തൊഴിൽ നൽകാം എന്ന് പറഞ്ഞ് ജനങ്ങളെ വഞ്ചിക്കുന്നത് കേന്ദ്രം അവസാനിപ്പിക്കണം: ഡോ വി ശിവദാസൻ എംപി

കേന്ദ്ര സർക്കാർ സർവീസുകളിൽ 10 ലക്ഷത്തോളം തസ്തികകൾ ഒഴിഞ്ഞ് കിടക്കുന്നതായി കേന്ദ്ര സർക്കാർ.രാജ്യ സഭയിൽ ഡോ. വി ശിവദാസൻ എംപിയുടെ ചോദ്യത്തിന് ലഭിച്ച മറുപടിയിലാണ് കേന്ദ്ര സർക്കാർ സർവീസുകളിലെ ഒഴിവുകൾ സംബന്ധിച്ച വെളിപ്പെടുത്തൽ.കഴിഞ്ഞ 5 വർഷത്തിനിടയിൽ നികത്തിയത് ലക്ഷത്തിൽ താഴെ ഒഴിവുകൾ മാത്രമെന്ന് മറുപടിയിൽ പറയുന്നു.

ഗ്രൂപ്പ് എ വിഭാഗത്തിൽ 23584 ഒഴിവുകളും, ഗ്രൂപ്പ് ബി വിഭാഗത്തിൽ 118807 ഒഴിവുകളും, ഗ്രൂപ്പ് സി വിഭാഗത്തിൽ 836936 ഒഴിവുകളുമാണുള്ളത്.എന്നാൽ കഴിഞ്ഞ 5 വർഷത്തിനിടയിൽ എസ്.എസ്.സി 174894 തസ്തികകളിലേക്കും യു.പി.എസ്.സി 24256 തസ്തികകളിലേക്കും ഉള്ള ശുപാർശകൾ മാത്രമാണ് നൽകിയത് എന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.

പ്രതിവർഷം നിയമിച്ചത് വെറും നാല്പത്തിനായിരത്തിൽ താഴെ ജീവനക്കാരെ ആണ് നൽകിയ മറുപടിയിൽ പറയുന്നു.ഈ അടുത്ത കാലത്താണ് 10 ലക്ഷം ജോലി സംബന്ധിച്ച വാഗ്ദാനം നരേന്ദ്ര മോദി സർക്കാർ ജനങ്ങൾക്ക് മുന്നിൽ വെച്ചത്. എന്നാൽ 10 ലക്ഷം ഒഴിവുകൾ നികത്താനുള്ള പ്രത്യേക യജ്ഞം സംഘടിപ്പിക്കുമോ എന്ന ഡോ.ശിവദാസൻ്റെ ചോദ്യത്തിന് ഒഴിവ് നികത്തൽ ഒരു തുടർ പ്രക്രിയയാണ് എന്ന വിചിത്ര മറുപടിയാണ് കേന്ദ്രം നൽകിയത്.

തൊഴിൽ മേളകൾ ഇതിന് വേഗം കൂട്ടുമെന്നും അവകാശപ്പെടുന്ന കേന്ദ്രം സർക്കാറിന് കീഴിൽ വരുന്ന ഒഴിവുകൾ നികത്തിയാൽ തന്നെ ഈ വാഗ്ദാനം നിറവേറ്റാൻ കഴിയും. എന്നാൽ അതിനായുള്ള ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല എന്നാണ് കേന്ദ്ര സർക്കാർ തന്നെ വ്യക്തമാകുന്നത് എന്നും എംപി ചൂണ്ടിക്കാട്ടി.

തൊഴിൽ നൽകാതെ ഇത്തരത്തിൽ ജനങ്ങളെ കബളിപ്പിക്കുന്നതിൽ നിന്ന് പിന്തിരിയാൻ യുണിയൻ സർക്കാര് തയാറാവുകയാണ് വേണ്ടത്. എത്രയും പെട്ടന്ന് തന്നെ മുഴുവൻ ഒഴിവുകളും നികത്താൻ യുണിയൻ സർക്കാര് നടപടിയെടുക്കണം എന്നും ശിവദാസൻ എംപി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News