നറുക്ക് വീഴുമോ കോണ്‍ഗ്രസിന്? തെരഞ്ഞെടുപ്പുകള്‍ നിര്‍ണായകം

എന്‍ പി വൈഷ്ണവ്‌

ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പുകള്‍ ബിജെപിക്കും കോണ്‍ഗ്രസിനും നിര്‍ണായകം. ദില്ലി മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലെ വിജയത്തിനുശേഷം ആം ആദ്മിയും പ്രതീക്ഷയിലാണ്. ബിജെപിയുടെ വിളനിലമായിരുന്നെങ്കിലും ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ കടന്നുവരവോടെ ത്രികോണ പോരാട്ടത്തിനാണ് കളമൊരുങ്ങിയത്. 2024ലെ ഇലക്ഷനില്‍, നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വിജയം സ്വാധീനം ചെലുത്തുമെന്ന നിരീക്ഷണത്തില്‍ ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ്.

പിടിവിട്ടാല്‍ കരകയറാന്‍ എളുപ്പമല്ല

ഹിമാചലില്‍ പ്രധാന മത്സരം കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ്. 1982 മുതല്‍ ഇന്ന് വരെ അധികാരത്തിലിരുന്ന പാര്‍ട്ടി ഭരണത്തില്‍ തിരിച്ച് വന്ന ചരിത്രം ഹിമാചല്‍പ്രദേശില്‍ ഇല്ല. ഇത് തിരുത്തി ബിജെപി അധികാരത്തുടര്‍ച്ച നേടാനുള്ള ശ്രമങ്ങളാണ് അതിവേഗം നടത്തിയത്. ഭരണം നിലനിര്‍ത്താന്‍ വികസന വിഷയങ്ങള്‍ മുന്‍നിര്‍ത്തിയാണ് പ്രചാരണങ്ങള്‍. ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുടെയും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെയും രാഷ്ട്രീയ മുന്നേറ്റത്തിന് സാക്ഷ്യംവഹിച്ച സംസ്ഥാനമായതുകൊണ്ടുതന്നെ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കംകൂട്ടിയിരുന്നു. നിലവില്‍ നിയമസഭയില്‍ ബിജെപിക്ക് 45 എംഎല്‍എമാരും കോണ്‍ഗ്രസിന് 20 എംഎല്‍എമാരാണുള്ളത്. 2023 ജനുവരി എട്ടിനാണ് ഈ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നത്.

തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നാല്‍ 2024ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം ഐക്യപ്പെടുമെന്നു കരുതുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തിരിയുമെന്ന ആശങ്കയും കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ട്. ഭരണവിരുദ്ധവികാരത്തിനും രാഷ്ട്രീയ പ്രചാരണത്തിനുമപ്പുറം ജാതി രാഷ്ട്രീയത്തിനും ഹിമാചല്‍ പ്രദേശില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞു. സംസ്ഥാനത്തെ ഇതുവരെയുള്ള ആറ് മുഖ്യമന്ത്രിമാരില്‍ അഞ്ച് മുഖ്യമന്ത്രിമാരും രാജ്പൂത്ത് വിഭാഗത്തില്‍ നിന്നുള്ളവരാണ്. ഇത്തവണ ഇലക്ഷനില്‍ ഇരുപാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കുമ്പോള്‍ രാജ്പൂത്ത് വിഭാഗത്തിന് പ്രാധാന്യം നല്‍കിയിട്ടുണ്ട്.

കണ്ണുകെട്ടി വോട്ടര്‍മാരെ പിടിക്കാനും ശ്രമം 

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള വലിയ ശ്രമമാണ് നടന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പോളിംഗ് ദിവസംവരെ 122 കോടിയിലേറെ രൂപയുടെ വസ്തുക്കളാണ് പിടിച്ചെടുത്തത്. പണം, മദ്യം, മറ്റു പാരിതോഷികങ്ങള്‍ ഉള്‍പ്പെടെയാണിത്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് ഈ തെരഞ്ഞെടുപ്പിലേക്കെത്തുമ്പോള്‍ ഗുജറാത്തിലും ഹിമാചലിലും വന്‍ വര്‍ധനവാണ് ഉണ്ടായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News