എന്തും ചെയ്യാനുള്ള ലൈസൻസ് കേന്ദ്ര സർക്കാരിനില്ല; സുപ്രിം കോടതിയുടെ താക്കീത്

കൊളീജിയം സംവിധാനം “രാജ്യത്തെ നിയമം” ആണെന്ന് സുപ്രീം കോടതി.അതുകൊണ്ട് ആ നിയമം അടിമുടി പാലിക്കണമെന്നും കേന്ദ്ര സർക്കാറിന് കോടതി താക്കീത് നൽകി.ജഡ്ജിമാരുടെ നിയമനത്തിന് കൊളീജിയം സംവിധാനം രൂപീകരിച്ച ഭരണഘടനാ ബെഞ്ച് വിധികൾ പാലിക്കപ്പെടേണ്ടതുണ്ടെന്ന് കോടതി അറ്റോർണി ജനറലിനോടും സോളിസിറ്റർ ജനറലിനോടും പറഞ്ഞു.

പാർലമെന്റ് ഉണ്ടാക്കിയ നിയമങ്ങളോട് യോജിക്കാത്ത വിഭാഗങ്ങൾ സമൂഹത്തിലുണ്ട്. അതിന്റെ പേരിൽ ഇത്തരം നിയമങ്ങൾ നടപ്പാക്കുന്നത് കോടതി നിർത്തണോ എന്ന് ,ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിയോട് ചോദിച്ചു.ഏത് നിയമം പാലിക്കണമെന്നും ഏത് നിയമം പാലിക്കരുതെന്നും ഓരോരുത്തരും സ്വയം തീരുമാനിക്കുകയാണെങ്കിൽ, അത് ഗുരുതരമായ പ്രത്യാഘാദങ്ങൾ ഉണ്ടാക്കുമെന്ന് ജസ്റ്റിസ് കൗൾ കേന്ദ്രത്തിന് മുന്നറിയിപ്പ് നൽകി.

കേന്ദ്രം തിരിച്ചയച്ച ആവർത്തിച്ചുള്ള പേരുകൾ സുപ്രീം കോടതി കൊളീജിയം തന്നെ ഉപേക്ഷിച്ചതിന്റെ രണ്ട് സംഭവങ്ങളുണ്ട് എന്ന് അറ്റോണിജനറൽ ചൂണ്ടിക്കാട്ടി. എന്നാൽ അത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ അത് ആവർത്തിക്കാനുള്ള അവസരമാക്കരുത് എന്ന് കോടതി തിരിച്ചടിച്ചു.കൊളീജിയം സംവിധാനം നിർബന്ധിതമാണെന്ന് വ്യക്തമായി പറയുന്ന ഭരണഘടനാ ബെഞ്ചിന്റെ വിധി അവഗണിക്കാൻ ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ “സർക്കാരിന് ലൈസൻസ്” നൽകില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

ഒരു വിധി വരുമ്പോൾ മറ്റൊരു ധാരണയ്ക്കും ഇടമില്ലെന്നും ബെഞ്ച് വാക്കാൽ പറഞ്ഞു. ഏത് സാഹചര്യത്തിലാണ് കൊളീജിയം നേരത്തെ ആവർത്തിച്ച രണ്ട് പേരുകൾ ഒഴിവാക്കിയതെന്ന് അറിയില്ലെന്ന് വാദത്തിന് ശേഷം നിർദ്ദേശിച്ച ഉത്തരവിൽ ബെഞ്ച് നിരീക്ഷിച്ചു.ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, അഭയ് എസ് ഓക്ക, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ച് ജുഡീഷ്യൽ നിയമനങ്ങളുടെ സമയപരിധി ലംഘിച്ച കേന്ദ്രത്തിനെതിരെ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നം. ബാംഗ്ലൂരിലെ അഡ്വക്കേറ്റ്സ് അസോസിയേഷനാണ് കേന്ദ്രത്തിനെതിരെ കോടതിയലക്ഷ്യ ഹർജി നൽകിയത്. ഇതേ വിഷയവുമായി ബന്ധപ്പെട്ട് 2018ൽ എൻജിഒ സെന്റർ ഫോർ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയും ഇന്ന് കോടതി ലിസ്റ്റ് ചെയ്തിട്ടുണ്ട്.കഴിഞ്ഞ തവണ ബെഞ്ച് ഉന്നയിച്ച ആശങ്കകളെ തുടർന്ന് കേന്ദ്ര സർക്കാരുമായി ചർച്ച നടത്തിയെന്നും പ്രശ്‌നങ്ങൾ “സൂക്ഷ്മമാക്കാൻ” കുറച്ച് സമയം കൂടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും എജി കോടതിയോട് ആവശ്യപ്പെട്ടു.

ഗവൺമെന്റിനെ നിയമപരമായ നിലപാട് ഉപദേശിക്കുന്നതിലും നിയമപരമായ നിലപാട് പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിലും അറ്റോർണി ജനറൽ എന്ന ഏറ്റവും മുതിർന്ന നിയമ ഉദ്യോഗസ്ഥൻ തൻ്റെ കടമ നിർവഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിയമം നടപ്പാക്കാനുള്ള അധികാരം പാർലമെന്റിനാണ്, പക്ഷേ അത് ഈ കോടതിയുടെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാണ്. ഈ കോടതി പുറപ്പെടുവിച്ച നിയമം പാലിക്കേണ്ടത് പ്രധാനമാണ്, അല്ലാത്തപക്ഷം ആളുകൾ അവർക്ക് ശരിയാണെന്ന് കരുതുന്ന നിയമം പിന്തുടരും എന്നും കോടതി വ്യക്തമാക്കി.

സർക്കാരുമായി കൂടുതൽ കൂടിയാലോചനകൾക്ക് ശേഷം കോടതിയിൽ നിലപാട് അറിയിക്കാമെന്ന് അറ്റോർണി ജനറൽ വെങ്കിട രമണിബെഞ്ചിന് ഉറപ്പ് നൽകി.തുടർന്ന് കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കുന്നതിനായി മാറ്റിവെച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News