തിരഞ്ഞെടുപ്പ് തകർച്ച; കോൺഗ്രസ്സിന് ഇനി വരാനിരിക്കുന്നത് അഗ്നിപരീക്ഷകൾ

ഗുജറാത്ത്, ഹിമാചൽപ്രദേശ് തിരഞ്ഞെടുപ്പുകളുടെ അവസാനചിത്രം തെളിഞ്ഞുകഴിഞ്ഞപ്പോൾ കോൺഗ്രസിന് നെഞ്ചിടിപ്പും ആശ്വാസവുമുണ്ട്. ഹിമാചൽപ്രദേശിൽ ജയിച്ചത് ഒരു ആശ്വാസമാണെങ്കിലും, ഇതുവരെ ഹിമാചലിൽ ഒരു സർക്കാരിനും തുടർഭരണം സാധ്യമായിട്ടില്ല എന്നത് കോൺഗ്രസിനെ ദീർഘകാലത്തേക്ക് ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കും. എന്നാൽ ഗുജറാത്തിലെ ക്ഷീണം അങ്ങനെയല്ല. സംഘപരിവാർ വിളനിലത്തിൽ പൊടിപോലുമില്ലാതെയാണ് കോൺഗ്രസ് അപ്രത്യക്ഷമായത്. ചരിത്രത്തിലെ ഏറ്റവും ദയനീയമായ തോൽവിയിലേക്കാണ് ഇന്ത്യയില ഏറ്റവും പഴക്കമുള്ള രാഷ്ട്രീയപാർട്ടി കൂപ്പുകുത്തിയത്.

അടുത്ത വർഷം ഒമ്പത് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കാണ് തിരഞ്ഞെടുപ്പുകൾ നടക്കുന്നത്. ബി.ജെ.പി തട്ടകങ്ങൾ മുതൽ വിഭാഗീയത നിലനിൽക്കുന്ന കോൺഗ്രസ് സംസ്ഥാനങ്ങളിൽ അടക്കമാണ് തിരഞ്ഞെടുപ്പുകൾ.

തലവേദനയാകും രാജസ്ഥാൻ

രാജസ്ഥാനാകും കോൺഗ്രസ് നേരിടാൻ പോകുന്ന ഏറ്റവും വലിയ അഗ്നിപരീക്ഷ. നിലവിൽ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്ന സച്ചിൻ പൈലറ്റും തമ്മിലുള്ള തുറന്നയുദ്ധം കോൺഗ്രെസ്സിനുണ്ടാക്കുന്ന തലവേദന ചില്ലറയൊന്നുമല്ല. ഹൈക്കമാൻഡ് നേതൃത്വത്തിന് പോലും പരിഹരിക്കാൻ കഴിയാതെ രണ്ട് പേരും തമ്മിലുള്ള ശീതയുദ്ധം നീണ്ടുപോകുകയാണ്. മന്ത്രിസഭയുടെ കാലാവധി തീരാൻ വെറും ഒരു വർഷം മാത്രം ബാക്കിനിൽക്കെ സച്ചിൽ പൈലറ്റ് പക്ഷം മുഖ്യമന്ത്രിപദം ആവശ്യപ്പെട്ടതും ഗെഹ്ലോട് ആ ആവശ്യം നിരാകരിച്ചതുമാണ് പുതിയ പോർമുഖം തുറന്നത്. അധ്യക്ഷപദവി പോലും വേണ്ടായെന്ന് വെച്ച് സംസ്ഥാനരാഷ്ട്രീയത്തിലേക്ക് ഗെഹ്ലോട് തിരിച്ചുവന്നത് പോലും സച്ചിൽ പൈലറ്റ് പക്ഷം ഉയർത്തുന്ന ഇത്തരം വെല്ലുവിളികളെയോർത്തിട്ടാണ്. മുഖ്യമന്ത്രിപദം അനുവദിച്ചില്ലെങ്കിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ സംസ്ഥാനത്ത്‌ പ്രവേശിപ്പിക്കാൻ അനുവദിക്കില്ല എന്നുള്ള ഭീഷണി കൂടിയാകുമ്പോൾ കോൺഗ്രസ് നേരിടാൻ പോകുന്ന രാജസ്ഥാൻ ടെസ്റ്റിന്റെ കാഠിന്യം വ്യക്തമാക്കും.

തെക്കേന്ത്യൻ പരീക്ഷ

കർണാടകയും തെലങ്കാനയുമാണ് അടുത്തവർഷം തിരഞ്ഞെടുപ്പിലേക്ക് പോകുന്ന തെക്കേന്ത്യൻ സംസ്ഥാനങ്ങൾ. ഭാരത് രാഷ്ട്ര സമിതി(മുൻപ് തെലങ്കാന രാഷ്ട്ര സമിതി)യുടെയും ചന്ദ്രബാബു നായിഡുവിന്റെയും കോട്ടയാണ് തെലങ്കാന.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഇവിടം ലഭിച്ചത് വെറും അഞ്ച് സീറ്റാണ്. വിവിധ സംസ്ഥാനങ്ങളിലെ തകർച്ചകൾ കോൺഗ്രസിനെ ഉയർത്തെഴുന്നേൽക്കാൻ പോലും സാധിക്കാത്തവിധം തളർത്തുകയാണെങ്കിൽ തെലങ്കാനയും കോൺഗ്രസിന് മറക്കാം.

കർണാടകത്തിലും കോൺഗ്രസ് വലിയ ഭീഷണിയാണ് നേരിടുന്നത്. സമീപകാലത്തെങ്ങുമില്ലാത്തവിധം ശക്തരാണ് ബി.ജെ.പി. സിലിക്കൺ വാലിയെ വർഗീയമായി ധ്രുവീകരിക്കാൻ നടത്തിയ ശ്രമങ്ങളെല്ലാം വിജയിച്ച ചരിത്രമാണ് ബി.ജെ.പിക്ക് പറയാനുള്ളത്. നിലവിലെ കോൺഗ്രസ് അധ്യക്ഷനായ മല്ലികാർജുൻ ഖാർഗെയുടെ സംസ്ഥാനം കൂടിയാണ് കർണാടകം.അതുകൊണ്ടുതന്നെ വ്യക്തിപരമായി ഖാർഗെയെ സംബന്ധിച്ചും വളരെ നിർണായകമാകും കർണാടക തിരഞ്ഞെടുപ്പ്. തെക്കേന്ത്യയിൽ ബി.ജെ.പിയുമായി നേരിട്ട് മത്സരിക്കുന്ന ഒരേയൊരു സംസ്ഥാനമാണ് കർണാടകം എന്നതിനാൽ കർണാടകാ നിയമസഭാ തിരഞ്ഞെടുപ്പ് കോൺഗ്രസിന്റെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്ന ഒരു അഗ്നിപരീക്ഷയാണ്.

വടക്കുകിഴക്കൻ എൻട്രി

മേഘാലയ, നാഗാലാ‌ൻഡ്, ത്രിപുര, മിസോറം തുടങ്ങിയ കിഴക്കേന്ത്യൻ സംസ്ഥാനങ്ങളാണ് അടുത്തവർഷം തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങുക. ഇവയിൽ മേഘാലയ,നാഗാലാ‌ൻഡ്,ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങൾ നേരിട്ടോ അല്ലാതെയോ സംഘപരിവാറുടെ കൈകളിലാണ്. മിസോറം മാത്രമാണ് ഇവരിൽനിന്നെല്ലാം മുക്തം. ബി.ജെ.പി പൗരത്വവിഷയവും കുടിയേറ്റവർഗീയതയും വിജയകരമായി പയറ്റിയ സംസ്ഥാനങ്ങളാണ് ഇവയെല്ലാം.വടക്കുകിഴക്കൻ ചരിത്രവും കുടിയേറ്റവിരുദ്ധതയും പറഞ്ഞ് ബി.ജെ.പി വിശ്വാസം നേടുന്നതിനെതിരെ ആശയപരമായി കോൺഗ്രസിന് ഇതുവരെ പ്രത്യക്ഷത്തിൽ നേരിടാൻ കഴിഞ്ഞിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel