹാരാഷ്ട്രയുടെ വാദം .

മഹാരാഷ്ട്ര, കര്‍ണാടക അതിര്‍ത്തിയില്‍ എന്താണ് സംഭവിക്കുന്നതെന്ന് കണ്ടതിന് ശേഷം ഉറച്ച നിലപാട് എടുക്കേണ്ട സമയമായെന്ന് മുതിര്‍ന്ന മറാഠ നേതാവ് വ്യക്തമാക്കി. ഇത് സംബന്ധിച്ച തീരുമാനം എടുക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ എല്ലാ പാര്‍ട്ടികളെയും വിശ്വാസത്തിലെടുക്കണമെന്നും പവാര്‍ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here