യുപിയിൽ നേട്ടമുണ്ടാക്കാൻ കഴിയാതെ ബിജെപി; 5 സംസ്ഥാനങ്ങളിൽ ലീഡ് ചെയ്യുന്നത് ഒരിടത്ത് മാത്രം

ദില്ലി : ഗുജറാത്തിൽ ഭരണം നിലനിർത്തി വൻ വിജയം നേടിയ ബിജെപിക്ക് ഉത്തർപ്രദേശിലെ ഉപതിരഞ്ഞെടുപ്പ് ഫലം തിരിച്ചടിയായി.നിർണ്ണായകമായ മെയിൻപുരി സീറ്റ് ഉൾപ്പെടെ മൂന്ന് സീറ്റുകളിലും സമാജ്‌വാദി പാർട്ടി സഖ്യസ്ഥാനാർത്ഥികളാണ് മുന്നിൽ. അഞ്ച് സംസ്ഥാനങ്ങളിൽ ആറ് നിയമസഭ സീറ്റുകളിലേക്കും ഒരു ലോകസഭ സീറ്റുകളിലേക്കുമാണ് ഗുജറാത്ത്, ഹിമാചൽ നിയമസഭ തെരഞ്ഞെപ്പുകൾക്കൊപ്പം ഉപതെരഞ്ഞെടുപ്പ് നടന്നത്.

മുലായം സിംഗ് യാദവിൻ്റെ മരണത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടന്ന ഉത്തർപ്രദേശിലെ മെയിൻപുരിയിൽ ബിജെപിയുടെ രഘുരാജ് സിംഗ് ശാക്യയേയാണ് സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥിയും മുലായത്തിൻ്റെ മരുമകളുമായ ഡിംപിൾ യാദവ് പിന്നിലാക്കിയത്.വ്യക്തമായ ഭൂരിപക്ഷത്തോടെ ഇവിടെ വിജയം ഉറപ്പിച്ചിരിക്കുകയാണ് സമാജ് വാദി പാർട്ടി. മുലായത്തിന്റെ സഹോദരൻ ശിവ്‌പാൽ സിംഗ് യാദവിന്റെ വിശ്വസ്തനായിരുന്ന രഘുരാജ് സിംഗ് ശാക്യയായിരുന്നു എതിർ സ്ഥാനാർത്ഥി.

യുപിയിലെ കടൗലിയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എസ്പിയുടെ സഖ്യത്തിലുള്ള രാഷ്ട്രീയ ലോക്ദൾ സ്ഥാനാർഥി മദൻ ഭയ്യ ബിജെപിയുടെ രാജ്കുമാരി സൈനിയെ പിന്നിലാക്കി ലീഡ് നില തുടരുകയാണ്.ഉപതെരഞ്ഞെടുപ്പ് നടന്ന മറ്റൊരു നിയമസഭാ സീറ്റായ രാംപൂരിൽ സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥി അസിം രാജയും ലീഡ് ചെയ്യുന്നു.വിദ്വേഷ പ്രസംഗ കേസില്‍ കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് അസം ഖാനെ എം എല്‍ എ സ്ഥാനത്ത് അയോഗ്യനാക്കിയതോടെ ആണ് ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്.

ബിഹാറിലെ കുർഹാനിയിൽ അടുത്തിടെ ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ച ജെഡിയുവിൻ്റെ സ്ഥാനാർത്ഥിയെ പിന്നിലാക്കി ബിജെപി സ്ഥാനാർത്ഥി കേദാർ ഗുപ്ത 3645 വോട്ടുകൾക്ക് മുന്നിലാണ്.

ഛത്തിസ്ഗഢിലെ ഭാനുപ്രതാപൂരിൽ കോൺഗ്രസിൻ്റെ സാവിത്രി മനോജ് മാണ്ഡവി 21711 വോട്ടുകൾക്ക് ലീഡുചെയ്യുന്നു. രാജസ്ഥാനിലെ സർദാർഷഹർ ഭരണ കക്ഷിയായ കോൺഗ്രസ് സ്ഥാനാർതത്ഥി അനിൽകുമാർ ശർമ്മ 26852 വോട്ടിൻ്റെ ലീഡ് നിലനിർത്തുന്നു.

ഒഡീഷയിലെ ബർഗഢ് ജില്ലയിലെ പദംപൂർ നിയമസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജു ജനതാദൾ സ്ഥാനാർത്ഥി 33,596 വോട്ടുകൾക്ക് മുന്നിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News