നാണക്കേടുകളുടെ ചരിത്രം കുറിക്കുന്ന കോണ്‍ഗ്രസ്

ആര്‍ രാഹുല്‍

തുടര്‍ച്ചയായി എഴാം തവണയും തെരഞ്ഞെടുപ്പ് നടന്ന ആകെയുള്ള 182 സീറ്റുകളില്‍ 157സീറ്റുകള്‍ നേടി ഗുജറാത്തില്‍ ബിജെപി അധികാരമുറപ്പിക്കുമ്പോള്‍ പഴങ്കഥയാകുന്നത് സംസ്ഥാന ചരിത്രത്തില്‍ ഇതുവരെ കോണ്‍ഗ്രസിന് സ്വന്തമായിരുന്ന റെക്കോഡുകളാണ്. കഴിഞ്ഞ തവണത്തേക്കാള്‍ 58സീറ്റുകള്‍ അധികം നേടി ബിജെപി സംസ്ഥാന ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടി സര്‍വ്വകാല റെക്കോഡ് കുറിച്ചപ്പോള്‍ വെറും 27.3 ശതമാനം വോട്ടു വിഹിതവുമായി 16 സീറ്റുകളിലേക്ക് തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസ് അടയാളപ്പെടുത്തിയത് തങ്ങളുടെ ഏറ്റവും മോശപ്പെട്ട അവസ്ഥയെയാണ് .

കഴിഞ്ഞ തവണത്തേക്കാള്‍ 62 സീറ്റുകള്‍ കുറവ്.പതിറ്റാണ്ടുകളായി അധികാരത്തില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കിലും ഇതുവരെ കോണ്‍ഗ്രസിന്റെ വോട്ട് ഷെയര്‍ഇതുവരെ 30 ശതമാനത്തില്‍ താഴ്ന്നിട്ടില്ല. 1998 മുതല്‍ ഓരോ തെരഞ്ഞെടുപ്പിലും പാര്‍ട്ടിയുടെ വോട്ട് വിഹിതം 35 ശതമാനത്തിന് മുകളിലായിരുന്നു.1990 ലെ തെരഞ്ഞെടുപ്പിലായിരുന്നു ഇതിന് മുമ്പ് കോണ്‍ഗ്രസിന്റെ ഏറ്റവും മോശം പ്രകടനം. 31 ശതമാനത്തിനടുത്ത് വോട്ട് വിഹിതത്തോടെ വെറും 33 സീറ്റാണ് അന്ന് കോണ്‍ഗ്രസിന് ലഭിച്ചത്.ഇക്കുറി ആ നാണക്കേടും കോണ്‍ഗ്രസ് തിരുത്തി കുറിച്ചു. 5 സീറ്റുകള്‍ നേടിയ ആംആദ്മി പാര്‍ട്ടിയിലേക്ക് 13 ശതമാനത്തിന് അടുത്ത് വോട്ടുകള്‍ ചോര്‍ന്നപ്പോള്‍ ഒലിച്ചുപോയത് കോണ്‍ഗ്രസിന്റെ അഭിമാനം കൂടിയാണ് എന്ന് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

2017 ല്‍ തങ്ങളുടെ വോട്ടുകള്‍ 43 ശതമാനമായി ഉയര്‍ത്തി സംസ്ഥാന രാഷ്ടീയത്തിലേക്ക് തിരിച്ചു വരും എന്ന സൂചനകള്‍ കോണ്‍ഗ്രസ് നല്‍കിയിരുന്നു. 49.1 ശതമാനം വോട്ടു വിഹിതവുമായി ബിജെപിക്ക് അന്ന് 99 സീറ്റുകള്‍ ബിജെപിക്ക് ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് 78 സീറ്റുകള്‍ നേടാനായി.രണ്ട് പാര്‍ട്ടികളും തമ്മിലുള്ള വ്യത്യാസം വെറും 21സീറ്റുകളുടെ വ്യത്യാസംമാത്രം. വോട്ടു ഷെയറില്‍ ഉള്ള വ്യത്യാസം 6.1 ശതമാനവും മാത്രമായിരുന്നു. തുടര്‍ച്ചയായ പരാജയങ്ങള്‍ക്കിടയിലും (2002 ല്‍ ഒഴികെ) 1990 നും 2017 നും ഇടയില്‍ കോണ്‍ഗ്രസ് നേടിയ സീറ്റുകളും തുടര്‍ച്ചയായി വര്‍ദ്ധിച്ചു കൊണ്ടിരുന്നു.എന്നാല്‍ ഇക്കുറി അതിനും മാറ്റമുണ്ടായി. കോണ്‍ഗ്രസിന്റെ വോട്ട് ഷെയര്‍ കുത്തനെ ഇടിഞ്ഞു.

തുടര്‍ച്ചയായി എഴാം തവണ അധികാരത്തില്‍ എത്തുമ്പോള്‍ ആ നമ്പറിനും ഇക്കുറി ഒരു പ്രത്യേകതയുണ്ട്. ബംഗാളിലെ ഇടതുമുന്നണിയുടെ റെക്കോഡിനെപ്പം എത്തിയിരിക്കുകയാണ് ഇതോടെ ബിജെപി.2002 ല്‍ ബി ജെ പി നരേന്ദ്ര മോദിയുടെ കീഴില്‍ 182 ല്‍ 127 സീറ്റ് നേടിയുള്ള വിജമായിരുന്നു പാര്‍ട്ടിയുടെ സംസ്ഥാനത്തെ എക്കാലത്തേയും ഉയര്‍ന്ന സീറ്റ് നില.ഇക്കുറി അത് മറികടന്നിരിക്കുകയാണ് ബിജെപി.1985 ലെ തെരഞ്ഞെടുപ്പില്‍ 149 സീറ്റും 55.55 ശതമാനം വോട്ടും നേടിയാണ് കോണ്‍ഗ്രസ് വിജയിച്ചത്.ഏകദേശം മൂന്ന് പതിറ്റാണ്ടായി അധികാരത്തിലുള്ള ബി ജെ പിക്ക് ഇതുവരെ ഈ റെക്കോഡ് തൊടാന്‍ പറ്റിയിരുന്നില്ല. എന്നാല്‍ ഇനി ഈ റെക്കോഡും ഇനി കോണ്‍ഗ്രസിന് അവകാശപ്പെടാനാകില്ല. നേരിയ ആശ്വാസം 55.55 ശതമാനത്തിനടുത്ത് വോട്ടു വിഹിതം ബി ജെ പി ക്ക് നേടാനായില്ല എന്നാണ്. ഒടുവില്‍ കണക്ക് പുറത്ത് വരുമ്പോള്‍ 52.5 ശതമാനമാണ് ബിജെപി ഇക്കുറി നേടിയിരിക്കുന്ന വോട്ട് വിഹിതം. എന്നാല്‍ അന്തിമ കണക്കുകള്‍ പുറത്ത് വരുമ്പോള്‍ ആ റെക്കോഡും തിരുത്തെപ്പെടാനും സാധ്യതയുണ്ട്.

ഗുജറാത്ത് സംസ്ഥാന തെരഞ്ഞെടുപ്പിന്റെ റെക്കോഡ് പുസ്തകങ്ങളില്‍ നിന്നെല്ലാം കോണ്‍ഗ്രസ് പുറത്താക്കപ്പെടുമ്പോള്‍ ആകെ ആശ്വസിക്കാന്‍ ഒരു നേട്ടം മാത്രമാണ് പാര്‍ട്ടിക്ക് ഇപ്പോള്‍ നിലവിലുള്ളത്. സംസ്ഥാനത്ത് മൂന്ന് തവണ 140 സീറ്റോ അതിലധികമോ സീറ്റുകള്‍ നേടിയ ഏക പാര്‍ട്ടിയാണ് ഇപ്പോഴും കോണ്‍ഗ്രസ്. 1980ലെ തിരഞ്ഞെടുപ്പില്‍ 141 സീറ്റുകളും 1972ലെ തിരഞ്ഞെടുപ്പില്‍ 140 സീറ്റുകളും ആണ് കോണ്‍ഗ്രസ് നേടിയത്. ഗുജറാത്ത് തെരഞ്ഞെടുപ്പു ഫലം 2024 ല്‍ പൊതുതെരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്ന കേന്ദ്ര ഭരണ പാര്‍ട്ടിക്ക് ആത്മവിശ്വാസം പകരുമ്പോള്‍ ആശങ്കയിലാഴ്ത്തുന്നത് പ്രധാനപതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിനെയും അവരുടെ രാഷ്ട്രീയ ഭാവിയേയുമാണ്. ഗുജറാത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി മാത്രമല്ല ദേശീയ നേതൃത്വത്തെ ഒട്ടാകെ ഫലം പ്രതിസന്ധിയിലാക്കും.രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കൊണ്ട് പാര്‍ട്ടിക്ക് എന്ത് ഗുണം നേടി എന്നതടക്കമുള്ള കാര്യം വരും ദിനങ്ങളില്‍ കോണ്‍ഗ്രസില്‍ ചര്‍ച്ചയാവാനാണ് സാധ്യത.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News