വിദ്യാഭ്യാസ മേഖലയില്‍ കേരളവുമായി സഹകരണം ഉറപ്പിക്കുമെന്ന് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഫിന്‍ലാന്‍ഡ് അംബാസിഡര്‍

ഫിലാന്‍ഡ് സഹകരണത്തോടെ ടാലന്റ് കോറിഡോറും ഇന്നവേഷന്‍ കോറിഡോറും വികസിപ്പിക്കുന്നതിന് ധാരണയായി. ഫിന്‍ലന്‍ഡ് അംബാസിഡര്‍ റിത്വ കൗക്കു റോണ്ടെ (Ritva Koukku – Ronde) മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്. ഇത് സംബന്ധിച്ച മാര്‍ഗ്ഗരേഖ ഫിന്‍ലാന്‍ഡിലെയും കേരളത്തിലെയും അക്കാദമിക് വിദഗ്ധര്‍ ചേര്‍ന്ന് തയ്യാറാക്കും. നേരത്തെ ആറു മേഖലകളില്‍ കേരളവും ഫിന്‍ലാന്‍ഡും തമ്മില്‍ സഹകരണം ഉറപ്പാക്കിയിട്ടുണ്ട്. ശൈശവകാല വിദ്യാഭ്യാസവും പരിചരണവും, ശാസ്ത്രം, ഗണിതം, ഐടി അധിഷ്ഠിത വിദ്യാഭ്യാസം, മൂല്യനിര്‍ണയം ,അധ്യാപക വിദ്യാഭ്യാസം എന്നിവയാണ് ഫിന്‍ലാന്‍ഡുമായി സഹകരണം ഉറപ്പാക്കാന്‍ നിശ്ചയിച്ചിരിക്കുന്ന മേഖലകള്‍. ഈ മേഖലകളിലെ സഹകരണം സംബന്ധിച്ച ആക്ഷന്‍ പ്ലാന്‍ ജനുവരി മാസത്തോടുകൂടി വികസിപ്പിക്കും.

വയോധികര്‍ക്കായി ഫിന്‍ലാന്‍ഡ് നടപ്പാക്കുന്ന പദ്ധതികളും നയങ്ങളും പഠിക്കാന്‍ കേരളം ആഗ്രഹിക്കുന്നതായി കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിലൂടെ ആദ്യഘട്ട ചര്‍ച്ചകള്‍ ആരംഭിക്കാമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കൊച്ചിയില്‍ സുസ്ഥിര മാരി ടൈം ഹബ്ബ് ആന്റ് ക്ലസ്റ്റര്‍ സ്ഥാപിക്കാനായി പിന്തുണയും സഹകരണ നല്‍കുന്ന ഫിന്‍ലാന്‍ഡ് എംബസിയെയും കമ്പനികള്‍ളെയും മുഖ്യമന്ത്രി അഭിനന്ദനം അറിയിച്ചു. കേരളത്തില്‍ നിക്ഷേപത്തിനായി ഫിന്‍ലാന്‍ഡ് കമ്പനികളെ സ്വാഗതം ചെയ്യുന്നതായും എംബസി ഇതിനായി മുന്‍കൈയെടുക്കണമെന്നും മുഖ്യമന്ത്രി അംബാസിഡറോട് അഭ്യര്‍ത്ഥിച്ചു.

അംബാസിഡറുടെ സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയായി ഫിന്‍ലാന്‍ഡില്‍ നിന്നുള്ള അധ്യാപക സംഘം കേരളം സന്ദര്‍ശിക്കും. കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ ലിംഗ സമത്വം മികച്ചതാണ്. സ്‌കൂളുകളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തുല്യ അവസരം ലഭിക്കുന്നുവെന്നും ഇക്കാര്യത്തില്‍ കേരള സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഫിന്‍ലാന്‍ഡ് അംബാസിഡര്‍ വ്യക്തമാക്കി. ടൂറിസം, മാരി ടൈം, കാലാവസ്ഥ ഗവേഷണം, ഹൈഡ്രജന്‍ എനര്‍ജി, വയോജന പരിചരണം, സുസ്ഥിര വന പരിപാലനം മുതലായ കാര്യങ്ങളില്‍ ഫിനിഷ് സഹകരണത്തിന് തയ്യാറാണെന്ന് അംബാസിഡര്‍ പറഞ്ഞു.

നേരത്തെ കേരളസംഘം ഫിന്‍ലാന്‍ഡ് സന്ദര്‍ശിച്ചതിന്റെ തുടര്‍ച്ചയായിട്ടാണ് അംബാസിഡറും സംഘവും കേരളത്തില്‍ എത്തിയത്. ഫിന്‍ലാന്‍ഡില്‍ നിന്നുള്ള വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ കഴിഞ്ഞ അഞ്ചുദിവസമായി കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ സന്ദര്‍ശനം നടത്തിവരുകയാണ്. കേരളത്തിലെ വിദ്യാഭ്യാസ സംവിധാനങ്ങള്‍ ഫിന്‍ലാന്‍ഡ് സംഘം സന്ദര്‍ശിച്ചു. സന്ദര്‍ശനത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി, പൊതു വിദ്യാഭ്യാസ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, സമഗ്ര ശിക്ഷ കേരളം, കൈറ്റ്, എസ് സി ഈ ആര്‍ ടി, സീമാറ്റ് ഡയറക്ടര്‍മാര്‍ എന്നിവരുമായും സംഘം ആശയവിനിമയം നടത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News