വിലക്കയറ്റം, തൊഴിലില്ലായ്മ; പാർലമെന്റിൽ ശക്‌തമായ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ

പാർലമെന്റിൽ ശക്‌തമായ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങൾ ഉയർത്തി കാട്ടിയാണ് പ്രതിഷേധം.വൈദ്യുത മേഖലയെ സ്വകാര്യ വത്ക്കരിക്കുന്നതാണ് ഊർജ സംരക്ഷണ ബില്ലെന്ന് ഇടതുപക്ഷം ആരോപിച്ചു. ശീതകാല സമ്മേളനത്തിന്റെ രണ്ടാം ദിനമായ ഇന്ന് പ്രതിപക്ഷം ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ ഉയർത്തി സർക്കാരിനെ പ്രതിരോധത്തിലാക്കുകയാണ്.

വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും പുറമെ എയിംസ് സെർവർ ഹാക്കിംഗ്, രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ നിരന്തരം പരാജയപ്പെടുന്നത്, കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം, കേരളത്തിലെയും തമിഴ് നാട്ടിലേയും ഗവർണ്ണർമാർ സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ഇടപെടുന്നത്, മഹാരാഷ്ട്ര – കർണ്ണാടക അതിർത്തി തർക്കം തുടങ്ങിയ 20 ഓളം വിഷയങ്ങൾ ഇരു സഭകളിലും പ്രതിപക്ഷം ഉയർത്തി.

ചർച്ചകൾക്ക് അനുവദിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. തീരശോഷണം സംബന്ധിച്ച ആശങ്കകൾ ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ചു. തീരദേശം ഏറെയുള്ള കേരളത്തിൽ തീര ശോഷണം ഏറെ കൂടുന്നുവെന്നും ഇത് മത്സ്യ തൊഴിലാളികളെയടക്കം മോശമായി ബാധിച്ചുവെന്നും ബ്രിട്ടാസ് എംപി പറഞ്ഞു.

മഹാരാഷ്ട്ര ഗവർണ്ണറുടെ ശിവജി വിരുദ്ധ പരാമർശത്തിൽ സഭ നിർത്തി വെച്ച് ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് എൻസിപിയും കോൺഗ്രസും രാജ്യസഭയിൽ നോട്ടീസ് നൽകി. രൂപയുടെ മൂല്യം ഇടിഞ്ഞതടക്കം സാമ്പത്തിക മേഖലയുടെ പ്രതിസന്ധി സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി. അടിയന്തര പ്രമേയങ്ങൾക്ക് അവതരണാനുമതി നിഷേധിച്ചത് പ്രതിപക്ഷ പ്രതിഷേധത്തിന് കാരണമായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News