ഹിമാചല്‍; മോദി പ്രഭാവത്തിനേറ്റ തിരിച്ചടി

ദിപിന്‍ മാനന്തവാടി

മോദിയുടെ പ്രതിച്ഛായ ഹിമാചലില്‍ ബി.ജെ.പിയെ തുണച്ചില്ല എന്ന യാഥാര്‍ത്ഥ്യത്തെ ഗുജറാത്തിലെ ചരിത്രവിജയം കൊണ്ട് മറയ്ക്കാന്‍ ബി.ജെ.പി നേതൃത്വം. ബി.ജെ.പി ദേശീയ അധ്യക്ഷന്റെ സ്വന്തം തട്ടകമായ ഹിമാചലില്‍ ഭരണത്തുടര്‍ച്ചയ്ക്കായി മോദിയെ മുന്നില്‍ നിര്‍ത്തി ബി.ജെ.പി എടുത്ത് പ്രയോഗിക്കാത്ത ആയുധങ്ങളില്ല.

നരേന്ദ്രമോദിയുടെ പ്രതിച്ഛായ ഉയര്‍ത്തിക്കാണിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചരണ തന്ത്രമായിരുന്നു ഹിമാചലില്‍ ബി.ജെ.പി ആവിഷ്‌കരിച്ചിരുന്നത്. ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് ഹിമാചലില്‍ നിരവധി കേന്ദ്രപദ്ധതികള്‍ പ്രഖ്യാപിക്കപ്പെട്ടിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ഹിമാചലില്‍ നരേന്ദ്ര മോദി തന്നെ നേരിട്ടെത്തി പ്രഖ്യാപിച്ച വികസനപദ്ധതികള്‍ നിരവധിയാണ്. ബിലാസ്പൂരിലെ എയിംസ് ഉദ്ഘാടനം ചെയ്ത്, കുളുവിലെ ദസ്റ ആഘോഷത്തില്‍ പങ്കെടുത്താണ് മോദി ഹിമാചലിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് ആവേശം പകര്‍ന്നത്. ഒരാഴ്ചയ്ക്ക് ശേഷം ചാമ്പമേഖല സന്ദര്‍ശിക്കുന്ന ആദ്യ പ്രധാമന്ത്രിയെന്ന ഖ്യാതിയോടെ നരേന്ദ്രമോദി വീണ്ടും ഹിമാചലിലെത്തിയിരുന്നു. കോടികളുടെ വികസനപദ്ധതികളാണ് ഈ സന്ദര്‍ശനത്തിലും നരേന്ദ്രമോദി പ്രഖ്യാപിച്ചത്. അധികാരം നിലനിര്‍ത്താനുള്ള ജയ്റാം താക്കൂറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് നരേന്ദ്രമോദിയുടെ സന്ദര്‍ശനങ്ങള്‍ സഹായകമാകുമെന്നായിരുന്നു ബി.ജെ.പി പ്രതീക്ഷിച്ചിരുന്നത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷവും ഹിമാചലില്‍ നാലോളം തിരഞ്ഞെടുപ്പ് റാലികളില്‍ മോദി പങ്കെടുത്തിരുന്നു. ഈ നിലയില്‍ ഹിമാചല്‍ തിരഞ്ഞെടുപ്പില്‍ മോദി പ്രഭാവം പ്രകടമാക്കാനുള്ള ബോധപൂര്‍വ്വമായ ഇടപെടല്‍ ബി.ജെ.പി നേതൃത്വം നടത്തിയിരുന്നു. ഹിമാചലില്‍ ബി.ജെ.പിക്ക് ഏറ്റ തിരിച്ചടി അതിനാല്‍ തന്നെ മോദി പ്രഭാവത്തിനേറ്റ തിരിച്ചടി കൂടിയാണെന്ന് നിസംശയം പറയാം.

ഒരു ഡസനോളം സിറ്റിംഗ് എം.എല്‍.എമാര്‍ക്ക് സീറ്റ് നിഷേധിച്ച് ഭരണവിരുദ്ധ വികാരം മറികടക്കാനുള്ള നേതൃത്വത്തിന്റെ നീക്കവും ബി.ജെ.പിക്ക് തിരിച്ചടിയായി. ശക്തികേന്ദ്രങ്ങളിലടക്കം ഉണ്ടായിരുന്ന വിമതസാന്നിധ്യം അപ്രതീക്ഷിത സീറ്റുകള്‍ ബി.ജെ.പിക്ക് നഷ്ടപ്പെടാന്‍ കാരണമായിട്ടുണ്ട്. ഹിമാചല്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയ മുഖ്യമന്ത്രി ജയ്റാം താക്കൂര്‍, ഹിമാചല്‍ പ്രദേശ് ബി ജെ പിയുടെ ചുമതലക്കാരന്‍ അവിനാഷ് റായ് ഖന്ന, സഹ ചുമതലയുള്ള സഞ്ജയ് ടണ്ടന്‍, ബി ജെ പി ദേശീയ വൈസ് പ്രസിഡന്റ് സൗദാന്‍ സിംഗ്, സംസ്ഥാന ബിജെപി അധ്യക്ഷന്‍ സുരേഷ് കശ്യപ് തുടങ്ങിയവരും ബി.ജെ.പിക്കുണ്ടായ പരാജയത്തില്‍ മറുപടി പറയേണ്ടിവരും. സ്വതന്ത്രന്മാരെ അടര്‍ത്തിയെടുത്താലും കേവലം ഭൂരിപക്ഷം ബി.ജെ.പിക്ക് ലഭിക്കാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. കോണ്‍ഗ്രസില്‍ നിന്നുള്ള എം.എല്‍.എമാരെ മറുകണ്ടം ചാടിച്ച് ജനവിധി അട്ടിമറിക്കാനുള്ള നീക്കം ബി.ജെ.പി നടത്തുമോയെന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്. ഗോവയിലും മിസോറാമിലും മധ്യപ്രദേശിലും കര്‍ണ്ണാടകയിലും ഏറ്റവുമൊടുവില്‍ തെലങ്കാനയിലും ആസൂത്രണം ചെയ്ത ഓപ്പറേഷന്‍ ലോട്ടസിന്റെ അണിയറക്കാര്‍ ഹിമാചലിലും വെറുതെയിരിക്കാന്‍ വഴിയില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here