സര്‍വ്വകലാശാല ഭേദഗതി ബില്‍; സബ്ജക്ട്, സെലക്ട് കമ്മിറ്റികളുടെ പരിഗണനയ്ക്ക് വിട്ടു

സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ ഒഴിവാക്കുന്ന ബില്‍ നിയമസഭയുടെ സബ്ജക്ട്- സെലക്ട് കമ്മിറ്റികള്‍ക്ക് വിട്ടു. യു.ജി.സി ചട്ടം ഉന്നയിച്ച് ബില്‍ കേന്ദ്ര നിയമത്തിന് എതിരാണെന്നു പറയുന്ന പ്രതിപക്ഷ നിലപാട് അപകടകരമായ രാഷ്ട്രീയമാണെന്ന് നിയമമന്ത്രി പി. രാജീവ് പറഞ്ഞു. കൂടിയാലോചനകള്‍ ഇല്ലാതെ തയാറാക്കിയ തട്ടിക്കൂട്ട് ബില്‍ പിന്‍വലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഒപ്പം ബില്‍ പിടിച്ചു വയ്ക്കുന്ന ഗവര്‍ണറുടെ നിലപാടിനെയും പ്രതിപക്ഷം വിമര്‍ശിച്ചു.

മുഖ്യമന്ത്രിക്ക് വേണ്ടി നിയമ മന്ത്രി പി രാജീവാണ് രാഷ്ട്രീയമായും ഭരണപരമായും ഏറെ പ്രാധാന്യമുള്ള സര്‍വ്വകലാശാല ഭേദഗതി ബില്‍ അവതരിപ്പിച്ചത്. ഭരണഘടനയ്ക്ക് പുറത്തുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് ഗവര്‍ണറെ ഒഴിവാക്കാനും സര്‍വകലാശാലകളുടെ തലപ്പത്ത് വിദ്യാഭ്യാസ വിചക്ഷണന്മാരെ കൊണ്ടുവരാനുമാണ് നിയമനിര്‍മാണം.നിയമസഭ പാസാക്കിയ നിയമത്തിനു മുകളിലാണോ യുജിസി ചട്ടങ്ങള്‍ എന്ന് ചോദിച്ച നിയമ മന്ത്രി, മല്ലികാ സാരാഭായിയെ കലാമണ്ഡലം ചാന്‍സലറായി നിയമിച്ചത് എടുത്തു കാട്ടിയാണ് യോഗ്യതയുള്ളവര്‍ തന്നെ ചാന്‍സലര്‍മാരാകുമെന്ന ഉറപ്പു നല്‍കിയത്.

കേന്ദ്ര നിയമത്തിനു വിരുദ്ധമായ സംസ്ഥാന നിയമം നിലനില്‍ക്കില്ല, ധനകാര്യ മെമ്മോറാണ്ടം പൂര്‍ണ്ണമല്ല, ചാന്‍സലറുടെ യോഗ്യത വ്യക്തമാക്കാത്തതിനാല്‍ ആരെയും ചാന്‍സ് ആയി നിയമിക്കാം എന്നിവയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന തടസവാദങ്ങള്‍. ചാന്‍സലര്‍
സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാനുള്ള ബില്ലിനെ സഭയില്‍ എതിര്‍ത്തെങ്കിലും ബില്ലുകള്‍ പിടിച്ചു വയ്ക്കുന്നത് ഉള്‍പ്പെടെയുള്ള ഗവര്‍ണറുടെ നിലപാടുകളില്‍ കടുത്ത പ്രതിഷേധമാണ് യുഡിഎഫ് നിയമസഭയില്‍ വ്യക്തമാക്കിയത്

യുജിസി ചട്ടങ്ങള്‍ സംബന്ധിച്ച പ്രതിപക്ഷത്തിന്റെ തടസ്സ വാദങ്ങള്‍ തള്ളിയ സ്പീക്കര്‍ വിസിമാരുടെ യോഗ്യത സംബന്ധിച്ച് ബില്ലിന്റെ ചര്‍ച്ചാവേളയില്‍ പരിഗണിക്കാമെന്നും വ്യക്തമാക്കി.സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു ശേഷം മടങ്ങിവരുന്ന ബില്‍ 13ന് സഭ പാസാക്കി ഗവര്‍ണര്‍ക്കയക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News