നാവ് നിയന്ത്രിച്ചില്ലെങ്കില്‍ വീണ്ടും വിശ്രമിക്കേണ്ടി വരും; സഞ്ജയ് റാവത്തിന് താക്കീതുമായി ബിജെപി നേതാവ്

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായി കഴിഞ്ഞ മാസം ജാമ്യത്തിലിറങ്ങിയ ശിവസേന നേതാവ് സഞ്ജയ് റാവത്തിന് താക്കീതുമായി മഹാരാഷ്ട്ര മന്ത്രി ശംഭുരാജ് ദേശായി. ഉദ്ധവ് താക്കറെയുടെ വിശ്വസ്തനായ ശിവസേന നേതാവ് സഞ്ജയ് റാവത്തിനോട് നാവ് നിയന്ത്രിച്ചില്ലെങ്കില്‍ ഇനിയും വിശ്രമിക്കേണ്ടി വരുമെന്നാണ് ബിജെപി നേതാവ് മുന്നറിയിപ്പ് നല്‍കിയത്. മഹാരാഷ്ട്രയും കര്‍ണാടകയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ റാവത്ത് വിമര്‍ശിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സംസ്ഥാന എക്‌സൈസ് മന്ത്രി.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രത്യേക കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് നവംബര്‍ 9 ന് മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ നിന്ന് റാവത്ത് പുറത്തിറങ്ങി. ഗോരേഗാവിലെ ഒരു ഭവന പദ്ധതിയുമായി ബന്ധപ്പെട്ട കേസില്‍ ഓഗസ്റ്റ് ഒന്നിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റാവത്തിനെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഹാരാഷ്ട്ര-കര്‍ണാടക അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥക്ക് കാരണം ഷിന്‍ഡെ സര്‍ക്കാരിന്റെ കഴിവ് കേടാണെന്ന് റാവത്ത് ആരോപിച്ചിരുന്നു.

കര്‍ണാടകയിലെ ബെലഗാവിയെ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കണമെന്നും റാവത്ത് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു, ‘ഡല്‍ഹിയുടെ പിന്തുണയോടെയാണ് ബെലഗാവിയില്‍ അക്രമ സംഭവങ്ങള്‍ നടക്കുന്നതെന്നും ശിവസേന നേതാവ് കുറ്റപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News